തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു. എഴുത്തുകാരിയും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകയും വയോജന കമ്മീഷന്‍ അംഗവുമാണ്. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വനിതാ കമ്മീഷന്‍ മുന്‍ അംഗമായിരുന്നു. വനിതാ കമ്മീഷന്‍ അംഗമായിരുന്നപ്പോള്‍ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്സിലായിരുന്നു താമസം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവര്‍ത്തനത്തിലൂടെയുമാണ് ശ്രദ്ധേയയായത്. ഇ എം എസിനെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന 'ഇ എം എസ്- മകളുടെ ഓര്‍മകള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഇ എം എസിന്റെ ജീവിതത്തെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കൃതിയാണിത്.
വനിതാ കമ്മീഷനിലെയും വയോജന കമ്മീഷനിലെയും പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഭര്‍ത്താവ്: സി കെ ഗുപ്തന്‍ (മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്). മകന്‍: സിദ്ധാര്‍ഥ് ഗുപ്തന്‍. മരുമകള്‍: സ്‌നേഹപ്രിയ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates