നോവലിന്റെ പേരില്‍ ഉയര്‍ന്ന പരാതിയുടെയും കക്കുകളി നാടക വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് കാലാവധിക്കു മുമ്പേ വിരമിച്ചതായി എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ. തന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തവരുടെ ലക്ഷ്യമെന്ന് നൊറോണ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പരാതി കൊടുത്തവരെട മുന്നില്‍ തോല്‍ക്കാന്‍ വയ്യ. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പ്രിമെച്വര്‍ ആയി വിരമിച്ചതായി നൊറോണ അറിയിച്ചു.
കുറിപ്പു വായിക്കാം:
പ്രിയരെ,
ഇന്നലെ (31.3.2023) ഞാന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ചുള്ള കുറിപ്പുകളും, കുറേയധികം ആളുകളുടെ അന്വേഷണവും വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്..
പ്രീമെച്വര്‍ ആയിട്ടാണ് സര്‍വ്വീസ് അവസാനിപ്പിച്ചത്. ഞാന്‍ വളരെയധികം ആലോചിച്ചെടുത്ത തീരുമാ നമാണിത്.. അതില്‍ തന്നെ ഉറച്ചു നില്‍ക്കേണ്ടതിനാലാണ് രണ്ടുമൂന്നു സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും പറയാതിരുന്നത്..
ഇന്നലെ(31.3.23) ഓഫീസില്‍ വെച്ചു നടന്ന വിരമിക്കല്‍ ചടങ്ങുകളുടെ ഫോട്ടോയൊടൊപ്പം ഈ വിവരം ചില വാട്‌സപ്പ് ഗ്രൂപ്പുകളില്‍ എത്തിയിരുന്നു.. തുടര്‍ന്നാണ് ആളുകള്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി യത്.. ഇപ്പോള്‍ പല രീതിയില്‍ അതിനെ വ്യാഖ്യാനം ചെയ്യുന്നതിനാല്‍ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു..
മാസ്റ്റര്‍പീസ് എന്ന നോവലിനെതിരെ നല്‍കിയ പരാതിയുടെ അന്വേണവുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.. ഒരു Rectification നല്‍കിയിട്ട് ജോലിയില്‍ തുടരാനാണ് മേലധികാരികള്‍ പറഞ്ഞത്.. കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ലെന്ന് നിങ്ങള്‍ക്കും അറിയാമല്ലോ. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോള്‍ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു... എഴുത്തില്ലെങ്കില്‍ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നത് ബുദ്ധിമുട്ടാണ്..
വളരെ ശാന്തമായി ഞാനിതെല്ലാം പറയുന്നെങ്കിലും അങ്ങനെയൊരു തീരുമാനത്തില്‍ എത്താന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ആരാണ് പരാതി കൊടുത്തത് എന്നതിനേക്കാള്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആശങ്ക... മാസ്റ്റര്‍പീസ് അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് ഞാനതില്‍ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചരിക്കുന്നു. എന്റെ കഥാപാത്രം അനുഭവിച്ച കൊടിയ വേദനയിലേക്കും ഏകാന്തതയിലേക്കും ഞാനും അകപ്പെടുന്നതുപോലെ..
എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് എഴുത്തായിരുന്നു മാസ്റ്റര്‍പീസ്.. അതു വായിച്ചിട്ട് ആര്‍ക്കാവും മുറിവേറ്റത്.. എന്തിനാവും അവരത് ചെയ്തത്.. എന്റെ ഉറക്കംപോയി.. ഞാനൊരാവര്‍ത്തി കൂടി മാസ്റ്റര്‍പീസ് വായിക്കാനെടുത്തു..
ഏറ്റവും അടുത്ത ഒന്നു രണ്ടു സുഹൃത്തക്കളോട് വിവരം പറഞ്ഞു.. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നത് കണ്ടതോടെ ഞാന്‍ തകര്‍ന്നു.. കേട്ട പേരുകളെല്ലാം ഞാന്‍ ബഹുമാനത്തോടെ മനസ്സില്‍ കൊണ്ടു നടന്നവര്‍..
രാത്രി ഉറങ്ങാനായില്ല.. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്.. അവരെന്റെ അന്നം മുടക്കി.. അടുത്ത നീക്കം എന്താണെന്ന് അറിയില്ല.. ഇതിന്റേയെല്ലാം തുടര്‍ച്ചപോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു.. ഞാന്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നതുപോലെ..
അറവുതടിക്കുമേലെ പുസ്തകങ്ങള്‍ നിരത്തിയുള്ള കവര്‍ചിത്രവുമായി മാസ്റ്റര്‍പീസ് എന്റെ മേശപ്പുറത്ത് കിടക്കുന്നു.. കുഞ്ഞു കുഞ്ഞു തമാശകളിലൂടെ ഞാന്‍ പരാമര്‍ശിച്ച കുറേ മുഖങ്ങള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു.. എനിക്കെതിരെ പരാതി കൊടുക്കാന്‍ മാത്രം മുറിവ് ഞാന്‍ ഈ പുസ്തകത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കിയോ..
തനിച്ചിരുന്ന് ഈ പ്രതിസന്ധിയെ മാനസീകമായി മറികടക്കാനുള്ള കരുത്തു പതുക്കെ നേടിക്കൊണ്ടി രുന്നു.. എന്റെ മേലധികാരികള്‍ ഉള്‍പ്പെടെ പ്രിയപ്പെട്ട പലരും എന്നെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു..
ഞാന്‍ എഴുതുന്നതെല്ലാം ചിലര്‍ക്ക് പൊള്ളുന്നുണ്ട്.. എന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തുവരുടെ ലക്ഷ്യം.. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയില്‍ ഞാന്‍ ഒതുങ്ങുമെന്ന് അവര്‍ കരുതിയിട്ടുണ്ടാവും..എനിക്ക് പരാതികൊടുത്തവരുടെ മുന്നില്‍ തോല്‍ക്കാന്‍ വയ്യ.. സര്‍ക്കാര്‍ സേവന ത്തില്‍ നിന്നും ഞാന്‍ പ്രീമെച്വര്‍ ആയി ഇന്നലെ വിരമിച്ചു.. ഇതിനായുള്ള പ്രോസീജിയറുകളെല്ലാം വേഗം ചെയ്തു തന്ന എന്റെ മേലധികാരികളോട് ആദരവ്.. എനിക്ക് ആത്മബലം തന്ന പ്രിയ സുഹൃത്തുക്കള്‍ക്ക്, കുടുംബാംഗങ്ങള്‍ക്ക്, വായനക്കാര്‍ക്ക്.. എല്ലാവര്‍ക്കും എന്റെ സ്‌നേഹം..
മാസ്റ്റര്‍പീസിന്റെ താളുകള്‍ക്കിടിയില്‍ എവിടെയോ എന്റെ അജ്ഞാത ശത്രു... വിരുന്നൊരുക്കി വീണ്ടും എന്റെ എഴുത്തുമേശ.. ഞാനെന്റെ പേന എടുക്കട്ടെ..
സ്‌നേഹത്തോടെ
നോറോണ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates