ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ പരിഗണനയ്ക്കെടുത്തേക്കും, ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ എഫ്സിആർഎ ഭേദഗതി ബിൽ അടക്കം 7 ബില്ലുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പരിഗണനയ്ക്കെടുത്ത് പാസാക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചർച്ചയ്ക്കെടുക്കുന്നത് മാറ്റിവച്ചിരുന്നു. ബില്ലിനെതിരെ ക്രൈസ്തവ സഭകളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നെങ്കിലും ബില്ലിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ഉചിതമായ സമയത്ത് അവതരിപ്പിക്കുമെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു, പുതിയ ബില്ലോ ചട്ടമോ തയാറാക്കുമ്പോൾ സിബിസിഐയുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലായിരിക്കണമെന്നും അഭ്യർഥിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates