Ramesh Chennithala, Deepa Das Munshi, V D Satheesan ഫയൽ
Kerala

'ഒരു യോഗത്തിനും വരില്ല, ഈ പോക്ക് കോണ്‍ഗ്രസിന് ദോഷം ചെയ്യും'; വിമര്‍ശനവുമായി ദീപാദാസ് മുന്‍ഷി, പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് സതീശന്‍

കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്കെതിരെ മുതിർന്ന നേതാക്കൾ‌ ഹൈക്കമാൻഡിനെ പരാതി അറിയിച്ചു

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹി ഇന്ദിരാഭവനില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാക്‌പോരുണ്ടായി. രാഹുല്‍ ഗാന്ധി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വിഡി സതീശന്റെ പേരെടുത്ത് പറയാതെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കെപിസിസി വിളിക്കുന്ന നിര്‍ണായക യോഗങ്ങള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിവാക്കുന്ന ഒരു പ്രത്യേക നേതാവിന്റെ ശീലം സംഘടനയ്ക്ക് വലിയ നഷ്ടം വരുത്തിയെന്ന് ദീപാദാസ് മുന്‍ഷി അഭിപ്രായപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയുടെ തുറന്നുപറച്ചില്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാനത്തു നിന്നുള്ള നേതാക്കളെ അത്ഭുതപ്പെടുത്തി.

ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും, എല്ലാ നേതാക്കളും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടുവെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാവ് വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യോഗത്തില്‍ ആരും വി ഡി സതീശനെ പിന്തുണച്ചില്ല. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള നേതാക്കളായ സണ്ണി ജോസഫ്, വിഡി സതീശന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം ചുമതലയേറ്റതിനുശേഷം തന്നെ സംഘടനാ തീരുമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗത്തില്‍ ആരോപിച്ചു. അടുത്തിടെ പ്രഖ്യാപിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കുമ്പോള്‍ തന്നോട് ആലോചിച്ചിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു. പുതിയ കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിച്ചപ്പോള്‍ കൂടിയാലോചിച്ചില്ല എന്നായിരുന്നു സതീശന്റെ പരാതി. എന്നാല്‍ ഈ ആരോപണം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിഷേധിച്ചു.

കെപിസിസി ഭാരവാഹി പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് സതീശനെ രണ്ടോ മൂന്നോ തവണ ബന്ധപ്പെട്ടിരുന്നുവെന്ന് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കളും മുന്‍ കെപിസിസി പ്രസിഡന്റുമാരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുമായും മതിയായ കൂടിയാലോചന നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ നേതാക്കള്‍ക്കിടയില്‍ ഐക്യം വേണമെന്ന് പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി കേരള നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഖാര്‍ഗെയും രാഹുലുമായുള്ള പ്രത്യേക കൂടിക്കാഴ്ചകളില്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ സംഘടനാ കാര്യങ്ങളില്‍ നടത്തുന്ന അമിതമായ ഇടപെടലിനെക്കുറിച്ച് സംസ്ഥാന നേതാക്കള്‍ പരാതിപ്പെട്ടു. പുതിയ കെ പി സി സി പ്രസിഡന്റിന്റെ അനുഭവക്കുറവ് മൂവരും മുതലെടുക്കുകയാണെന്നാണ് ആക്ഷേപം.

സംസ്ഥാന നേതൃത്വത്തിനുള്ളിലെ അനൈക്യം കണക്കിലെടുത്ത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാന്‍ എ ഐ സി സി തീരുമാനിച്ചു. നിലവിലുള്ള ജംബോ കമ്മിറ്റികളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ സമിതി ചെറുതായിരിക്കും. കെ പി സി സി പ്രസിഡന്റ്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, വര്‍ക്കിങ് പ്രസിഡന്റുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പുതിയ കോര്‍ കമ്മിറ്റിയില്‍ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം നേതൃയോഗത്തിലുണ്ടായ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ദീപ ദാസ് മുന്‍ഷിയും സതീശനും വിഡി സതീശനും കൂട്ടാക്കിയില്ല.

Congress high command warns Opposition leader VD Satheesan for non-cooperation with state Congress leadership.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT