

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ഇന്ന്. രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം. സ്വര്‍ണക്കൊടിമരച്ചുവട്ടില്‍ വെച്ചാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പിക്കും.
കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പകരം സമര്‍പ്പണത്തിനു ശേഷം ഭക്തരുടെ വരിക്കൊപ്പം ദര്‍ശനം നടത്താം. ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതില്‍ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനില്‍ക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും.
ഓണപ്പുടവ സമര്‍പ്പണം
തിരുവോണ നാളില്‍ (സെപ്റ്റംബര്‍ 5, വെള്ളിയാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കാം.
പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്
തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. 2 മണി മുതല്‍ ബുഫേ തുടങ്ങും. കാളന്‍, ഓലന്‍, എരിശ്ശേരി,, പഴം പ്രഥമന്‍, മോര്, കയവറവ് ,പപ്പടം,അച്ചാര്‍, ഉള്‍പ്പെടെയുളള വിഭവങ്ങള്‍ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
വിശേഷാല്‍ കാഴ്ച ശീവേലി
തിരുവോണ ദിവസം രാവിലെ കാഴ്ചശീവേലിക്ക് ഗജവീരന്‍ ഇന്ദ്ര സെന്‍, ജൂനിയര്‍ വിഷ്ണു, അനന്തനാരായണന്‍ ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് രാജശേഖരന്‍, ഇന്ദ്ര സെന്‍, ശങ്കരനാരായണന്‍ രാത്രി ശീവേലിക്ക് ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, ശങ്കരനാരായണന്‍ എന്നി ദേവസ്വം കൊമ്പന്‍മാര്‍ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് ചൊവ്വല്ലൂര്‍ മോഹന വാരിയരും സംഘവും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂര്‍ ശശിമാരാരും സംഘവും മേളം ഒരുക്കും
ഞായറാഴ്ച വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി
ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 7 ഞായറാഴ്ച വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.
പൊതു അവധി ദിനങ്ങളില്‍ ദര്‍ശന നിയന്ത്രണം
പൊതു അവധി ദിനങ്ങളായ സെപ്റ്റംബര്‍ 4 (ഉത്രാടം), സെപ്റ്റംബര്‍ 5 (തിരുവോണം ), സെപ്റ്റംബര്‍ 6 ( അവിട്ടം), സെപ്റ്റംബര്‍ 7 ( ചതയം ), എന്നീ തീയതികളില്‍ രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും.
ചന്ദ്രഗ്രഹണം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഞായറാഴ്ച രാത്രി 9.30 മണി മുതല്‍ ചന്ദ്രഗ്രഹണം ആയതിനാല്‍ അന്നേ ദിവസം തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നി പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ അന്നു രാത്രി 9 മണിക്ക് മുന്‍പായി അവ കൈപ്പറ്റണം. അടുത്തദിവസം രാവിലെ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
ശബരിമല നട തുറന്നു
ശബരിമലയില്‍ ഉത്രാട ദിനമായ ഇന്ന് രാവിലെ 5 മണിക്ക് ദര്‍ശനത്തിനായി നട തുറന്നു. ഓണത്തോട് അനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് ഓണസദ്യ ഉണ്ടാകും. മേല്‍ശാന്തിയുടെ വകയാണ് ഉത്രാട സദ്യ. തിരുവോണനാളില്‍ ദേവസ്വം ജീവനക്കാരാണ് സദ്യ നടത്തുന്നത്. അവിട്ടം നാളില്‍ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വകയാണ് സദ്യ.
ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ചതയ ദിനത്തില്‍ ശബരിമല നട അടയ്ക്കും. അന്ന് രാത്രി 9.50 മുതല്‍ ചന്ദ്ര ഗ്രഹണം ആരംഭിക്കുന്നതിനാല്‍ രാത്രി 8.50 നു ഹരിവരാസനം പാടി 9 മണിക്കാകും നട അടയ്ക്കുന്നത്. താന്ത്രിക നിര്‍ദ്ദേശപ്രകാരമാണ് സമയ മാറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
