തിരുവനന്തപുരം: പുനഃസംഘടനയുടെ ഭാഗമായി കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റ് തലം മുതല്‍ ഡിസിസി പ്രസിഡന്റ് തലം വരെ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് പ്രത്യേക സംഘടനാ പ്രക്രിയയിലൂടെ ആയിരിക്കുമെങ്കിലും എഐസിസി നേതൃത്വം തുടക്കം കുറിച്ച 'സംഘതന്‍ സൃജന്‍ അഭിയാന്‍' എന്ന സംഘടനാ പുനഃസംഘടന കാംപെയ്‌നിലൂടെയായിരിക്കും 14 പുതിയ ഡിസിസി പ്രസിഡന്റുമാരെയും തെരഞ്ഞെടുക്കുക. ഈ രണ്ട് നടപടികളും ജൂണില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിഡി സതീശന്‍ മന്ത്രിസഭയില്‍ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വന്നത്. അദ്ദേഹത്തോടൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാറും പിസി വിഷ്ണുനാഥും മന്ത്രിസഭയില്‍ ചേര്‍ന്നതോടെ, മൂന്നാമത്തെ വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിലിന് കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നു. കൂടാതെ, നിരവധി കെപിസിസി ഭാരവാഹികള്‍ മന്ത്രിമാരും എംഎല്‍എമാരുമായി മാറിയിട്ടുമുണ്ട്. ഹൈക്കമാന്‍ഡ് കേന്ദ്ര നിരീക്ഷകനെ നിയമിക്കുന്നതോടെ പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകും. 'കേന്ദ്ര നിരീക്ഷകന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് എല്ലാ പ്രമുഖ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,'- ഒരു കെപിസിസി ഭാരവാഹി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അരഡസനോളം പേര്‍ മത്സരരംഗത്തുള്ളതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഈ സ്ഥാനത്തേക്ക് മുന്‍പന്തിയിലുള്ളതെങ്കിലും, ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി എംപി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരും മത്സരരംഗത്തുണ്ട്.
പുനഃസംഘടനയുടെ ഭാഗമായി എംഎല്‍എമാരെയും മന്ത്രിമാരെയും കെപിസിസി ഭാരവാഹി സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത് ഒഴിവാക്കാന്‍ എഐസിസി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തവരെ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും വിവിധ പദവികളിലേക്ക് പരിഗണിക്കുമെന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നു.
വിഡി സതീശന്‍ മുഖ്യമന്ത്രിയായതിന് ശേഷം രൂപപ്പെട്ട പുതിയ അധികാര സമവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രസിഡന്റിനെ പരസ്പര സമ്മതത്തോടെ നിയമിക്കാനും ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.'പുതിയ കെപിസിസി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പില്‍ സതീശന് നിര്‍ണായക സ്വാധീനമുണ്ടാകും. സര്‍ക്കാരും സംഘടനയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ നിലപാട് പാര്‍ട്ടി ഗൗരവമായി എടുക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ശക്തരായ എതിരാളികള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം,'- ഒരു നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതിയ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കേന്ദ്ര നിരീക്ഷകരെ നിയമിക്കാന്‍ എഐസിസി ഒരുങ്ങുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായാണ് എഐസിസി 'സംഘതന്‍ സൃജന്‍ അഭിയാന്‍' ആരംഭിച്ചിരിക്കുന്നത്.
'മഹാരാഷ്ട്ര, ഡല്‍ഹി, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നി നാല് സംസ്ഥാനങ്ങളിലേക്കുള്ള നിരീക്ഷകരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു, അടുത്തത് കേരളമാണ്. നിരീക്ഷകരെ നിയമിച്ചുകഴിഞ്ഞാല്‍, ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിനായി അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും,'- പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
'വിവിധ ബോര്‍ഡ്/കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനവും ജൂണ്‍ ആദ്യവാരം മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകുന്നതോടെ കൂടുതല്‍ വ്യക്തമായ ചിത്രം പുറത്തുവരും,'- മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates