കെഎന്‍ പണിക്കര്‍ 
Kerala

'ഇന്ത്യയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ നേരിട്ട് നിന്ന് എതിര്‍ത്തു; സമൂഹ മനസ്സിലേക്ക് പടര്‍ത്തിയ വെളിച്ചം'

ചരിത്ര വസ്തുതകളെ ഐതിഹ്യങ്ങള്‍ കൊണ്ടും മിത്തുകള്‍ കൊണ്ടും ഊഹാപോഹങ്ങള്‍ കൊണ്ടും പകരം വെച്ച് ചാതുര്‍വര്‍ണ്യ ക്രമത്തെ അതിന്റെ എല്ലാ ജീര്‍ണ്ണതകളോടും കൂടി പുനരുജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരായ നിരന്തര പോരാട്ടം ആയിരുന്നു കെ എന്‍ പണിക്കരുടെ ജീവിതം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യഥാര്‍ഥ മനുഷ്യനെ അടയാളപ്പെടുത്തുന്ന ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ചരിത്രബോധത്തിന്റെ കാവല്‍ക്കാരനായി നിലകൊണ്ട സാംസ്‌കാരിക നായകനായിരുന്നു ഡോ. കെഎന്‍ പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ബഹുസ്വരത, ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ രൂപപ്പെട്ടു വന്നതാണെന്നും അതിന്റെ തകര്‍ച്ച ഇന്ത്യയുടെ തന്നെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അധ്യാപനത്തിലൂടെയും നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം. ഇതാകട്ടെ ഇന്ത്യന്‍ മതനിരപേക്ഷതയെ വര്‍ഗീയതയുടെ കരിമേഘങ്ങള്‍ മൂടിയ ഘട്ടങ്ങളിലെല്ലാം സമൂഹ മനസ്സിലേക്ക് പടര്‍ത്തിയ വെളിച്ചമായി. ഇന്ത്യ എന്താണ് എന്നത് പഠിച്ച് പുതിയ തലമുറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും വക്രീകരണങ്ങള്‍ക്കെതിരെ അവരെ ജാഗ്രതപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രപരമായ ഭൗതികവാദത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സാംസ്‌കാരിക പഠനങ്ങള്‍ നടത്തുന്നതില്‍ ഡി ഡി കൊസാംബിയുടെയും ദേബി പ്രസാദ് ചതോപാധ്യായയുടെയും വഴിയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. ആ ചരിത്ര, സാംസ്‌കാരിക പഠനങ്ങള്‍ ഇന്ത്യയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ഇഞ്ചോടിഞ്ച് നേരിട്ട് നിന്ന് എതിര്‍ത്ത് പോരാടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പോലുള്ള ചരിത്ര പഠന സ്ഥാപനങ്ങളില്‍ നിന്നും അദ്ദേഹവും അദ്ദേഹത്തിന്റെ ചരിത്ര പഠന പദ്ധതികളും പുറത്താവുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ചരിത്ര വസ്തുതകളെ ഐതിഹ്യങ്ങള്‍ കൊണ്ടും മിത്തുകള്‍ കൊണ്ടും ഊഹാപോഹങ്ങള്‍ കൊണ്ടും പകരം വെച്ച് ചാതുര്‍വര്‍ണ്യ ക്രമത്തെ അതിന്റെ എല്ലാ ജീര്‍ണ്ണതകളോടും കൂടി പുനരുജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരായ നിരന്തര പോരാട്ടം ആയിരുന്നു കെ എന്‍ പണിക്കരുടെ ജീവിതം. അന്താരാഷ്ട്ര രംഗത്തെ തലയെടുപ്പോടെ ഉയര്‍ന്ന നിന്ന പ്രശസ്ത ചരിത്രകാരന്മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. മലബാര്‍ കലാപത്തെ അതിന്റെ യഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ച് അതിലെ സ്വാതന്ത്ര്യ സമര കാര്‍ഷിക കലാപ സാമ്രാജ്യത്വവിരുദ്ധ വശങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.

ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് പുന്നപ്ര വയലാര്‍ മുതല്‍ കയ്യൂര്‍ സംഭവം വരെയുള്ള കാര്യങ്ങളെ പുറത്താക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ ചെറുക്കുന്നതിലും സിലബസുകളെ അടക്കം വര്‍ഗീയ വല്‍ക്കരിക്കുന്നതിനെതിരെ പോരാടുന്നതിലും സാംസ്‌കാരിക രംഗത്തെ കാവിവല്‍ക്കരണത്തെ എതിര്‍ക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നേതൃത്വപരമായിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എന്നീ ഔന്നത്യമുള്ള പദവികളില്‍ വിരാജിച്ചിരുന്ന അദ്ദേഹം ദില്ലിയിലെ സാംസ്‌കാരിക രംഗത്ത് മുന്‍നിരയില്‍ ഉണ്ടായിരുന്നു. എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ആകെ നികത്താന്‍ ആകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Chief Minister Pinarayi Vijayan Condoles the Demise of Historian KN Panikkar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീക്ക് കിട്ടും?; പൊലീസിനെതിരെ വിഡി സതീശന്‍

വീട് വാങ്ങാന്‍ പോകുകയാണോ?; സാമ്പത്തിക ഭദ്രതയ്ക്ക് ഇതാ ഒരു ഫോര്‍മുല

'കണ്ണൂരില്‍ മത്സരിക്കും, അതിനെന്താണ് കുഴപ്പം'; ആവര്‍ത്തിച്ച് കെ സുധാകരന്‍

'മകളയല്ല, മുഖ്യമന്ത്രിയെ അല്ലേ വിളിക്കേണ്ടത്?; സ്ത്രീകളോട് മാന്യമായി പെരുമാറണം'

ജെൻസികൾക്ക് ഇടയിൽ ‘ഐസ് ബൗൾ’ തരം​ഗം;​ഗുണവും ദോഷവും നോക്കാം

SCROLL FOR NEXT