റോപ് വേ  file
Kerala

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്ക് റോപ് വേ; നിര്‍ദേശവുമായി ഇ ശ്രീധരന്‍

മെട്രോ സംവിധാനത്തിനുള്ള ചെലവിന്റെ മൂന്നിലൊന്ന് തുക മാത്രമേ റോപ് വേ സംവിധാനത്തിന് ആവശ്യമായി വരൂ എന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി

Author : വർഷ സോമരാജ്
Edited By : Jayakumar

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതത്തിരക്കേറിയ റോഡുകള്‍ക്ക് പകരം, യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്കും തിരിച്ചും റോപ് വേയിലൂടെ സഞ്ചരിക്കാന്‍ സാധിച്ചാലോ?. അത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി മെട്രോ മാനേജിങ് ഡയറക്ടറായ മെട്രോമാന്‍ ഇ ശ്രീധരന്‍. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ആര്‍ബന്‍ റോപ് വേ സംവിധാനം കൊച്ചിക്ക് ആവശ്യമാണെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്.

കൊച്ചി നഗരത്തിന്റെ ഭാവി പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഗതാഗതക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മട്ടാഞ്ചേരിയും വില്ലിംഗ്ടണ്‍ ഐലന്‍ഡും വഴി മഹാരാജാസ് കോളജിലേക്ക് ഒരു 'അര്‍ബന്‍ റോപ് വേ' സ്ഥാപിക്കണമെന്ന ആശയമാണ് ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് വ്യാഴാഴ്ചയാണ് ഇ ശ്രീധരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്.

'മണിക്കൂറില്‍ 5,000 മുതല്‍ 6,000 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നതും, മെട്രോ സംവിധാനം സ്ഥാപിക്കാന്‍ ആവശ്യമായ വീതി റോഡുകള്‍ക്കില്ല എന്നതും അര്‍ബന്‍ റോപ് വേകളെ കൂടുതല്‍ അനുയോജ്യമായ മാര്‍ഗ്ഗമാക്കി മാറ്റുന്നു.' കത്തില്‍ ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. മെട്രോ സംവിധാനത്തിനുള്ള ചെലവിന്റെ മൂന്നിലൊന്ന് തുക മാത്രമേ റോപ് വേ സംവിധാനത്തിന് ആവശ്യമായി വരൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൊളീവിയ, മെക്‌സിക്കോ എന്നിവിടങ്ങളിലെയും അടുത്തിടെ പൂര്‍ത്തിയായ വാരണാസിയിലെയും റോപ് വേ സംവിധാനങ്ങളെ ഉദാഹരണമായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ മൂന്നാമതൊരു മെട്രോ ലൈന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുന്‍പ്, വാരണാസിയിലെ റോപ് വേ സംവിധാനം നേരിട്ട് കണ്ട് പഠിക്കാന്‍ കെഎംആര്‍എല്‍-ന്റെ സാങ്കേതിക വിഭാഗം ഡയറക്ടറെ അങ്ങോട്ടേക്ക് അയക്കണമെന്ന് ശ്രീധരന്‍ നിര്‍ദ്ദേശിച്ചു. ബൊളീവിയയിലും മെക്‌സിക്കോയിലും സമാനമായ സന്ദര്‍ശനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു.

നെടുമ്പാശ്ശേരി വഴി ആലുവ-അങ്കമാലി മെട്രോ പാത നീട്ടാനുള്ള നിര്‍ദ്ദേശത്തോട് ശ്രീധരന്‍ വിയോജിക്കുന്നു. ഈ പദ്ധതി അഭികാമ്യമല്ല എന്നാണ് ശ്രീധരന്‍ അഭിപ്രായപ്പെട്ടത്. വിമാനത്താവളത്തെ ബന്ധിപ്പിക്കാന്‍ മറ്റ് റെയില്‍ സംവിധാനങ്ങള്‍ കൂടി ആസൂത്രണം ചെയ്തിട്ടുള്ളതിനാല്‍, മെട്രോ പാത നീട്ടുന്നത് യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ വലിയ വെല്ലുവിളി നേരിട്ടേക്കാം. പകരം, ദേശീയപാത ബൈപാസിലൂടെ അരൂരില്‍ നിന്ന് ഇടപ്പള്ളി വഴി വരാപ്പുഴയിലേക്ക് ഒരു എലിവേറ്റഡ് മെട്രോ ലൈന്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഇ ശ്രീധരന്‍ കെഎംആര്‍എല്ലിനോട് നിര്‍ദ്ദേശിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദക്ഷിണ റെയില്‍വേ ആരംഭിക്കുന്ന പുതിയ റെയില്‍വേ സ്റ്റേഷനും, തൃപ്പൂണിത്തുറയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും വിമാനത്താവളത്തിലേക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) നിര്‍ദ്ദേശിച്ചിട്ടുള്ള അതിവേഗ റെയില്‍ പാതയും ശ്രീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അതിവേഗ പാതയില്‍ യാത്രയ്ക്ക് 10 മിനിറ്റ് സമയം മാത്രമേ എടുക്കൂ. ഏകദേശം 100 രൂപയായിരിക്കും യാത്രാക്കൂലി. ഈ രണ്ട് അധിക സൗകര്യങ്ങളും നിലവില്‍ വന്നാല്‍ മെട്രോ പാതയില്‍ യാത്രക്കാര്‍ ഉണ്ടാകില്ല എന്നതാണ്, ആലുവ-അങ്കമാലി മെട്രോ നീട്ടല്‍ അനാവശ്യമാണെന്ന് പറയുന്നതിനുള്ള കാരണമായി ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്.

വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്റ്റിവിറ്റിയുടെ സാമ്പത്തിക ലാഭക്ഷമതയെക്കുറിച്ചും ശ്രീധരന്‍ ആശങ്ക പ്രകടിപ്പിച്ചു. 60,000-ത്തിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടും, വിമാനത്താവളം ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ പാത പ്രവര്‍ത്തന ലാഭം നേടിയിരുന്നില്ലെന്ന്, ഡിഎംആര്‍സിയിലെ പ്രവര്‍ത്തന അനുഭവം ചൂണ്ടിക്കാട്ടി ശ്രീധരന്‍ പറയുന്നു.

'സിവില്‍, ട്രാക്ക് ജോലികള്‍ക്കുള്ള മുഴുവന്‍ തുകയും DMRC ആണ് വഹിച്ചിരുന്നത്; ട്രെയിനുകള്‍ (റോളിംഗ് സ്റ്റോക്ക്), സിഗ്‌നലിംഗ്-ടെലികോം (S&T), ഓവര്‍ഹെഡ് ഇലക്ട്രിഫിക്കേഷന്‍ (OHE) എന്നിവയ്ക്കുള്ള ചെലവ് മാത്രമാണ് ഓപ്പറേറ്റര്‍ വഹിച്ചത്. എന്നിട്ടും ഡിഎംആര്‍സിക്ക് പ്രവര്‍ത്തന ലാഭം നേടാനായില്ല. അതുകൊണ്ടു തന്നെ വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത നീട്ടല്‍ കെഎംആര്‍എല്ലിന് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും.' ശ്രീധരന്‍ പറഞ്ഞു.

പകരം, കൊച്ചിയുടെ മൂന്നാമത്തെ മെട്രോ പാതയായി, ദേശീയപാത ബൈപ്പാസ് വഴി അരൂരില്‍ നിന്ന് ഇടപ്പള്ളിയിലൂടെ വരാപ്പുഴയിലേക്ക് ഉയര പാതയിലുള്ള (elevated) ഒരു മെട്രോ ഇടനാഴി നിര്‍മ്മിക്കണമെന്ന് ശ്രീധരന്‍ നിര്‍ദ്ദേശിച്ചു. ഈ കത്തിന്റെ പകര്‍പ്പ് ഇ ശ്രീധരന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.

E Sreedharan proposes urban ropeway in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 കോടിയുടെ ഭാഗ്യവാൻ ആര്? തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ: റെക്കോർഡ് വിൽപന; 89.85 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡില്‍ സുരുചി സിങ്- കമല്‍ജീത് സഖ്യത്തിന് നേട്ടം

ഏജന്റിനെകൊണ്ട് പരാതി കൊടുപ്പിച്ച് കൈക്കൂലി വാങ്ങി, കോര്‍പ്പറേഷന്‍ ഓവര്‍സിയറും ഏജന്റും പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി; താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ നീണ്ടനിര