തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന ആവശ്യത്തില്‍, പുനര്‍വിചിന്തനം നടത്തേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'സര്‍ക്കാരിന് അത്തരമൊരു നടപടിയെക്കുറിച്ച് ചിന്തിക്കേണ്ട ഒരു കാരണവുമില്ല. കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി പ്രതികരണം തേടിയാല്‍ മാത്രമേ അത് പരിഗണിക്കൂ. കോടതി ആവശ്യപ്പെട്ടില്ലെങ്കില്‍, സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല'' എന്നും മന്ത്രി വാസവന്‍ പറഞ്ഞു. സത്യവാങ്മൂലം പിന്‍വലിക്കണമെന്ന ആവശ്യവുമായി യുഡിഎഫും ഇപ്പോള്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
സത്യവാങ്മൂലത്തിന് ആഗോള അയ്യപ്പ സംഗമവുമായി ഒരു തരത്തിലും ബന്ധമില്ല. 'ശബരിമലയുടെ വികസനം - ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കല്‍, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം സംഘടിപ്പിക്കുന്നത്. മറ്റ് വിഷയങ്ങള്‍ അജണ്ടയിലില്ല. 2018-19 ലെ പ്രക്ഷോഭത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍, ഗുരുതരമായ സ്വഭാവമുള്ളവ മാത്രമേ നിലനില്‍ക്കൂ എന്നും മറ്റ് എല്ലാ കേസുകളും കോടതികളുടെ അനുമതിയോടെ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വാസവന്‍ പറഞ്ഞു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനെ അനുകൂലിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന് അയ്യപ്പ ഭക്തര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമോ? ഇപ്പോഴും കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ' പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാര്‍ നടപടി വര്‍ഗീയ ശക്തികളെ സഹായിക്കും: വി ഡി സതീശന്‍
എ കെ ആന്റണി സര്‍ക്കാര്‍ അനുവദിച്ച 82 ലക്ഷം രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് അനുവദിച്ചില്ലെന്ന സതീശന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരമൊരു കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായപ്പോള്‍ അയ്യപ്പ സംഗമം സംഘടിപ്പിക്കാനുള്ള തീരുമാനം വെറും രാഷ്ട്രീയ കാപട്യമാണെന്ന് സതീശന്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ നടപടി വര്‍ഗീയ ശക്തികളെ മാത്രമേ സഹായിക്കൂ. സമുദായ സംഘടനകളുടെ തീരുമാനത്തില്‍ യുഡിഎഫ് ഇടപെടില്ലെന്ന് സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates