തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളോട് സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താല്‍ ജയില്‍ നിങ്ങളെ കാത്തിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പെരിയ ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികള്‍ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവില്‍ സൊസൈറ്റിയില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയ ശേഷമാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പെരിയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. പരോൾ അനുവദിച്ചതിലെ വസ്തുതകൾ സമഗ്രമായി അന്വേഷിക്കാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ ആറ് പ്രതികൾക്ക് 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരായ പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രതികൾക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെയാണ് പ്രതികൾ ജയിലിൽ നിന്ന് ഇറങ്ങിയത്.
രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നതിന്റെ പേരിൽ മാത്രം രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആഭ്യന്തര മന്ത്രി എന്ന നിലയോടൊപ്പം തന്നെ ആ പ്രായത്തിലുള്ള മക്കളുള്ള ഒരു അച്ഛൻ എന്ന നിലയിലെ ധർമ്മം കൂടിയാണ്.
ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികൾ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവിൽ സൊസൈറ്റിയിൽ തെറ്റായ സന്ദേശം നൽകുന്നതാണ്.
പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിന്.
നമുക്ക് നന്നായി രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates