സതീശൻ 
Kerala

VD Satheesan Oath Ceremony Live: ജൂൺ 15 മുതൽ കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര

മുഖ്യമന്ത്രിക്കു പുറകെ പികെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ് ആദ്യമായി മന്ത്രി പദവിയിൽ

സമകാലിക മലയാളം ഡെസ്ക്

ഹൈക്കമാന്‍ഡിന് കത്തു നല്‍കി കെ സുധാകരന്‍; തീരുമാനം ഞായറാഴ്ച

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കി.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകില്ലെന്ന് എഐസിസി നിരീക്ഷകൻ അജയ് മാക്കൻ.

എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച വിജയമെന്ന് നിരീക്ഷകനായ മുകുൾ വാസ്നിക്ക്.

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച മുസ്ലീം ലീ​ഗിന്റെ അഭിപ്രായം എഐസിസി നിരീക്ഷകരെ അറിയിച്ചതായി പികെ കുഞ്ഞാലിക്കുട്ടി. തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺ​ഗ്രസ് നിലപാടിനൊപ്പമെന്ന് ആർഎസ്പി എഐസിസി നിരീക്ഷകരെ അറിയിച്ചു.

പേരാവൂരിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം

വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നു ആവശ്യപ്പെട്ട് കണ്ണൂർ പേരാവൂരിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇരിട്ടിയിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

എംഎൽഎമാരുടേയും മുതിർന്ന നേതാക്കളുടേയും ഘടകക്ഷികളുടേയും തീരുമാനം അറിഞ്ഞ ശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് ഡൽഹിക്ക് മടങ്ങും.

നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾക്കു ശേഷം ഹൈക്കമാൻഡ് കേരളത്തിൽ നിന്നുള്ള നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

എഐസിസി തീരുമാനത്തിനൊപ്പമെന്ന് സിഎംപി.

നയിച്ചവർ ഭരിക്കട്ടെ

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നു ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ കൂടുതൽ ഭാ​ഗങ്ങളിൽ പ്രകടനങ്ങളുമായി പ്രവർത്തകർ തെരുവിൽ.

വണ്ടൂർ, തൊടുപുഴ, കുറ്റ്യാടി അടക്കമുള്ള വിവിധയിടങ്ങളിൽ പ്രകടനങ്ങൾ അരങ്ങേറി. പലയിടങ്ങളിലും ഫ്ലക്സും ഉയർന്നിട്ടുണ്ട്. നയിച്ചവർ ഭരിക്കട്ടെ എന്നാണ് പ്രവർത്തകരുടെ മുദ്രാവാക്യം. പടനായകൻ നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകങ്ങൾ.

ഘടകകക്ഷി നേതാക്കളുമായി സതീശന്റെ ചർച്ച

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികൾ നടക്കുന്നതിനിടെ വിഡി സതീശൻ മുസ്ലീം ലീ​ഗ് എംപി ഹാരിസ് ബീരാനുമായും കേരള കോൺ​ഗ്രസ് (ജോസഫ്) എംഎൽഎ തോമസ് ഉണ്ണിയാടനുമായും കേരള കോൺ​ഗ്രസ് (ജേക്കബ്) എംഎൽഎ അനൂപ് ജേക്കബുമായും ചർച്ച നടത്തി.

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഏതെല്ലാം എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടത്. ഇതിന്റെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയാണ് പിന്തുണച്ചത്.

സിറ്റിങ് എംഎല്‍എ തന്നെ മുഖ്യമന്ത്രിയാവണം, ജനവികാരം മാനിക്കണമെന്ന് പിജെ ജോസഫ്‌

വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പുന്തറ കവലയിലാണ് സംഭവം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി കഥാകൃത്ത് ടി പത്മനാഭന്‍

തര്‍ക്കം തുടരുന്നതിനിടെ നേതാക്കള്‍ക്കു മുന്നില്‍ എഐസിസി അനുനയ ഫോര്‍മുല മുന്നോട്ടുവച്ചെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിപദം കിട്ടാത്തയാള്‍ക്ക് ഉപമുഖ്യമന്ത്രിപദവും നിര്‍ണായക വകുപ്പുകളും നല്‍കിയേക്കും

എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി വന്ന ഫോട്ടോയിലുള്ളത് വസ്തുതയല്ലെന്ന് മുകുള്‍ വാസ്‌നിക്‌

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എംഎല്‍എമാരുടെ അഭിപ്രായമാണ് പരിഗണിക്കുകയെന്ന് കേന്ദ്ര നിരീക്ഷകന്‍ അജയ് മാക്കൻ. ഘടകകക്ഷികള്‍ക്ക് ഇതില്‍ റോളില്ലെന്നും അജയ് മാക്കൻ  പറഞ്ഞു.

വിഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയവര്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഇടുക്കി ഡിസിസി

സതീശനായി വീണ്ടും പ്രവർത്തകർ തെരുവിലിറങ്ങി

തിരുവനന്തപുരത്ത് വിഡി സതീശന് അനുകൂലമായി പ്രകടനം. കെപിസിസി വിലക്ക് നിലനിൽക്കെയാണ് കോൺ​ഗ്രസ് പ്രവർത്തകർ വീണ്ടും തെരുവിലിറങ്ങിയത്.

ഫ്‍ലക്സും തെരുവിലെ പ്രകടനവും വേണ്ട

കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ തർക്കം നിലനിൽക്കുന്നതിനിടെ തനിക്കായി തെരുവിലിറങ്ങുകയും ഫ്‍ലക്സ് യുദ്ധം നടത്തുകയും ചെയ്യുന്ന പ്രവർത്തകരോടു അതിൽ നിന്നു പിൻമാറണമെന്നു ആവശ്യപ്പെട്ട് വിഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ അഭ്യർഥന.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം

കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ പ്രവർത്തകർ തെരുവിൽ.

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് പോകും. ഇന്ന് രാത്രിയോടെയാണ് മൂവരും യാത്ര തിരിക്കുന്നത്.

'ഡല്‍ഹിലെത്താന്‍ ആവശ്യപ്പെട്ടു'

‘ദീപ ദാസ്മുന്‍ഷി ഡല്‍ഹിലെത്താന്‍ ആവശ്യപ്പെട്ടു അതനുസരിച്ച് പോകുന്നു. ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും'- രമേശ് ചെന്നിത്തല

കെസിയുടെ വിക്കി പേജ് എഡിറ്റ് ചെയ്തു, പിന്നീട് നീക്കി

മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെ കെസി വേണു​ഗോപാലിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത നിലയിൽ. കെസിയുടെ മലയാളം വിക്കിപീഡിയ പേജിലാണ് എ‍ഡിറ്റിങ് നടന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് സീറ്റുകൾ നഷ്ടപ്പെടാൻ കെസി കാരണക്കാരനായി എന്നാണ് എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. നിലവിൽ കെസിയുടെ പേജിലെ എഡിറ്റ് ഭാ​ഗം ഒഴിവാക്കിയ നിലയിലാണ്. നേരത്തെ വിഡി സതീശന്റെ വിക്കി പേജും ആരോ എഡിറ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രി തര്‍ക്കത്തില്‍ കെസി വേണുഗോപാലിനെ പിന്തുണച്ച് കാന്തപുരം വിഭാഗം. പിന്തുണ അറിയിച്ച് എപി വിഭാഗം ഹൈക്കമാന്‍ഡിനു കത്തയച്ചു.

വിപ്ലവം കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ വിമര്‍ശനമുന്നയിച്ച ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ഡോ. അബ്ദുല്‍ അഹമ്മദിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ആഷിഖ് മന്‍സൂര്‍. ഇന്ത്യന്‍ ജനാധിപത്യം മുല്ലപ്പൂ വിപ്ലവമല്ലെന്നും കോണ്‍ഗ്രസിന്റേയും മലയാളികളുടേയും ചെലവില്‍ വിപ്ലവം നടത്താമെന്നു സ്വപ്‌നം കാണുന്നവര്‍ അടങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ ഫ്ളക്സ് കീറിയവര്‍ കോണ്‍ഗ്രസുകാരല്ലെന്ന് ചാണ്ടി ഉമ്മന്‍

വിഡി സതീശനു വേണ്ടിയുള്ള പ്രകടനത്തില്‍ മറ്റുള്ളവരും കയറിക്കൂടിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കീറിയത് ആവേശത്തില്‍ സംഭവിച്ചതാവാം. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരാവണമെന്നതില്‍ ലീഗിന് അഭിപ്രായം പറയാമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍

അഭിപ്രായം പറയാന്‍ ലീഗിന് അവകാശമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കുന്ന മൂന്നു പേര്‍ക്കും അവരവരുടെ വാദങ്ങള്‍ പറയാം, എന്നാല്‍ തെരുവിലെ പ്രകടനം അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ലീഗ് ഇടപെടുന്നതു ശരിയല്ലെന്ന് ജി സുകമാരന്‍ നായര്‍

എന്‍എസ്എസിന് ആരായാലും പ്രശ്നമില്ല, ലീഗ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതു ശരിയല്ല. കോണ്‍ഗ്രസിന് 63 പേരുണ്ടല്ലോ അവര്‍ തീരുമാനിക്കട്ടെയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരള നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കാണും

വൈകിട്ട് നാലു മണിക്ക് കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂടിക്കാഴ്ച നടത്തും. ഓരോരുത്തരെയും പ്രത്യേകമായും കാണുക.

നേതാക്കളെ അധിക്ഷേപിക്കല്‍ കോണ്‍ഗ്രസ് ശൈലിയല്ലെന്ന് ടി സിദ്ദിഖ്

ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കീറിയത് വേദനാജനകമാണെന്ന് സിദ്ദിഖ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ പൊതുമധ്യത്തില്‍ പരിഹാസ്യമാക്കുന്ന രീതിയില്‍നിന്ന് എല്ലാവരും പിന്‍മാറണമെന്നും സിദ്ദിഖ്.

മുരളീധരനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ ബോര്‍ഡ്

നിയുക്ത മുഖ്യമന്ത്രി കെ മുരളീധരന് അഭിവാദ്യങ്ങള്‍ എന്നാണ് ബോര്‍ഡ്

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കേരള നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കൂടിക്കാഴ്ച ഉടന്‍

കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഖാര്‍ഗെ കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധിയും പങ്കെടുത്തേക്കും

നടക്കുന്നത് സമ്മര്‍ദ തന്ത്രങ്ങളെന്ന് പിജെ കുര്യന്‍

ഫ്ലക്സ് വയ്ക്കുന്നതും പ്രകടനം നടത്തുന്നതുമെല്ലാം സമ്മര്‍ദ തന്ത്രങ്ങളെന്ന് പിജെ കുര്യന്‍. അതുകൊണ്ടൊന്നും കാര്യമില്ല. എംഎല്‍എമാരുടെ അഭിപ്രായത്തിനാണ് പ്രാധാന്യം.

നിർണായക യോ​ഗം തുടരുന്നു

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണായക യോ​ഗം ഡൽഹിയിൽ തുടരുന്നു. കേരള നേതാക്കളുമായി ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തുന്നു. ഖര്‍ഗെയുടെ വസതിയിലാണ് കൂടിക്കാഴ്ച.

കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ, രാഹുൽ ​ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുൻഷി എന്നിവരാണ് ഖാർ​ഗെയുടെ വസതിയിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്.

സമ്മർദ്ദം കടുപ്പിച്ച് സതീശൻ

കെസി വേണു​ഗോപാലിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ എംഎൽഎ സ്ഥാനം ഒഴിയുമെന്ന് വിഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും അറിയിച്ചതായി സൂചന.

ഘടക കക്ഷികളുടെ നിലപാടുകൾക്ക് വഴങ്ങില്ല

മുഖ്യമന്ത്രി ആരാകണമെന്ന മുസ്ലീം ലീ​ഗ് തീരുമാനം യോ​ഗത്തിൽ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ ഘടക കക്ഷികളുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നു കോൺ​ഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നു ഹൈക്കാമാൻഡ് വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാകും. അവിടെയും കോൺ​ഗ്രസിനു വഴങ്ങേണ്ടി വരുമെന്നും നിലപാടെടുത്തു. വിഷയത്തിൽ ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും ഹൈക്കമാൻഡ് തീരുമാനം.

നേതാക്കൾ ഉടൻ മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രിയെ തീരുമാനിക്കാനായി മല്ലികാർജുൻ ഖാർ​ഗെയുടെ വസതിയിൽ ചേർന്ന യോ​ഗം അവസാനിച്ചു. നേതാക്കൾ ഉടൻ മാധ്യമങ്ങളെ കാണും എന്നാണ് സൂചനകൾ. ഏതാണ്ട് മൂന്ന് മണിക്കൂറിനടുത്തു ചർച്ചകൾ നീണ്ടു.

പ്രകടനവും ഫ്‍ലക്സ് യുദ്ധവും വേണ്ട

തങ്ങളുടെ മൂന്ന് പേരുടേയും പേരിലുള്ള പ്രകടനങ്ങളും ഫ്‍ലക്സ് യുദ്ധങ്ങളും അവസാനിപ്പിക്കണമെന്നു പ്രവർത്തകരോട് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണു​ഗോപാൽ എന്നിവർ അഭ്യർഥിച്ചു. ചർച്ചകൾക്കു ശേഷം പുറത്തു വന്ന നേതാക്കൾ മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവർ‌ത്തകർ പരസ്യമായി രം​ഗത്തിറങ്ങുന്നത് കോൺ​ഗ്രസ് സംസ്കാരമല്ലെന്നു ദീപ ദാസ് മുൻഷിയും അഭിപ്രായപ്പെട്ടു.

തമ്മിലടി തുടരുമ്പോൾ പ്രഖ്യാപനം പറ്റില്ല; രാഹുൽ ​ഗാന്ധി

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോ​ഗത്തിൽ രാഹുൽ ​ഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചതായി റിപ്പോർട്ടുകൾ. തമ്മിലടി തുടരുന്നതിനാൽ പ്രഖ്യാപനം പറ്റില്ലെന്ന നിലപാട് അദ്ദേഹം തുറന്നു പറ‍ഞ്ഞതായും വിവരങ്ങളുണ്ട്.

ഘടകക്ഷികളെ കാണാൻ ഹൈക്കമാൻഡ്

മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഘടകകക്ഷികളുമായി സംസാരിക്കാനൊരുങ്ങി കോൺ​ഗ്രസ് ഹൈക്കമാൻഡ്. ഇന്ന് മൂന്ന് മണിക്കൂറിനടുത്തു നീണ്ട ചർച്ചകൾക്കൊടുവിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നില്ല. വിഡി സതീശൻ, കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് പ്രതിനിധികൾ സംസാരിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിലെ തീരുമാനം ഘടകകക്ഷികളുമായി സംസാരിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നത്.

സോണിയയുടെ നിലപാട് നിർണായകം

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ​ഗാന്ധിയും ഇന്നു സോണിയയുമായി ചർച്ച നടത്തും. ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്.

അനിശ്ചിതത്വം തുടരുന്നു

കേരള മുഖ്യമന്ത്രി ആരാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് പോയിരിക്കുകയാണ്. ഇതേത്തുടർന്ന് രാഹുൽ ഗാന്ധിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. സോണിയാ​ഗാന്ധിയുമായി കൂടി ചർച്ച നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് സൂചന

ആദ്യം തര്‍ക്കം തീരട്ടെ!

കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. കർമാടകയിലേക്ക് പോയ മല്ലികാർജുൻ ഖാർ​ഗെ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം സോണിയ അടക്കമുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കും.

ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എന്തായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്ന് ചെന്നിത്തല

തീരുമാനം വൈകുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമെന്ന്, ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തിയ ശേഷം ചെന്നിത്തല

ഘടകകക്ഷികള്‍ ആര്‍ക്കു വേണ്ടിയും പറഞ്ഞിട്ടില്ല

യുഡിഎഫ് ഘടക കക്ഷികള്‍ ഏതെങ്കിലും നേതാവിനു വേണ്ടി സംസാരിക്കുന്നുവെന്നത് ഊഹാപോഹം മാത്രമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പദവിയില്‍ തീരുമാനം വൈകുന്നത് അണികളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പദവിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം ഇന്ന്?

കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നു വൈകിട്ട് പ്രഖ്യാപിച്ചേക്കും. അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്നു തന്നെ തീരുമാനം വരുമെന്നാണ് ഉന്നത നേതാക്കളുടെ പ്രതീക്ഷ.

അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍ മുരളീധരന് നിര്‍ദേശം

മുഖ്യമന്ത്രി പദത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഉടന്‍ ഡല്‍ഹിയില്‍ എത്താന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തില്‍ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന.

മൂന്നു പേരല്ലാതെ ആര്, രാഹുല്‍ ആരാഞ്ഞതായി റിപ്പോര്‍ട്ട് 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരല്ലാതെ മറ്റു യോഗ്യരുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ആരാഞ്ഞതായി റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഇക്കാര്യവും വിഷയമായിട്ടുണ്ടെന്നാണ് സൂചന.

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച, കണ്ണൂരിലെ മൂന്ന് നേതാക്കൾ കെ സുധാകരന്റെ വീട്ടിൽ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, കണ്ണൂരിലെ മൂന്ന് നേതാക്കൾ കെ സുധാകരന്റെ വീട്ടിൽ. ശ്രീ പ്രസാദ്, കൂടാളി മണ്ഡലം പ്രസിഡന്റ്‌ എൽ ജി ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി വി ആർ പ്രസാദ്, കോൺഗ്രസ്‌ ഡിസിസി സെക്രട്ടറി എന്നിവർ കെ സുധാകരന്റെ വീട്ടിൽ സന്ദർശനം നടത്തി. വ്യക്തിപരമായ സന്ദർശനം എന്ന് നേതാക്കൾ അറിയിച്ചു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ഒരു കാലതാമസവും വന്നിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അസാധാരണമായി ഒരു കാലതാമസവും വന്നിട്ടില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അവസാനവാക്ക് എക്കാലത്തും ദേശീയ നേതൃത്വത്തിന്റേതാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അപ്പാടെ അംഗീകരിക്കുന്നതാണ് പാർട്ടി നയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷികളുടെ വിമർശനം അടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിഗണിക്കുമെന്ന് അദേഹം വ്യക്തമാക്കി.

ഇന്നത്തെ ചര്‍ച്ച പ്രിയങ്കയുടെ നിര്‍ദേശ പ്രകാരം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മുന്‍ കെപിസിസി പ്രസിഡന്‍റുമാരുമായും വര്‍ക്കിങ് പ്രസിഡന്‍റുമാരുമായും ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശപ്രകാരം. എകെ ആന്‍റണിയും ഇത്തരമൊരു നിര്‍ദേശം ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചു.

മത്സരിക്കാത്ത ആളുടെ പേര് മുന്‍പും വന്നിട്ടുണ്ട്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കു മുന്‍പും വന്നിട്ടുണ്ടെന്ന് എംഎം ഹസന്‍. ഇതൊക്കെ കോണ്‍ഗ്രസ് ചരിത്രത്തിന്‍റെ ഭാഗമാണ്. സോഷ്യല്‍ മീഡിയ പറയുന്നതിന് അനുസരിച്ച് ഒരു പാര്‍ട്ടിക്കു മുന്നോട്ടു പോവാനാവില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഹസന്‍ പറഞ്ഞു.

ലീഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മുസ്ലിം ലിഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലീഗ് പക്വതയുള്ള സഖ്യകക്ഷിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ തുടരുകയാണെന്നും വെളുത്ത പുക പ്രതീക്ഷിക്കാമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയത് വിജയത്തില്‍ ചെറിയ മങ്ങല്‍ ഏല്‍പ്പിച്ചെന്ന് സണ്ണി ജോസഫ് പറഞ്ഞു.

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

കെസി വേണുഗോപാലിന്‍റെ പോസ്റ്ററില്‍ കരി ഓയില്‍

നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് മുസ്ലിം ലീഗ്. നാളെ രാവിലെ പത്ത് പണിക്ക് പാണക്കാട്ടാണ് യോഗം. നേതൃയോഗത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയുമായി നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യം ലീഗ് ചര്‍ച്ച ചെയ്തേക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെയാണ് ലീഗിന്റെ നേതൃയോഗമെന്നത് ശ്രദ്ധേയമാണ്. Readmore

മുഖ്യമന്ത്രി ചര്‍ച്ചകളിലെ മുസ്ലീം ലീഗ് ഇടപെടലില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തി

മുഖ്യമന്ത്രി ചര്‍ച്ചകളിലെ മുസ്ലീം ലീഗ് ഇടപെടലില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തി. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി ലീഗ് വഴിവിട്ട ഇടപെടല്‍ നടത്തുന്നതായാണ് ക്രൈസ്തവ സഭകള്‍ ആരോപിക്കുന്നത്.

നിയുക്ത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി വിഡിയോ പ്രചരിപ്പിക്കുന്നുവെന്നാണ് സഭകളുടെ ആരോപണം. പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകളാണെന്നും സഭകള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ചിലര്‍ക്ക് വ്യക്തമായ അജന്‍ഡ ഉണ്ട്. ഇതിന് കോണ്‍ഗ്രസ് നേതൃത്വം തടയിടണമെന്നും സഭകള്‍ ആവശ്യപ്പെടുന്നു. ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ ലോബിയിങ് നടത്തുന്നത് ശരിയല്ലെന്ന് ഫാദര്‍ ഫിലിപ്പ് കവിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കെസിയെ പിന്തുണച്ചാൽ കേരളം പൊറുക്കില്ല'

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്ന് പോസ്റ്റര്‍. വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് ഹൈക്കമാന്‍ഡിന് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ഇതൊരു ഭീഷണി അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്.

കോൺഗ്രസ് തീരുമാനിക്കട്ടെ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കാൻ ലീഗ്

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. ബുധനാഴ്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം ഭരണപരമായ തടസ്സങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ജനാധിപത്യ പ്രക്രിയയിൽ ഇത്തരം കൂടിയാലോചനകൾ സ്വാഭാവികമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദീപാദാസ് മുൻഷി കേരളത്തിലേക്ക് 

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം മൂന്നരക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് അവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക

രാഹുൽ - ഖർഗെ കൂടിക്കാഴ്ച 5.30ന്

കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ച ഇന്നു വൈകുന്നേരം 5.30ന് നടക്കുമെന്ന് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയോടെ കേരളത്തെ ആര് നയിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആകുമെന്നാണ് പ്രതീക്ഷ.

ചര്‍ച്ചകള്‍ പൂര്‍ത്തിയായി, കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് പറഞ്ഞത്.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക്‌ തിരവനന്തപുരം ഇന്ദിരാഭവനില്‍

തീരുമാനം മുദ്ര വെച്ച കവറിലെത്തും

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം ഇന്ന് നടക്കുന്ന കോൺ​ഗ്രസ് പാർലമെന്ററി യോ​ഗത്തിൽ പ്രഖ്യാപിക്കും. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ തീരുമാനം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ കൈവശം യോ​ഗത്തിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് തിരുവനന്തപുരത്ത് കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി യോ​ഗം ചേരുക. ദീപാദാസ് മുൻഷിക്ക് പുറമെ, കേന്ദ്ര നിരീക്ഷകരും യോ​ഗത്തിൽ പങ്കെടുത്തേക്കും.

നിയമസഭാ കക്ഷിയോഗം വൈകും

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകും. ഇന്ന് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വൈകീട്ടത്തേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുമായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എഐസിസി ജനനല്‍ സെക്രട്ടറി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ വൈകീട്ട് നാല് മണിയോടെയാകും തിരുവനന്തപുരത്ത് എത്തുക.

കെ.സി വേണുഗോപാല്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റിലെത്തില്ല, എത്തുന്നത് കേന്ദ്ര നിരീക്ഷകര്‍ മാത്രം

ജയറാം രമേശ് ഖാര്‍ഗെയുടെ വീട്ടിൽ; പ്രഖ്യാപനം ഡൽഹിയിൽ?

കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ജയറാം രമേശ് എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വീട്ടിലെത്തി.

നിരീക്ഷകര്‍ ഖാര്‍ഗെയുടെ വീട്ടിൽ

കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പായി എഐസിസി നിരീക്ഷകര്‍ എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വീട്ടിലെത്തി

പിൻമാറാൻ തയാറല്ലെന്ന് കെസി?

മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ നിന്ന് പിൻമാറാൻ തയാറല്ലെന്ന് കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയെ അറിയിച്ചതായി സൂചന

തീരുമാനം വൈകിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം കൈകൊള്ളാൻ 23വരെ സമയം ഉണ്ടെന്നും വൈകിയെന്നു പറയാനാകില്ലെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. യോഗ്യരായ ഒന്നിലധികം പേരുള്ളപ്പോൾ കൂടിയാലോചനക്കായി കൂടുതൽ സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പ്രഖ്യാപനം ഡൽഹിയിൽ?

കേരളത്തിലെ മുഖ്യമന്ത്രി കാര്യത്തിൽ എഐസിസി വാർത്താസമ്മേളനം 12 മണിക്ക് നടത്തും. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, കേന്ദ്ര നിരീക്ഷകര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

ചെന്നിത്തലയെ രാഹുൽ വിളിച്ചു

മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ രമേശ് ചെന്നിത്തലയുമായി രാഹുൽ ഗാന്ധി സംസാരിച്ചു

ഘടകകക്ഷി നേതാക്കളെ തീരുമാനം അറിയിച്ചു

മുസ്ലിം ലീഗ് നേതാക്കളെ വിളിച്ച് മുഖ്യമന്ത്രി ആരെന്ന് എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ അറിയിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഈ നീക്കം

ഏതു തീരുമാനവും അംഗീകരിക്കുമെന്ന് കെസി

മുഖ്യമന്ത്രി ആരായാലും ഹൈക്കമാൻഡ് തീരുമാനം താൻ അംഗീകരിക്കുമെന്ന് കെസി വേണുഗോപാൽ

വി ഡി സതീശന്‍ മുഖ്യമന്ത്രി

വി ഡി സതീശന്‍

ഡല്‍ഹിയില്‍ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കന്റോണ്‍മെന്റ് ഹൗസില്‍ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനത്തിൽ.

പ്രതിഷേധം അറിയിച്ച് ചെന്നിത്തല

സീനിയോരിറ്റി പരിഗണിച്ചില്ലെന്നതു ഉൾപ്പെടെയുള്ള വിയോജിപ്പ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. അച്ചടക്കം പാലിച്ചിട്ടും തന്നെ അവഗണിച്ചെന്ന പരിഭവം ചെന്നിത്തല രാഹുൽ ഗാന്ധിയോടാണ് പങ്കുവച്ചത്. മന്ത്രിസഭയിൽ ചേരില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതായാണ് സൂചന. നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുത്തേക്കില്ല

സന്തോഷമെന്ന് കെസി

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെസി വേണുഗോപാൽ.

സത്യപ്രതിജ്ഞ തിങ്കളാഴ്ച

വി ഡി സതീശൻ മുഖ്യമന്ത്രിയായത് കേരള ജനതയുടെ ആഗ്രഹത്തിന്റെ അംഗീകാരം: വി.ടി. ബൽറാം

“അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു,” എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം.

ലക്ഷ്യം 'ടീം യുഡിഎഫ്' ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിഡി യുടെ മുഖ്യമന്ത്രി പദവി, കണ്ണൂർ ഡി സി സി യിൽ മധുരം വിളമ്പി ആഹ്ളാദം

വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കണ്ണൂർ ഡിസിസി ഓഫീസിൽ മധുരം വിളമ്പി ആഹ്ളാദിച്ച് പ്രവർത്തകരും നേതാക്കളും. പ്രഖ്യാപനം നടന്നതിന് ശേഷം ആഹ്‌ളാദം പങ്കിടുന്നതിനായി പ്രവർത്തകരും നേതാ ങ്ങളും ഉൾപെടെ നൂറോളം പേർ കണ്ണൂർ ഡിസിസി യിൽ ഒത്തുചേർന്നു കൂറ്റൻ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പരസ്പരം മധുരം പകർന്ന് ആഹ്ളാദം പങ്കിട്ടു

സതീശൻ കെപിസിസി ഓഫീസിൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ കെപിസിസി ഓഫീസിലെത്തി. അധ്യക്ഷനും മറ്റു നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു

'സതീശന്റെ വരവ് ലീഗ് സമ്മർദ്ദത്തിന് വഴങ്ങി; കടുത്ത വിമർശനവുമായി ജി സുകുമാരൻ നായർ

വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പ് വ്യക്തമാക്കി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. മുഖ്യമന്ത്രിയെ നിശ്ചയിച്ചതിൽ ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും മുസ്‌ലിം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഏഴുമണിക്ക് ഗവർണറെ കാണും

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ വൈകുന്നേരം ഏഴിന് ഗവർണറെ കാണും. പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കുമെന്നാണ് സൂചന.

പ്രതിപക്ഷത്തെ പിണറായി നയിക്കും

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.

ആരൊക്കെ മന്ത്രിമാരാകും?

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആരൊക്കെ മന്ത്രിമാരാകും എന്നതില്‍ ആകാംക്ഷ നിലനില്‍ക്കുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നത് അടക്കം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

സിപിഎമ്മിന്റെ അവസാനത്തെ അടവ്

മുസ്ലിം ലീഗിന് വഴങ്ങി എന്നത് സിപിഎമ്മിന്റെ അവസാനത്തെ അടവാണെന്ന് കെ മുരളീധരന്‍. നൂറുശതമാനം പരാജയം അംഗീകരിക്കുന്നതിന് പകരം വീണിടത്ത് കിടന്ന് ഉരുളുകയാണ്. ജനവികാരവും കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വിഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. താനും സതീശനെ പിന്തുണച്ചുവെന്ന് കെ മുരളീധരന്‍ പറഞ്ഞു.

സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ യുഡിഎഫ്

വിഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ യുഡിഎഫ്. തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ ഒരു ലക്ഷം പേരെ അണിനിരത്താനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും, തെലങ്കാന, കര്‍ണാടക മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തേക്കും

പ്രതിപക്ഷ നേതാവിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശിക്കും. പിണറായിയുടെ വീട്ടിലെത്തിയാകും സന്ദര്‍ശനം

'നല്ല ടീം വരും; ചെന്നിത്തല ടീമിലുണ്ടാകണമെന്നാണ് ആഗ്രഹം'

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു.

എല്ലാ ഘടകകക്ഷികൾക്കും പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനൂപ് ജേക്കബ്

പുതിയ യുഡിഎഫ് മന്ത്രിസഭയിൽ എല്ലാ ഘടകകക്ഷികൾക്കും പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനൂപ് ജേക്കബ് എംഎൽഎ. വൈകുന്നേരം നാല് മണിക്ക് ചേരുന്ന യുഡിഎഫ് യോഗത്തിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ നടക്കും.

മന്ത്രിസ്ഥാനങ്ങൾ രണ്ടര വർഷം വീതം പങ്കിടുന്ന രീതി (Rotational arrangement) ചർച്ചയിലുണ്ടോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളിൽ ഇപ്പോൾ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. "

വിഡി സതീശൻ ചെന്നിത്തലയുടെ വീട്ടിൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടർന്ന് പിണങ്ങി നിൽക്കുന്ന ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് നേരിട്ട് സതീശൻ ക്ഷണിക്കുമെന്നാണ് സൂചന

'ചെന്നിത്തല ജേഷ്ഠ സഹോദരൻ; എല്ലാം പാർട്ടി ചർച്ച ചെയ്യും'

ചെന്നിത്തല ജേഷ്ഠ സഹോദരനാണെന്ന് വിഡി സതീശൻ. മന്ത്രിസഭയിലേക്ക് ചെന്നിത്തല എത്തുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി ചർച്ച ചെയ്യുമെന്നായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ മറുപടി. വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു സതീശൻറെ പ്രതികരണം. ഇരു നേതാക്കളും ഒരുമിച്ചാണ് മാധ്യമപ്രവർത്തകരെ കണ്ടത്

സമ്മർദത്തിന് വഴങ്ങി ചെന്നിത്തല; മന്ത്രിസഭയിലേക്ക്?

വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധത്തിലുള്ള രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്ന് സൂചന. മന്ത്രിയാകാമെന്ന് ചെന്നിത്തല സമ്മതിച്ചതായാണ് അറിയുന്നത്. വകുപ്പ് സംബന്ധിച്ച് തീരുമാനം പിന്നീട്. തൻറെ അനുയായികളിലൊരാളെ കൂടി മന്ത്രിസഭയിൽ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

യുഡിഎഫ് യോഗം കഴിഞ്ഞു

പുതിയ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ചേർന്ന യുഡിഎഫ് യോഗം സമാപിച്ചു. രമേശ് ചെന്നിത്തല യോഗത്തിന് എത്തിയില്ല

വിജയ്ക്ക് ക്ഷണം

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം. ചീഫ് സെക്രട്ടറിയാണ് വിജയ്‌യെ ക്ഷണിച്ചത്

നാളെ ഉഭയകക്ഷി ചർച്ച

യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെയും തുടരും. ഘടകകക്ഷി നേതാക്കളുമായി നാളെ നിയുക്ത മുഖ്യമന്ത്രി ചർച്ച നടത്തും. രാവിലെ 11 മുതലാകും ചർച്ചകൾ.

മന്ത്രിമാരെ നാളെ പ്രഖ്യാപിക്കും

മന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്രപ്രതിജ്ഞ ചെയ്യും.

ഇന്ന് ഘടകകക്ഷികളുമായി ചര്‍ച്ച

യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും.

അഞ്ച് മന്ത്രിമാര്‍ ലഭിക്കുമെന്ന് പ്രതീക്ഷ

പുതിയ യുഡിഎഫ് സര്‍ക്കാരിൽ തങ്ങൾക്ക് അഞ്ച് മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുസ്‌ലിം ലീഗ്. അവകാശവാദങ്ങളൊന്നും തന്നെ ഉയര്‍ത്തിയിട്ടില്ലെന്നും ഇന്നത്തോടെ ചിത്രം വ്യക്തമാകുമെന്നും ലീഗ് അധ്യക്ഷൻ പറഞ്ഞു.

ചെന്നിത്തലയുമായി വേണുഗോപാൽ കൂടിക്കാഴ്ച നടത്തും 

ഇടഞ്ഞു നിൽക്കുന്ന മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവം. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും

രാജീവ് ചന്ദ്രശേഖറിന് ക്ഷണം

വിസി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപി അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന് ക്ഷണം. വിഡി സതീശൻ തന്നെ നേരിൽ ക്ഷണിച്ചതായി ബിജെപി അധ്യക്ഷൻ അറിയിച്ചു

ലീഗിന് നാല് മന്ത്രിമാര്‍? അഞ്ചിൽ വിട്ടുവീഴ്ചയില്ലെന്ന് നേതൃത്വം

മുസ്‌ലിം ലീഗിന് നാല് മന്ത്രിമാര്‍ എന്ന ഫോര്‍മുല കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ചതായി സൂചന. അതേസമയം അഞ്ച് മന്ത്രിമാരെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലീഗ് നേതൃത്വം. മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് തിങ്കളാഴ്ച അധികാരമേൽക്കുന്നത്. വകുപ്പുകളും മന്ത്രിമാരും സംബന്ധിച്ച തിരക്കിട്ട കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

ചർച്ചകൾ സുഗമമായി മുന്നേറുന്നു; സണ്ണി ജോസഫ്

വിഡി സതീശൻ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ചകൾ സുഗമമായി മുന്നോട്ടു പോകുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പ്രശ്നങ്ങളില്ലാതെ ചർച്ചകൾ പര്യവസാനിക്കുമെന്നും ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും സണ്ണി ജോസഫ്

കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്നു തന്നെ

വിഡി സതീശൻ മന്ത്രിസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളെക്കുറിച്ച് ഇന്നുതന്നെ തീരുമാനമാകും. ഹൈക്കമാൻഡിൻറെ അംഗീകാരത്തോടെ പട്ടിക ഗവർണർക്ക് കൈമാറാനാണ് നീക്കം

അഞ്ചിൽ ഉറച്ച് ലീഗ്

വിഡി സതീശൻ മന്ത്രിസഭയിൽ മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാകുണ്ടാകുമെന്ന് പികെ ഫിറോസ്. ലീഗ് നേതാക്കളുമായി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ചർച്ച നടത്തി. മുന്നണിയിലെ നിർണായക ശക്തിയാണ് ലീഗെന്ന് സതീശൻ.

അനുനയ നീക്കം സജീവം; വഴങ്ങുമോ ചെന്നിത്തല?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവഗണിച്ചതിലുള്ള പരിഭവം തുടരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവം. ചെന്നിത്തലയുമായി കൂടിക്കാഴ്ചക്ക് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ വീണ്ടും അദ്ദേഹത്തിൻറെ വീട്ടിലെത്തി. ഇരുനേതാക്കളും ഇന്നലെയും തമ്മിൽ കണ്ടിരുന്നു.

കെസിയെ കാണാൻ വിഡി

എഐസിസി സംഘടനാ സെക്രട്ടറി കെസി വേണുഗോപാലിനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്.

ചെന്നിത്തലക്ക് ആഭ്യന്തരം

മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായി. ചെന്നിത്തലയെ സന്ദർശിച്ച സതീശൻ ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായാണ് അറിയുന്നത്. അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ എന്നിവരെ കൂടി മന്ത്രിമാരാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സതീശൻ ഉറപ്പ് നൽകിയിട്ടില്ല.

മന്ത്രിസഭക്ക് പൂർണ പിന്തുണയെന്ന് കെസി

വിസി സതീശൻ മന്ത്രിസഭക്ക് പൂർണ പിന്തുണയെന്ന് എഐസിസി സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. ഒരു വിഷയത്തിലും തർക്കമില്ലെന്നും വേണുഗോപാൽ. വിഡി സതീശനൊപ്പം മാധ്യമപ്രവർത്തരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും

മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകും. കെസി വേണുഗോപാലുമായുള്ള ചർച്ചയോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും നേരത്തെ ചെന്നിത്തലയെ കണ്ട് ചർച്ച നടത്തിയിരുന്നു.

ലീഗിന് അഞ്ച് മന്ത്രിമാർ

പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, പാറയ്ക്കൽ അബ്ദുള്ള,എം ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരാകും. പികെ ബഷീറിന് മന്ത്രി സ്ഥാനമില്ലെന്നാണ് സൂചന. വിഇ അബ്ദുള്‍ ഗഫൂർ, എകെഎം അഷറഫ് എന്നിവരാണ് അഞ്ചാം മന്ത്രി സ്ഥാനത്തിന് പരിഗണനയിലുള്ളത്.

കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

മുതിർന്ന കോണ്‍ഗ്രസ് നേതാവും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ മുരളീധരന് ആരോഗ്യവകുപ്പിൻറെ ചുമതല നൽകുമെന്ന് സൂചന സിഎംപി നേതാവ് സിപി ജോണിന് ഗതാഗത വകുപ്പ് നൽകിയേക്കും.

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്‌പീക്കർ?

അരൂരിൽ നിന്നും ജയിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് പരിഗണിക്കുന്നു.

ടേം വ്യസ്ഥയിൽ ഉടക്ക്

അനുപ് ജേക്കബിനും മാണി സി കാപ്പനും രണ്ടര വർഷം വീതം മന്ത്രി സ്ഥാനം പങ്കിടണമെന്ന നിർദേശത്തിൽ ഉടക്ക്. ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്ന് മാണി സി കാപ്പൻ അറിയിച്ചതായാണ് സൂചന. ആദ്യം അനൂപും പിന്നെ മാണി സി കാപ്പനും മന്ത്രിയാകുമെന്ന ഫോർമുലയാണ് മുന്നോട്ടുവച്ചിട്ടുള്ളത്

സ്പീക്കർ പദവി വേണ്ടെന്ന് ശക്തൻ

സ്പീക്കറാകാനില്ലെന്ന് എൻ ശക്തൻ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശനോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് മന്ത്രിമാരിൽ ഏകദേശ ധാരണ

വിഡി സതീശൻ മന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധികളെ സംബന്ധിച്ച് ഏകദേശ ധാരണയായതായി സൂചന. വകുപ്പ് സംബന്ധിച്ച ചർച്ച തുടരുന്നു

ലീഗ് മന്ത്രിമാരായി

വിഡി സതീശൻ മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനമായി. മന്ത്രിമാരുടെ പട്ടിക കൈമാറി. പികെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ധീൻ, കെഎം ഷാജി, പികെ ബഷീർ, വിഇ അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരെന്നാണ് സൂചന. പികെ കുഞ്ഞാലിക്കുട്ടിയാകും നിയമസഭ കക്ഷി നേതാവ്

വഴങ്ങി ജോസഫ് ഗ്രൂപ്പ്

രണ്ടു മന്ത്രിമാർ വേണമെന്ന കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടുവലിഞ്ഞ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജലസേചന വകുപ്പും ചീഫ് വിപ്പ് സ്ഥാനവും പാർട്ടിക്ക് നൽകാനാണ് ധാരണ

ഗവർണറുടെ സമയം തേടി

മന്ത്രിമാരുടെ പട്ടിക കൈമാറാനായി ഗവർണറുടെ സമയം തേടി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. വൈകുന്നേരം നാലിനും അഞ്ചിനുമിടയിലുളഅള സമയമാണ് തേടിയിട്ടുള്ളത്.

രാഹുലും ഖാർഗെയും എത്തും

പത്തു വർഷങ്ങളുടെ ഇടവേളക്കുശേഷം കേരളത്തിൽ അധികാരമേൽക്കുന്ന സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയും പങ്കെടുക്കും. സോണിയാ ഗാന്ധി പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

ലത്തീൻ സഭക്ക് പ്രതിഷേധം

എം വിൻസെൻറിനെയോ ടിജെ വിനോദിനെയോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലത്തീൻ സഭക്ക് പ്രതിഷേധം

അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും.

പാറയ്ക്കൽ അബ്‌ദുള്ളയെ ഒഴിവാക്കിയതിൽ പ്രതിഷേധം

പാറയ്ക്കൽ അബ്ദുള്ളയ്ക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ ലീഗിൽ പ്രതിഷേധം

അനൂപിന് ഫുൾ ടേം നൽകിയേക്കും; മാണി സി കാപ്പൻ ഡെപ്യൂട്ടി സ്പീക്കറാകാനും സാധ്യത

മന്ത്രി പദവി വീതംവയ്ക്കുന്നതിനോട് കടുത്ത വിയോജിപ്പു പ്രകടിപ്പിക്കുന്ന മാണി സി കാപ്പനെയും അനൂപ് ജേക്കബിനെയും സമവായത്തിലെത്തിക്കാനുള്ള ഫോർമുല വിജയത്തിലേക്ക്. അനൂപിന് മുഴുവൻ സമയ മന്ത്രിയാക്കി മാണി സി കാപ്പനെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് ആലോചന.

കോണ്‍ഗ്രസിലും ടേം വ്യവസ്ഥ

മന്ത്രിമാരുടെ കാര്യത്തിൽ കോണ്‍ഗ്രസിലും ടേം വ്യവസ്ഥ. ആദ്യം ഐസി ബാലകൃഷ്ണനും പിന്നീട് കെഎ തുളസിയും മന്ത്രിമാരാകും.

വിജയ് എത്തില്ല

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തില്ല. ഭരണത്തിരക്കിലായതിനാലാണ് തീരുമാനം

ടേം വ്യവസ്ഥ അംഗീകരിച്ചെന്ന് കാപ്പൻ

പ്രതിഷേധത്തിൻറെ തിരയിളക്കത്തിനു ശേഷം മന്ത്രിസ്ഥാനം പങ്കിടലെന്ന ആശയത്തോട് ഒടുവിൽ വഴങ്ങി മാണി സി കാപ്പൻ.

മന്ത്രിസഭയിൽ പിടിമുറിക്കി കെസി ഗ്രൂപ്പ്

വിഡി സതീശൻ മന്ത്രിസഭയിൽ പിടിമുറുക്കി കെസി വേണുഗോപാൽ ഗ്രൂപ്പ്. കെസിയുടെ എട്ട് വിശ്വസ്തരാണ് മന്ത്രിസഭയിൽ സ്ഥാനം കണ്ടെത്തിയത്

ലീഗിൽ ടേം വ്യവസ്ഥ

മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. ടേം വ്യവസ്ഥ വരുന്നു എന്നതാണ് പ്രധാനം. രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. മാറേണ്ട മന്ത്രി ആരാണെന്ന് ആ സമയം തീരുമാനിക്കും. ചില വകുപ്പുകള്‍ വച്ചുമാറും. ഇത് മുഖ്യമന്ത്രി പ്രഖ്യാപിക്കും

നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും

ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നാളെ മുഖ്യമന്ത്രി അടക്കം 21 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

21 മന്ത്രിമാര്‍

പി കെ കുഞ്ഞാലിക്കുട്ടി

രമേശ് ചെന്നിത്തല

സണ്ണി ജോസഫ്

കെ മുരളീധരന്‍

മോന്‍സ് ജോസഫ്

ഷിബു ബേബി ജോണ്‍

അനൂപ് ജേക്കബ്

സി പി ജോണ്‍

എ പി അനില്‍കുമാര്‍

എന്‍ ഷംസുദ്ദീന്‍

പി സി വിഷ്ണുനാഥ്

റോജി എം ജോണ്‍

ബിന്ദു കൃഷ്്ണ

എം ലിജു

കെ എം ഷാജി

പി കെ ബഷീര്‍

വി ഇ അബ്ദുള്‍ ഗഫൂര്‍

ടി സിദ്ദിഖ്

കെ എ തുളസി

ഒ ജെ ജനീഷ്

ഇന്ന് സത്യപ്രതിജ്ഞ

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

1982നു ശേഷം ആദ്യം

മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലോക്ഭവനിലെത്തി വിഡി സതീശന്‍ കൈമാറി. വകുപ്പുകള്‍ സംബന്ധിച്ച പട്ടിക സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറും. 1982ലെ കെ കരുണാകരന്‍ സര്‍ക്കാരിനു ശേഷം യുഡിഎഫിന്റെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതും ടീം വിഡിഎസിന്റെ സവിശേഷതയാണ്.

രാഹുലും പ്രിയങ്കയും എത്തി

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കായി രാഹുൽ ഗാന്ധിയും സെൻട്രൽ സ്റ്റേഡിയത്തിലെത്തി

വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൻറെ മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി വിഡി സതീശൻ സത്രപ്രതിജ്ഞ ചെയ്തതിനു പിന്നാലെ രണ്ടാമനായി മുസ്‌ലിം ലീഗ് നിയമസഭകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു

ചെന്നിത്തലക്ക് മൂന്നാമൂഴം

മുതിര്‍ന്ന നേതാവും മന്ത്രിസഭയിലെ സീനിയറുമായ രമേശ് ചെന്നിത്തല സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു. ആഭ്യന്തരം, വിജിലൻസ് വകുപ്പുകളാകും ചെന്നിത്തലക്കെന്നാണ് സൂചന

കെപിസിസി അധ്യക്ഷൻ ആദ്യമായി മന്ത്രി പദവിയിൽ

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിഡി സതീശൻ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി പദവിയിൽ ഇത് സണ്ണി ജോസഫിന് ആദ്യ നിയോഗമാണ്.

രണ്ടാമൂഴത്തിൽ മുരളീധരൻ

കോണ്‍ഗ്രസ് നിരയിലെ കരുത്തനായ കെ മരുളീധരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഷിബു ബേബി ജോണും മോൻസ് ജോസഫും 

സതീശൻ മന്ത്രിസഭയിലെ അംഗങ്ങളായി ഷിബു ബേബി ജോണും മോൻസ് ജോസഫും സത്യപ്രതിജ്ഞ ചെയ്തു

അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിഡി സതീശൻ മന്ത്രിസഭയിലെ അംഗമായി അനൂപ് ജേക്കബ് സത്യപ്രജ്ഞ ചെയ്തു. ടേം വ്യവസ്ഥയാണ് അനുപിനെന്നാണ് സൂചന.

സിപി ജോണിന് കന്നി ദൌത്യം

സതീശൻ മന്ത്രിസഭക്ക് കരുത്തായി സിഎംപി നേതാവ് സിപി ജോണ്. ഇതാദ്യമായാണ് സിപി അധികാര പദവിയിലെത്തുന്നത്.

കെസിയുടെ വിശ്വസ്തൻ, മൂന്നാമൂഴത്തിൽ എപി അനിൽകുമാര്‍

കെസി വേണുഗോപാൽ വിഭാത്തിലെ കരുത്തനായ എപി അനിൽകുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പിസി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സതീശൻ മന്ത്രിസഭയിൽ അംഗമായി പിസി വിഷ്ണുനാഥ്

മൂന്നാം വരവിൽ മന്ത്രിയായി റോജി എം ജോൺ

റോജി എം ജോൺ

സതീശൻ മന്ത്രിസഭയിൽ അംഗമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോജി എം ജോൺ

ജൂൺ 15 മുതൽ കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര

ജൂൺ 15 മുതൽ കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം; ശിക്ഷ റദ്ദാക്കമെന്ന അപ്പീല്‍ കോടതിയില്‍

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പൊരുതി വീണ് ഹെയ്തി; മൊറോക്കോ നോക്കൗട്ടില്‍, ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍

ചടങ്ങുകളില്ലാതെ ഗൃഹപ്രവേശം; അധികാരമേറ്റ് 38ാം ദിവസം മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസില്‍