കാസർക്കോട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കുഴൽ വഴി കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗളൂരിൽ എത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് കേരളത്തിലെ അവസാനത്തെ വാൽവ് സ്റ്റേഷനായ മഞ്ചേശ്വരം കൊടലമുഗറു കടന്ന് വാതകം മംഗളൂർക്ക് ഒഴുകിയത്.
കാസർക്കോട്ടെ ചന്ദ്രഗിരിപ്പുഴയ്ക്ക് അടിയിലുടെ തുരങ്കം നിർമിച്ച് 24 ഇഞ്ച് കുഴൽ കടത്തിവിടാനുള്ള ശ്രമം ഓഗസ്റ്റ് മൂന്നിന് തടസപ്പെട്ടതിനാലാണ് പദ്ധതി രണ്ട് മാസത്തോളം നീണ്ടത്. താത്കാലികമായി പുഴയുടെ അടിത്തട്ടിലൂടെ പുതിയ തുരങ്കം നിർമിച്ച് ആറിഞ്ച് കുഴലിട്ടാണ് ഇപ്പോൾ ദൗത്യം പൂർത്തിയാക്കിയിരിക്കുന്നത്. 24 ഇഞ്ച് കുഴലിടുന്നതിലെ തടസ്സം നീക്കാനുള്ള ശ്രമം കരാറുകാരൻ തുടരുന്നുണ്ട്.
മംഗളൂർ കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്‌സ് ആണ് മംഗളൂരുവിൽ ഗെയിൽ പാചകവാതകത്തിന്റെ നിലവിലുള്ള പ്രധാന ഉപഭോക്താവ്. അതുകൊണ്ട് ഗെയിലിന്റെ റിസീവിങ് ടെർമിനൽ അതിനകത്താണ് തയ്യാറാക്കിയിരിക്കുന്നത്. അവിടെ നിന്ന് മറ്റൊരു പ്രധാന ഉപഭോക്താവായ മാംഗ്ലൂർ റിഫൈനറീസിലേക്കുള്ള കുഴലിന്റെ പണി തുടങ്ങിയിട്ടുണ്ട്. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കമ്പനിയുടെ ഭാഗമായുള്ള മാംഗ്ലൂർ പെട്രോകെമിക്കലിലേക്ക് വാതകം എത്തിക്കുന്നതിനുള്ള പദ്ധതിയും വൈകാതെ പൂർത്തിയാക്കും.
പ്രധാന സ്റ്റേഷനായ കൂറ്റനാട് നിന്നാണ് മംഗളൂരുവിലേക്കുള്ള 354 കിലോമീറ്റർ കുഴൽ തുടങ്ങുന്നത്. കൊച്ചിയിൽ നിന്ന് തൃശ്ശൂർ വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മീഷൻ ചെയ്തിരുന്നു. കൂറ്റനാട് നിന്ന് ബംഗളൂരുവിലേക്കുള്ള 525 കിലോമീറ്റർ കുഴൽ നിർമാണം പുരോഗമിക്കുകയാണ്.
ഗെയിൽ കുഴൽ കടന്നു പോകുന്ന വഴിയിലുടനീളം അതിർത്തി രേഖപ്പെടുത്തി മുന്നറിയിപ്പ് സൂചകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുഴൽ സ്ഥാപിച്ച ഭാഗങ്ങളിൽ അനുമതിയില്ലാതെ കുഴിക്കുന്നത് അപകടകരവും ശിക്ഷാർഹവുമാണെന്ന് ഗെയിൽ അധികൃതർ അറിയിച്ചു. നിയന്ത്രിത മേഖലയിൽ നിർമാണ പ്രവർത്തനങ്ങളും കുഴൽക്കിണർ കുഴിക്കുന്നതും വലിയ മരങ്ങൾ നടുന്നതും നിയമ വിരുദ്ധമാണ്.
നിയമ വിരുദ്ധ പ്രവർത്തനങ്ങളോ വാതക ചോർച്ചയോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണം. ഈ നമ്പറുകളിൽ വിളിച്ചാണ് വിവരം അറിയിക്കേണ്ടത്. ടോൾ ഫ്രീ: 15101, ഫോൺ: 1800118430, 0484 2983215, 2983210, 2973059.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates