കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഈ ജനക്ഷേമ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കുകയായിരുന്നു. സർക്കാരിന്റെ ഉത്തരവിൽ ചട്ടലംഘനങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.
പദ്ധതിയിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണ് സർക്കാർ നടത്തുന്നതെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരുന്നത്. സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ അനുമതി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
സമ്പന്നരായ ചിലരെ മുൻനിർത്തി പദ്ധതി തകർക്കാനാകില്ല; ഹൈക്കോടതി
എന്നാൽ, സർക്കാരിന്റെ ഉത്തരവിൽ യാതൊരുവിധ നിയമവിരുദ്ധതയോ ചട്ടലംഘനങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിലവിലുള്ള നിയമപരമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നോ അല്ലെങ്കിൽ അത് നിയമവിരുദ്ധമാണെന്നോ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. അതിനാൽ ഈ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല. -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വാരം കേസിൽ നടന്ന പ്രാഥമിക വാദത്തിനിടയിൽ, സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഏതാനും ഗുണഭോക്താക്കൾ ഈ പദ്ധതി ഉപയോഗിക്കുന്നു എന്ന് കാണിച്ച് ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു സമഗ്ര പദ്ധതിയെ എങ്ങനെ തള്ളിക്കളയാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സൗജന്യ യാത്രാ പദ്ധതികൾ നിലവിലുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ഇത്തരം പ്രത്യേക പദ്ധതികൾക്ക് സുപ്രീം കോടതിയുടെ മുൻകാല ഉത്തരവുകളുടെ സംരക്ഷണമുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates