കേരളത്തില്‍ ഉള്‍പ്പെടെ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന് പിന്നിലെ പ്രധാന കാരണം ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളെന്ന് ഡോ. അരുണ്‍ സക്കറിയ. മനുഷ്യ വന്യ ജീവി സംഘര്‍ഷങ്ങള്‍ കാലങ്ങളായി നിലനിന്നിരുന്ന ഒന്നാണ്. നേരത്തെ ഇത്തരം സംഭവങ്ങള്‍ ഒരു പ്രശ്മായിട്ടല്ല, മറിച്ച് ഒരു സ്വാഭാവിക പ്രതിഭാസമായിട്ടാണ് കണ്ടത്. എന്നാല്‍ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റം സംഘര്‍ഷങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും വനം വകുപ്പിലെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായ ഡോ. അരുണ്‍ സക്കറിയ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിലാണ് ഡോ. അരുണ്‍ സക്കറിയ 28 വര്‍ഷത്തെ തന്റെ പ്രവര്‍ത്തന കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചത്.
1980 ന് ശേഷമാണ് കേരളത്തില്‍ മനുഷ്യ - വന്യജീവി സംഘര്‍ഷം ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്. 2009 ന് ശേഷമാണ് വയനാട്ടില്‍ മനുഷ്യ-കടുവ സംഘര്‍ഷങ്ങളുടെ ആഘാതം നേരിട്ട് അനുഭവിക്കാന്‍ ആരംഭിച്ചത്. ഈ മേഖലയില്‍ മാത്രം 190 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആനകളും മനുഷ്യരുമായുണ്ടായ സംഘര്‍ഷങ്ങളില്‍ 99 ശതമാനവും കൊമ്പനാനകളാണ് കാരണക്കാര്‍. ഇതില്‍ മോഴയാനകളും ഉള്‍പ്പെടുന്നുണ്ട്.
ആനകളുടെ പെരുമാറ്റത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാധാരണ തനിച്ച് ജീവിച്ച് വന്നിരുന്ന കൊമ്പനാനകളെ ഇപ്പോള്‍ കൂട്ടങ്ങള്‍ക്കൊപ്പം കാണാം. ഇത്തരത്തില്‍ ഉണ്ടായിട്ടുള്ള സഹകരണം ഇവയുടെ ജീവിത രീതിയില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ വന്യജീവികളുടെ പെരുമാറ്റത്തില്‍ വന്ന മാറ്റവും കാരണമായിട്ടുണ്ടെന്നും ഡോ. അരുണ്‍ സക്കറിയ പറയുന്നു.
കേരളത്തില്‍ എറെ ചര്‍ച്ച ചെയ്യപ്പെട്ട അരിക്കൊമ്പന്‍ ഓപ്പറേഷനെ കുറിച്ചും ഡോ. അരുണ്‍ സക്കറിയ പ്രതികരിച്ചു. അരികൊമ്പനെ പിടികൂടാനുള്ള തീരുമാനം ഹൈക്കോടതി എടുത്തതാണ്. അരികൊമ്പന്‍ അതേ നിലയില്‍ അവിടെ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. കാരണം, അത് ചിലപ്പോള്‍ വിഷപ്രയോഗത്തില്‍ കൊല്ലപ്പെട്ടേക്കാം എന്നാണ് ഡോ. അരുണ്‍ സക്കറിയ പറയുന്നത്. വന്യ ജീവി സംരക്ഷണത്തില്‍ രണ്ട് വിഭാഗങ്ങളുണ്ട്. മൃഗങ്ങളോടുള്ള വ്യക്തിപരമായ താത്പര്യവും ആവാസ വ്യവസ്ഥയുടെ സംരക്ഷണവും രണ്ടും വ്യത്യാസപ്പെട്ട് കിടക്കുന്നു. മൃഗസ്‌നേഹികള്‍ അരികൊമ്പനെ കണ്ടത് അതിനോടുള്ള പ്രത്യേക താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, അതിനെ സംരക്ഷിക്കേണ്ടതിന്റെ ഭാഗത്ത് നിന്നാണ് താനുള്‍പ്പെടെയുള്ളര്‍ വിഷയം പരിഗണിച്ചതെന്നും ഡോ. അരുണ്‍ സക്കറിയ പറയുന്നു.
കേരളത്തിലെ മനുഷ്യരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന കാട്ടാനകള്‍ 45 വയസ് പൂര്‍ത്തിയാക്കില്ലെന്നും ഡോ. അരുണ്‍ സക്കറിയ പറയുന്നു. ഇത്തരം സംഘര്‍ഷ ജീവികള്‍ വളരെ പെട്ടെന്ന് കൊല്ലപ്പെടുംം. വൈദ്യുതാഘാതമേറ്റോ, വെടി, അമ്പ്, വിഷ പ്രയോഗം എന്നിവ ഇവയുടെ മരണങ്ങള്‍ക്ക് കാരണമാകുന്നു. 2008 മുതല്‍, കാട്ടാനകളുടെ ഏകദേശം 526 പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ സാധാരണ മരണങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ മനുഷ്യരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട കാട്ടാനകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ജീവന്‍ നഷ്ടപ്പെടുന്നു എന്നും ഡോ. അരുണ്‍ സക്കറിയ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates