സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in ലെ വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകി പേര് തിരയാം. EPIC കാർഡ് നമ്പർ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ അപേക്ഷിക്കുമ്പോൾ ഇവയിലേതാണോ നൽകിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാൽ മാത്രമേ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ.
ഇതു കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനതലത്തിൽ വോട്ടർപട്ടികയിൽ പേരു തിരയാൻ വെബ് സൈറ്റിൽ പ്രവേശിച്ച് വോട്ടർ സർവീസസ് (Voter service) ക്‌ളിക്ക് ചെയ്യണം. അപ്പോൾ സെർച്ച് വോട്ടർ സ്റ്റേറ്റ് വൈസ് (Search Voter Statewise), സെർച്ച് വോട്ടർ ലോക്കൽബോഡി വൈസ് (Search Voter Localbodywise), സെർച്ച് വോട്ടർ വാർഡ് വൈസ് (Search Voter Wardwise) എന്നീ മൂന്ന് ഓപ്ഷനുകൾ സ്‌ക്രീനിൽ തെളിയും. ഇതിൽ സംസ്ഥാനതലത്തിൽ പേര് തിരയാൻ ആദ്യത്തെ സ്റ്റേറ്റ് വൈസ് ഓപ്ഷൻ ക്‌ളിക്ക് ചെയ്യണം. അപ്പോൾ സെർച്ച് ബൈ EPIC / Old SEC id , സെർച്ച് ബൈ New SEC Id എന്നീ രണ്ട് ഓപ്ഷനുകൾ മുകളിൽ ഇടതു വശത്തായി കാണാം. ഇതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ് നമ്പർ, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ പഴയ SEC Id നമ്പർ, പുതിയ SECയും 9 അക്കങ്ങളും ചേർന്ന സവിശേഷ നമ്പർ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്.
ഇനി ലോക്കൽബോഡിവൈസ് ഓപ്ഷൻ ക്‌ളിക്ക് ചെയ്ത് തദ്ദേശസ്ഥാപനതലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും നൽകിയിട്ട് , വോട്ടറുടെ പേരോ, വോട്ടർ ഐഡി കാർഡ് നമ്പരോ (EPIC) , SECയുടെ പഴയതോ, പുതിയതോ ആയ നമ്പരോ എന്റർ ചെയ്ത് പേര് പരിശോധിക്കാം. അതു പോലെ സെർച്ച് വാർഡ് വൈസ് ക്‌ളിക്ക് ചെയ്തും വാർഡ് തലത്തിൽ വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേരും, വോട്ടർ ഐഡി കാർഡ് നമ്പരും കൃത്യമായി നൽകിയാൽ മാത്രമേ പരിശോധനയിൽ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ. ഇരട്ടവോട്ടുണ്ടെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറെ അറിയിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates