VD Satheesan സ്ക്രീൻഷോട്ട്
Kerala

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പച്ചക്കള്ളം, കൊള്ളയും കൊലപാതകവും പെരുകി; നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദങ്ങള്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് ക്രമസമാധാനനിലയും കാര്‍ഷികമേഖലയും തകര്‍ന്നു. കൊള്ളയും കൊലപാതകവും പെരുകിയ സംസ്ഥാനമായി കേരളം മാറി. സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമായി. ആരോഗ്യരംഗം മികച്ചതാണ് എന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. യഥാര്‍ഥത്തില്‍ കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്. എല്ലാ ദിവസവും വരുന്ന വാര്‍ത്തകള്‍ അതുതന്നെയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2026ല്‍ മാത്രം 1,26,000 പേരാാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അമീബിക് മസ്തിഷ്‌കജ്വരം അടക്കം ലോകത്തുള്ള എല്ലാ പകര്‍ച്ചവ്യാധികളും ഉള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തില്‍ മയക്കുമരുന്ന് മാഫിയകള്‍ അഴിഞ്ഞാടുകയാണ്. ക്രിമിനല്‍ സംഘങ്ങളും ഉണ്ട്. തെറ്റായ ഡോക്യൂമെന്റാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഒരു സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയില്‍ മുഴച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം. നേരത്തെ കേന്ദ്രത്തില്‍ നിന്ന് 53000 കോടി രൂപ കിട്ടാനുണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നയപ്രഖ്യാപനത്തില്‍ ഇക്കാര്യം ഇല്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറി എന്ന പച്ചക്കള്ളം വീണ്ടും കൊട്ടിഘോഷിക്കുന്നത് കേരളത്തിലെ പാവങ്ങളോടുള്ള അനീതിയാണ്. ആ പ്രഖ്യാപനത്തിന് ശേഷം വീടും ഭക്ഷണവും ഇല്ലാത്ത നിരവധിയാളുകളുടെ കദനകഥകളാണ് പുറത്തുവന്നത്. ആറു ലക്ഷത്തോളം കുടുംബങ്ങള്‍ അതീവ ദരിദ്രരുടെ പട്ടികയില്‍ ഉള്ളപ്പോഴാണ് വളരെ കുറച്ച് ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്ത് കൊണ്ട് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് പറയുന്നത്. ഈ രേഖയ്ക്ക് ഒരു പ്രസക്തിയുമില്ല. തെറ്റായ അവകാശവാദങ്ങളാണ് ഉള്ളത്. പത്തുവര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്തത് ഇനി ചെയ്യും എന്ന് പറയുന്നത് ആരെ വിശ്വസിപ്പിക്കാനാണ്. ഇത് വിശ്വാസ്യത നഷ്ടപ്പെട്ട രേഖയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. ഈ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വിധം മന്ത്രി സജി ചെറിയാന്‍ ഏറ്റവും വലിയ വര്‍ഗീയ വാദം ഉയര്‍ത്തിയിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍ ഇരുത്തി കൊണ്ടാണ് ഈ സര്‍ക്കാര്‍ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നു എന്ന അവകാശവാദം ഉന്നയിക്കുന്നത്. ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയത്. രണ്ടു ജില്ലകളില്‍ ജയിച്ച് വന്നവരുടെ ജാതി നോക്കാനാണ് പറഞ്ഞത്. ഇത് ഭരണഘടനാലംഘനമാണ്. സത്യപ്രതിജ്ഞാലംഘനമാണ്. അദ്ദേഹം അവിടെ ഇരിക്കാന്‍ യോഗ്യനല്ല. ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിച്ചതിന് ഒരു തവണ ഇറങ്ങിപ്പോയതാണ്. പരാമര്‍ശം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അത് തിരുത്തിക്കാനോ തെറ്റാണ് എന്ന് പറയാനോ ആരും തയ്യാറായില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കണ്ടെത്തല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ്. ഒറിജിനല്‍ ഒരു കോടീശ്വരന് വിറ്റു എന്ന പ്രതിപക്ഷ ആരോപണമാണ് ഹൈക്കോടതി ശരിവെച്ചത്. ഇപ്പോള്‍ അവിടെ ഇരിക്കുന്നത് വ്യാജമായി ഉണ്ടാക്കിയതാണ്. പുരാവസ്തു മാഫിയയുമായി ബന്ധപ്പെട്ട് 100 കണക്കിന് കോടിയുടെ കച്ചവടമാണ് നടന്നത്. എസ്‌ഐടി അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ പ്രതികളായി മാറുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസം ഉണ്ട്. അന്വേഷണം നന്നായി നടന്നാല്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാജിവാഹനം ഭരണപക്ഷം ഉയര്‍ത്തുന്നത് സ്വര്‍ണക്കൊള്ള മറയ്ക്കാനാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ യുഡിഎഫ് ഭരണസമിതി ഇരിക്കുമ്പോള്‍ വാജിവാഹനം തന്ത്രിക്ക് കൈമാറിയത് നിയമപരവും താന്ത്രികവിധിപ്രകാരവുമാണ്. യുഡിഎഫ് കാലത്തെ ഇടപാടുകളെല്ലാം കോടതി അറിഞ്ഞ് കൊണ്ടായിരുന്നു. വാജിവാഹനം കൈമാറിയത് കോടതി അംഗീകരിച്ചതാണ്. ഇത് അഡ്വ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

government's false claims in the governor's policy speech; Opposition leader VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമം അറിയാം; രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി; മോദി ഉദ്ഘാടനം ചെയ്യും

'സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍'

റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; നിരീക്ഷണ മേഖലയില്‍ നിന്ന് കവര്‍ന്നത് 73 പവന്‍

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്; അഞ്ച് ടി20 മത്സരങ്ങൾ കളിക്കും

SCROLL FOR NEXT