പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍. 2024 ല്‍ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറില്‍ ഒറ്റയ്ക്ക് കാണണമെന്ന് പറയുന്നതിന്റെ ലോജിക് എന്താണെന്ന്, രാഹുലിന്റെ സുഹൃത്തായ ഫെന്നി സമൂഹമാധ്യമക്കുറിപ്പില്‍ ചോദിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്, മുഖ്യധാര മാധ്യമങ്ങള്‍ അവസരം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു കാര്യത്തിന്റെ ഇരുവശവും പറയാനുള്ള അവസരം നിഷേധിച്ച മാധ്യമങ്ങളുടെ സമീപനം ശരിയാണോയെന്ന് അവര്‍ പരിശോധിക്കട്ടെ. ഫെയ്‌സ്ബുക്ക് പോസ്റ്റിനു ശേഷം കടുത്ത സൈബര്‍ ആക്രമണമാണ് ഇടതുകേന്ദ്രങ്ങളില്‍ നിന്നും നേരിട്ടതെന്നും' ഫെന്നി നൈനാന്‍ പറയുന്നു.
'രണ്ടുമാസം മുന്‍പ്, രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നാണ് പറഞ്ഞത്. രാഹുലിനെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും, എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു'. ഫെന്നി നൈനാന്‍ കുറിപ്പില്‍ പറയുന്നു.
ഫെന്നി നൈനാന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രാഹുൽ എംഎൽഎയുടെ വിഷയത്തിൽ എൻ്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് ഞാൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ ഞാൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിൻ്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ.
തുടർന്ന് ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. എന്നെയും എൻ്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊൾ കാര്യങ്ങൾ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു.
2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ " I prefer his flat , safe place, night aayalum kuzhappamilla" എന്നു അവർ പറഞ്ഞതിൻ്റെ തെളിവുകൾ എൻ്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാൻ പറഞ്ഞത്.
2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ് ?
എല്ലാവർക്കും ബോധ്യമാകാൻ വേണ്ടി ഞാൻ ആ സ്ക്രീൻ ഷോട്ടുകൾ ഇവിടെ പങ്ക് വയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates