തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചെന്ന് കാട്ടി നടന്‍ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ദി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ദ് ഡിസേബിള്‍ഡ് എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പരിഹസിച്ചായിരുന്നു നടന്‍ സലീം കുമാര്‍ രംഗത്തെത്തിയത്.
അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരാള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് ആ പയ്യന്‍ ആരായിരിക്കുമെന്നും അയാള്‍ എവിടെ ആയിരിക്കുമെന്നും സംശയം ഉയര്‍ന്നു. താന്‍ ഈ പയ്യനെ അന്വേഷിച്ച് ചെന്നു. പയ്യനെ കാണാന്‍ പറ്റി. അയാള്‍ ഊളംപാറയിലുള്ള മാനസികാശുപത്രിയിലായിരുന്നു. അവന്റെ അച്ഛനോട് ചോദിച്ചപ്പോള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലെയെന്ന് പറഞ്ഞതോടെ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന മറുപടിയാണ് കിട്ടിയതെന്ന് സലീം കുമാര്‍ പറഞ്ഞു.
വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു വ്യവസായി മൂന്ന് ലക്ഷം കോടി മുടക്കുമെന്ന് അടുത്തിടെ പറയുകയുണ്ടായി. ആ വ്യവസായിയെ അന്വേഷിച്ച് ചെന്നപ്പോള്‍ അയാള്‍ ഊളംപാറയില്‍ ആ പയ്യന്‍ കിടക്കുന്ന അടുത്ത വാര്‍ഡിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണെന്നും സലീം കുമാര്‍ പരിഹസിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates