kerala population ai image
Kerala

കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍; ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്

Author : വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഈ സമുദായങ്ങളില്‍ സ്വാഭാവിക വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ വിശകലനം ചെയ്താല്‍ ഈ രണ്ട് സമുദായങ്ങളിലും ജനനവും മരണവും തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിച്ചുവരികയാണെന്നാണ് വ്യക്തമാകുന്നത്.

മരണങ്ങളേക്കാള്‍ കൂടുതല്‍ ജനനങ്ങള്‍ രേഖപ്പെടുത്തുന്ന മുസ്ലീം ജനസംഖ്യ കാരണമാണ് കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളര്‍ച്ചാ നിരക്ക് ഇപ്പോഴും പോസിറ്റീവായി തുടരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2014 മുതല്‍ 2023 വരെയുള്ള വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള ജനന-മരണങ്ങളുടെ കൃത്യമായ എണ്ണം കണക്കിലെടുത്താണ് സ്വാഭാവിക വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ലഭ്യമായ 2023ല്‍ കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളര്‍ച്ചാ നിരക്ക് 0.249% ആയിരുന്നു. 100 പേരില്‍ ജനനങ്ങളില്‍ നിന്ന് മരണം കുറയ്ക്കുമ്പോള്‍ ലഭിക്കുന്നതാണ് സ്വാഭാവിക വളര്‍ച്ചാ നിരക്ക്. ഇതില്‍ ഹിന്ദുക്കളുടേത് -0.115 ശതമാനവും ക്രിസ്ത്യാനികളുടേത് -0.084 ശതമാനവുമാണ്. ഒരു സമുദായത്തിന് ജനനങ്ങളിലൂടെ മാത്രം തങ്ങളുടെ ജനസംഖ്യ നിലനിര്‍ത്താന്‍ (പകരം വെക്കാന്‍) ഇനി സാധിക്കില്ല എന്നാണ് നെഗറ്റീവ് സ്വാഭാവിക വളര്‍ച്ചാ നിരക്ക് അര്‍ത്ഥമാക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നിരക്ക് നെഗറ്റീവാകുന്നത്. ക്രിസ്ത്യാനികള്‍ക്ക് ഇത് മൂന്നാമത്തെ വര്‍ഷവുമാണ്. ഹിന്ദുക്കളുടെ സ്വാഭാവിക വളര്‍ച്ചാ നിരക്ക് 2022ലാണ് ആദ്യമായി നെഗറ്റീവ് ആയത്. -0.080 ശതമാനം. ആതിന് ശേഷം 2023ല്‍ -0.115 ശതമാനമായി വീണ്ടും കുറഞ്ഞു. അതേസമയം ക്രിസ്ത്യാനികള്‍ 2021 മുതല്‍ തന്നെ നെഗറ്റീവ് മേഖലയിലാണ്. -0.095 ശതമാനത്തില്‍ നിന്ന് 2023ല്‍ ഇത് -0.084 ശതമാനമായാണ് കുറഞ്ഞത്.

'ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളാണ് കേരളത്തെ നെഗറ്റീവ് സ്വാഭാവിക വളര്‍ച്ചാ നിരക്കിലേക്ക് നയിക്കുന്നത്. ഈ വിഭാഗങ്ങളിലെ ജനസംഖ്യാ തകര്‍ച്ച പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്ന ക്ലാസ് (ഉപരിവര്‍ഗ്ഗ) സമൂഹങ്ങളില്‍ ആരംഭിച്ചിരുന്നു'- കേരള യൂണിവേഴ്‌സിറ്റിയിലെ ഡെമോഗ്രാഫി (ജനസംഖ്യാശാസ്ത്രം) വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനില്‍ ചന്ദ്രന്‍ എസ് പറയുന്നു.

2041-ഓടെ കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക ജനസംഖ്യാ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആകുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളം പ്രായമായവര്‍ കൂടുതലുള്ള ഒരു സമൂഹമായി മാറുമ്പോള്‍, ആദ്യമായി നെഗറ്റീവ് നിരക്കിലേക്ക് കടന്ന സമുദായങ്ങളായിരിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം നേരിടേണ്ടി വരികയെന്നും അനില്‍ ചന്ദ്രന്‍ പറഞ്ഞു.

മുസ്ലീം സമുദായത്തില്‍ പോസിറ്റീവ് സ്വാഭാവിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അതിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതില്‍ 35 ശതമാനം ഇടിവുണ്ടായി. അതായത് 2014ല്‍ 1.898% ആയിരുന്നത് 2023-ല്‍ 1.229% ആയി കുറഞ്ഞു.

മുസ്ലീം സമുദായവും ഇതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അനില്‍ ചന്ദ്രന്‍ പറയുന്നു. 'മുസ്ലീങ്ങളുടെ ജനനനിരക്കും സ്വാഭാവിക വളര്‍ച്ചാ നിരക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആയി മാറി രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഈ സമുദായവും നെഗറ്റീവ് കണക്കുകള്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

ഹിന്ദു സമുദായത്തില്‍ ജനനങ്ങള്‍ 2014ല്‍ 2,31,031 ആയിരുന്നത് 2023ല്‍ 1,58,399 ആയി കുറഞ്ഞു. ഏകദേശം 31 ശതമാനം ഇടിവ്. ഇതേ കാലയളവില്‍ മരണങ്ങള്‍ 1,50,159ല്‍ നിന്ന് 1,80,971 ആയി ഉയര്‍ന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ ജനനങ്ങള്‍ 32 ശതമാനം കുറഞ്ഞു (83,616ല്‍ നിന്ന് 56,810 ആയി). അതേസമയം മരണങ്ങള്‍ 24 ശതമാനം വര്‍ദ്ധിച്ചു. 2014ല്‍ 50,095 ആയിരുന്നത് 2023-ല്‍ 62,338 ആയി ഉയര്‍ന്നു. എന്നാല്‍ മുസ്ലീം സമുദായത്തില്‍ ജനനങ്ങളില്‍ 19.3 ശതമാനം കുറവുണ്ടായി (2,18,437ല്‍ നിന്ന് 1,76,312 ആയി). ഈ ദശകത്തില്‍ മരണങ്ങള്‍ 28.1 ശതമാനം വര്‍ദ്ധിച്ചു (46,468ല്‍ നിന്ന് 59,541 ആയി). എങ്കിലും, നിലവില്‍ മരണങ്ങളേക്കാള്‍ കൂടുതല്‍ ജനനങ്ങള്‍ ഉള്ളതിനാല്‍ ഈ സമുദായം തല്‍ക്കാലം പോസിറ്റീവ് നിരക്കില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Deaths outpace births among Kerala’s Hindus and Christians as population growth turns negative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

Today's Rashi Phalam June 10| ഏറെ നാളായി അന്വേഷിച്ചിരുന്ന ഒരു വിവരം ലഭിക്കും; വായ്പ അനുവദിച്ചു കിട്ടും

ഫ്‌ലൈറ്റ് ചാര്‍ജ് കൂടുമോ?; വിമാന ഇന്ധന വില വര്‍ധിപ്പിച്ചു

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍, ഹെലികോപ്റ്റര്‍ തകര്‍ത്തതിന് ഇറാനെ ആക്രമിച്ച് യുഎസ്, പെരുമഴ തുടരും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

SCROLL FOR NEXT