നയന്റെ പുസ്തക പ്രകാശനത്തില്‍ നിന്ന്  Screen grab
Kerala

മുഖ്യമന്ത്രിക്ക് ആ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാമായിരുന്നു; കുറിപ്പ്

'Facilitated communication' എന്ന 'കപടവിദ്യ' ആണ് ഇവിടെ പ്രയോഗിക്കപ്പെടുന്നതെന്നും ഡോക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: ഓട്ടിസം എന്ന വെല്ലുവിളിയെ സര്‍ഗാത്മകത കൊണ്ടു മറികടന്ന കൊട്ടാരക്കര പുത്തൂര്‍ സ്വദേശി നയന്‍ എന്ന എഴുത്തുകാരന്റെ സൃഷ്ടികളില്‍ സംശയം ഉന്നയിച്ച് ഡോക്ടറുടെ കുറിപ്പ്. നയന്റെ പേരില്‍ വന്നിരിക്കുന്ന പുസ്തകങ്ങളില്‍ ഉള്ളതെല്ലാം അദ്ദേഹത്തിന്റെ അമ്മയുടെ ആശയങ്ങള്‍ മാത്രമാകാനേ സാധ്യതയുള്ളൂവെന്നും അമ്മയുടെ നിര്‍ദേശമനുസരിച്ച് ഓരോ അക്ഷരമായി ടൈപ്പ് ചെയ്യുക എന്നതേ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് സാധ്യമാകൂ എന്നതാണ് വസ്തുതയെന്നും ഡോക്ടര്‍ പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഓടിസ്റ്റിക് എഴുത്തുകാരനാണ് നയന്‍. 'Facilitated communication' എന്ന 'കപടവിദ്യ' ആണ് ഇവിടെ പ്രയോഗിക്കപ്പെടുന്നതെന്നും ഡോക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. നയന്‍ എഴുതിയ പുസ്തകം മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി ഈ സദുദ്ദേശപരമായി ആണ് പരിപാടിയില്‍ പങ്കെടുത്തതെങ്കിലും ഇത് ഒഴിവാക്കാമായിരുന്നുവെന്നും ഡോക്ടറുടെ കുറിപ്പിലുണ്ട്.

സമൂഹം കൂടുതല്‍ കരുതലോടെയും കരുണയോടെയും ശാരീരിക, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന സഹജീവികളെ ചേര്‍ത്തു പിടിക്കണം. ഇത്തരം പ്രകടനങ്ങള്‍ അതിന്റെ നേര്‍ വിപരീതമാണ്. അവരോടുള്ള ക്രൂരതയാണ്. ഏറ്റവും സ്‌നേഹപൂര്‍വമാണ് ചെയ്യുന്നത്, രക്ഷിതാക്കളാണ് ചെയ്യുന്നത് എന്നതുകൊണ്ട് പീഡനം അല്ലാതാകുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ഓര്‍ത്തോ പീഡിക് സര്‍ജന്‍ ആണ് ഡോ. സി വിശ്വനാഥന്‍.

കഥ, കവിത, തത്വചിന്ത, ബഹുഭാഷാ പരിചയം എന്നിങ്ങനെ നയന്‍ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍ സര്‍ഗാത്മകതയ്ക്കുള്ള പുരസ്‌കാരത്തിനും നയന്‍ അര്‍ഹനായിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ക്കും നയന്‍ അര്‍ഹനായിട്ടുണ്ട്. കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയും ബിസിനസുകാരനുമായ സി കെ ശ്യാമിന്റേയും വീട്ടമ്മയായ പ്രിയങ്കയുടേയും ഇളയ മകനാണ് നയന്‍. സംസാരിക്കാനോ എഴുതാനോ നയന് കഴിയില്ല. പക്ഷേ, ലാപ്‌ടോപും മൊബൈല്‍ ഫോണും ഉപയോഗിക്കും.

കഥ, കവിത, റിപ്പോര്‍ട്ടുകള്‍, തത്ത്വചിന്ത എന്നിവയടങ്ങിയ 'ജേര്‍ണി ഓഫ് സോള്‍' എന്ന സമാഹാരവും വിവിധ വിഷയങ്ങളെക്കുറിച്ചും ലോകത്തിലെ വിശേഷ വ്യക്തിത്വങ്ങളെക്കുറിച്ചും ചോദ്യോത്തരരൂപത്തിലുള്ള 'ടു ഫൈന്‍ യൂണിവേഴ്സ്' എന്ന ഗ്രന്ഥവും നയന്‍ രചിച്ചിട്ടുണ്ട്. ഇതു കൂടാതെ 'സൈലന്റ് ഇന്‍ മൊബൈല്‍' എന്ന ഹ്രസ്വചിത്രത്തിനു തിരക്കഥയെഴുതുകയും ആത്മകഥാസ്വഭാവമുള്ള 'റൈസ് ഓട്ടിസം' എന്ന ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. ഒരു ഭാഷയും പഠിച്ചിട്ടില്ലാത്ത നയന്‍ ജര്‍മ്മന്‍, ഫ്രഞ്ച് ഉള്‍പ്പെടെയുള്ള 22 ഭാഷകളില്‍ വിദഗ്ദ്ധര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ലാപ്ടോപ്പിലൂടെ ഉത്തരം നല്‍കിയിട്ടുണ്ട്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ 'ഉജ്ജ്വലബാല്യം' പുരസ്‌കാരം നയനെത്തേടിയെത്തിയിരുന്നു. ഇന്‍ക്രെഡിബിള്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ വേള്‍ഡ് യങ്ങസ്റ്റ് ഓട്ടിസ്റ്റിക് ചൈല്‍ഡ് ഫിലോസഫര്‍ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.

ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നയൻ എന്ന ഓട്ടിസ്റ്റിക് വ്യക്തി എഴുതിയ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു സംസാരിക്കുന്ന വാർത്ത കണ്ടു.

അപ്രിയമായ ഒരു അഭിപ്രായം പറയട്ടെ. നയനിൻ്റെ പേരിൽ ഇന്നോളം വന്നിരിക്കുന്ന പുസ്തകങ്ങളിൽ ഉള്ളതെല്ലാം അദ്ദേഹത്തിൻ്റെ അമ്മയുടെ ആശയങ്ങൾ മാത്രമാവാനേ സാധ്യതയുള്ളൂ. അമ്മയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോ അക്ഷരമായി ടൈപ്പ് ചെയ്യുക എന്നതേ ഇക്കാര്യത്തിൽ അദ്ദേഹത്തിന് സാധ്യമാകൂ എന്നതാണ് വസ്‌തുത.

Facilitated communication എന്ന "കപടവിദ്യ" ആണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. എന്താണ് ഇതെന്നതിനെക്കുറിച്ച് വിക്കിപീഡിയ ലേഖനത്തിലെ ആദ്യ ഭാഗം ഉദ്ധരിക്കാം:

"Facilitated communication (FC), or supported typing, is a scientifically discredited technique that claims to allow non-verbal people, such as those with autism, to communicate. The technique involves a facilitator guiding the disabled person's arm or hand in an attempt to help them type on a keyboard or other such device that they are unable to properly use if unfacilitated."

മുഖ്യമന്ത്രി ഉത്തമ വിശ്വാസത്തിലും സദുദ്ദേശപൂർവവുമാണ് ഈ പരിപാടിയിൽ പങ്കാളിയായത് എന്നതിൽ തർക്കമില്ല. എങ്കിലും ഇത് ഒഴിവാക്കേണ്ടതായിരുന്നു.

ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന നമ്മുടെ സഹജീവികളെ സമൂഹം കൂടുതൽ കരുണയോടെയും കരുതലോടെയും ചേർത്തുപിടിക്കണം. ഇത്തരം പ്രകടനങ്ങൾ അതിൻ്റെ നേർ വിപരീതമാണ്. അവരോടുള്ള ക്രൂരതയാണ് 🙁 . ഏറ്റവും സ്നേഹപൂർവമാണ് ചെയ്യുന്നത്, രക്ഷിതാക്കളാണ് ചെയ്യുന്നത് എന്നതുകൊണ്ട് പീഡനം അതല്ലാതാകുന്നില്ല.

നിസ്സഹായതയുടെയും നിരാശയുടെയും കടലിലൂടെയുള്ളൊരു നീന്തലാണ് ബൗദ്ധിക വെല്ലുവിളികളുള്ള വ്യക്തികളുടെ കുടുംബങ്ങളുടെ ജീവിതം. കിട്ടുന്ന ഏതൊരു കച്ചിത്തുരുമ്പും അവർ ആശ്രയമാക്കും. അസ്ഥാനത്തു മിന്നുന്ന ഓരോ വെളിച്ചവും അവരെ തെറ്റായ ദിശയിലേക്ക് നീന്തിത്തുഴയിക്കും, കുഴയിക്കും . ഏറ്റവും ശാസ്ത്രീയവും ഏറ്റവും കൃത്യവും ഏറ്റവും ആശ്രയയോഗ്യവുമായ സഹായങ്ങൾ അവർക്ക് കിട്ടണം , മറിച്ചുളളതൊന്നും അവരിൽ എത്താതിരിക്കണം എന്നത് സമൂഹത്തിന് വേണ്ടൊരു കരുതലാണ്.

മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ സഹായികളും ഭാവിയിലെങ്കിലും ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കുന്നു .

പ്രത്യേകശ്രദ്ധക്ക്: ഈ പോസ്റ്റിൻ്റെ കമൻ്റ് ബോക്സ് ഇപ്പോൾ ഓപ്പൺ ആണ്. മോശമായ/ അക്രമാസക്തമായ കമൻ്റുകൾ നീക്കും. അവരെ ബ്ലോക്ക് ചെയ്യും. ആവശ്യമെന്നു തോന്നിയാൽ കമൻ്റ് ബോക്സ് അടച്ചിടുകയും ചെയ്യും.

The Chief Minister could have avoided attending that event: Doctor raises doubts about autistic writer Nayan's creations in a online post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സര്‍ക്കാര്‍

വയനാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി

ഗ്ലാസ്‌ഗോയില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം