ആര്‍ ചന്ദ്രശേഖരന്‍  ഫെയ്‌സ്ബുക്ക്
Kerala

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

ഇന്നലെ രാത്രിയാണ് പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. മുന്‍ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പ്രോസിക്യൂഷൻ അനുമതി നൽകിയ കാര്യം അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ ഉത്തരവ് ഹാജരാക്കാൻ രണ്ടു ദിവസം സാവകാശം അനുവദിക്കണമെന്നും എജി ആവശ്യപ്പെട്ടു. ഇത് അം​ഗീകരിച്ച ഹൈക്കോടതി, ഉത്തരവ് അടുത്ത ബുധനാഴ്ചയ്ക്കകം ഹാജരാക്കാൻ നിർദേശിച്ചു. കശുവണ്ടി അഴിമതിക്കേസിലെ കോടതി അലക്ഷ്യ ഹർജി കോടതി അടുത്ത ബുധനാഴ്ച വീണ്ടും പരി​ഗണിക്കും.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന സിബിഐയുടെ ആവശ്യത്തില്‍, അഞ്ചു വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ചന്ദ്രശേഖരൻ പ്രതിയായ കശുവണ്ടി അഴിമതിയില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതില്‍ ഹൈക്കോടതി കോടതി അലക്ഷ്യക്കേസും എടുത്തിരുന്നു. കേസില്‍ ജൂണ്‍ 22 ന് മുന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ജൂലൈ രണ്ടിനകം ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ എ.പി.എം മുഹമ്മദ് ഹനീഷ് നല്‍കിയ മാപ്പപേക്ഷയും ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെ പരാതിക്കാരനായ കടകംപള്ളി മനോജ് സ്വാഗതം ചെയ്തു. 18 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് കടകംപള്ളി മനോജ് അഭിപ്രായപ്പെട്ടു. അഴിമതി നിരോധന നിയമമനുസരിച്ച് കുറ്റപത്രം ഫയല്‍ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കാത്തതിനെതിരെ 2021ല്‍ പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ, ആര്‍ ചന്ദ്രശേഖരന് ഐഎന്‍ടിയുസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും.

കേസിന്റെ പിന്നാമ്പുറം

2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.

വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങിയതിലൂടെ കോർപറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഇതിനുപുറമെ, ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തു. അക്കാലത്ത് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചത് ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് മാത്രമായിരുന്നു. ഇതിനായി ചട്ടങ്ങൾ ലംഘിച്ചതായും ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും ആരോപണമുണ്ട്.

കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ്, ജെഎംജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസും പിന്നീട് 2015ൽ സിബിഐയും കേസ് അന്വേഷിച്ചു. അന്വേഷണത്തിൽ കോർപറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തുകയും 2020ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ ഇടതു സർക്കാർ തയാറായിരുന്നില്ല. പിണറായി വിജയൻ സർക്കാർ മൂന്ന് തവണയാണ് അനുമതി നിഷേധിച്ചത്.

Cashew Development Corporation Corruption: Sanction to Prosecute R. Chandrasekharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ധനബില്‍ ഒളിച്ചുകടത്തി; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നു; മദ്യക്കമ്പനിയെ സഹായിക്കാന്‍ നിര്‍ബന്ധ ബുദ്ധി; സര്‍ക്കാരില്‍ നിന്ന് മോശം അനുഭവം'

തോൽവി നിരാശ, പിന്നാലെ ലൈവ്‍ വാർത്താ സമ്മേളനത്തിനിടെ കോം​ഗോ പരിശീലകൻ കേട്ടത് അച്ഛന്റെ മരണ വാർത്ത (വിഡിയോ)

മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

'നന്ദന'ത്തിലെ കൃഷ്ണന് കല്യാണം; 50-ാം വയസില്‍ വിവാഹിതനായി അരവിന്ദ്

പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും, ഇരുമ്പിന്റെ അഭാവം? തിരുത്തേണ്ടത് ഭക്ഷണക്രമം