High Court Says Nuns Cannot Be Denied Inheritance Rights for Choosing Religious Life (AI Generated Image)
Kerala

സന്യാസജീവിതം സ്വീകരിച്ചെന്ന കാരണത്താല്‍ സ്വത്തവകാശം നിഷേധിക്കാനാവില്ല: ഹൈക്കോടതി

മാതാപിതാക്കളുടെ വീട് വിട്ടുപോയതുകൊണ്ട് മാത്രം സഹോദരങ്ങള്‍ക്ക് കുടുംബസ്വത്തിനോടുള്ള വൈകാരികബന്ധം ഇല്ലാതാകില്ലെന്ന് ഹൈക്കോടതി

Author : വർഷ സോമരാജ്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: മതപരമായ ജീവിതം സ്വീകരിച്ച് കന്യാസ്ത്രീയായെന്ന കാരണത്താല്‍ ഒരാള്‍ക്ക് പിതൃസ്വത്തിലുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കും സ്വത്തവകാശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.295 ഏക്കര്‍ കുടുംബസ്വത്തിന്റെ നഷ്ടപരിഹാരത്തുക വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. സന്യാസജീവിതം സ്വീകരിച്ചതിലൂടെ തന്റെ സഹോദരി ലൗകികജീവിതത്തില്‍നിന്ന് വിരമിക്കുകയും നിയമപരമായി 'സിവില്‍ ഡെത്ത്' സംഭവിക്കുകയും ചെയ്തതിനാല്‍ പിതൃസ്വത്തില്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരനായ ജോസ് എഎം വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി.

66 വയസ്സുള്ള ജോസിനും അഞ്ച് സഹോദരങ്ങള്‍ക്കും പിതാവില്‍നിന്ന് ലഭിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ 3,74,34,449 രൂപയുടെ നഷ്ടപരിഹാരത്തുക ആറുപേര്‍ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് അതോറിറ്റി (അഡീഷനല്‍ ജില്ലാ കോടതി-4) ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ജോസ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, ക്രിസ്ത്യന്‍ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും അനന്തരാവകാശ കാര്യത്തില്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം പ്രത്യേക വ്യത്യാസങ്ങളൊന്നും പറയുന്നില്ലെന്ന് ജസ്റ്റിസ് ജി ഗിരീഷ് വ്യക്തമാക്കി. മതപരമായ ജീവിതം സ്വീകരിക്കുകയും ലൗകിക സുഖങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന കാരണത്താല്‍ മാത്രം അനന്തരാവകാശമായോ വില്‍പ്പത്രം വഴിയോ ലഭിക്കുന്ന സ്വത്ത് നഷ്ടപ്പെടില്ലെന്ന് 2017ലെ ഡിവിഷന്‍ ബെഞ്ച് വിധിയും കോടതി ചൂണ്ടിക്കാട്ടി. മോളി ജോസഫ് വേഴ്‌സസ് ജോര്‍ജ് സെബാസ്റ്റ്യന്‍ (1997) കേസിലെ സുപ്രീംകോടതി വിധിയും ജഡ്ജി പരാമര്‍ശിച്ചു. നിയമനിര്‍മാണത്തിലൂടെ നിലവില്‍ വന്ന നിയമങ്ങള്‍ വ്യക്തിനിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മുകളിലാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

മറ്റ് സഹോദരങ്ങള്‍ മാതാപിതാക്കളുടെ വീട് വിട്ട് താമസം മാറിയതിനാല്‍ ഭൂമി നഷ്ടപ്പെട്ടതിന്റെ വൈകാരിക ആഘാതം തനിക്കുണ്ടായ അത്രയും അവര്‍ക്കുണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരത്തുകയുടെ ഭാഗം അവര്‍ക്ക് നല്‍കേണ്ടതില്ലെന്നും ജോസ് വാദിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കളുടെ വീട് വിട്ടുപോയതുകൊണ്ട് മാത്രം സഹോദരങ്ങള്‍ക്ക് കുടുംബസ്വത്തിനോടുള്ള വൈകാരികബന്ധം ഇല്ലാതാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബസ്വത്തിന്റെ സഹഉടമയെന്ന നിലയില്‍ ഭൂമി കൈകാര്യം ചെയ്തിരുന്നുവെന്ന കാരണത്താല്‍ നഷ്ടപരിഹാരത്തുക മുഴുവനായി സ്വന്തമാക്കാന്‍ ജോസിന് പ്രത്യേക അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കുടുംബസ്വത്തിലുള്ള അവകാശം ഒരു സഹോദരന്‍ ഒത്തുതീര്‍പ്പ് കരാര്‍ വഴി ഉപേക്ഷിച്ചിരുന്നുവെന്നും ജോസ് വാദിച്ചു. എന്നാല്‍, ഈ കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ നിയമപരമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥാവരസ്വത്തിലെ അവകാശങ്ങള്‍ സൃഷ്ടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന രേഖകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നേരത്തെ നടന്ന കുടുംബ ഒത്തുതീര്‍പ്പ് രേഖപ്പെടുത്തുന്ന മെമ്മോറാണ്ടത്തിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും, ഇവിടെ സഹോദരന്റെ അവകാശം ഇല്ലാതാക്കുന്നതായിരുന്നു കരാറെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ജോസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച അപ്പീല്‍ പരിഗണിക്കും.

Kerala High Court Says Nuns Cannot Be Denied Inheritance Rights for Choosing Religious Life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മിഷന്‍ ചക്കക്കൊമ്പന്‍' ഓണ്‍, കുങ്കിയാനകള്‍ എത്തി; മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കും, കാടുമാറ്റം പിന്നീട് പരിഗണിക്കും

വരനൊപ്പം പടക്കവുമായി എത്തിയവരെ തടഞ്ഞു; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്

'സതീശന്റെ പ്രവര്‍ത്തന ശൈലി': ഖാര്‍ഗെയെ കണ്ട് ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍