Amartya Sen on vision 2031 
Kerala

രാജ്യം ഉറ്റുനോക്കുന്ന മാതൃക, മതേതരത്വ സംരക്ഷണത്തില്‍ കേരളം ഇന്ത്യയെ നയിക്കണം: അമര്‍ത്യാ സെന്‍

കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നില്‍ ചരിത്രപരമായ അടിത്തറയുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകതയെന്നും ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ഇന്ത്യയില്‍ മതേതരത്വം ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക സംഭാവന നല്‍കാന്‍ കേരളത്തിന് കഴിയണമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച 'വിഷന്‍-2031' അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അമര്‍ത്യ സെന്നിന്റെ പ്രതികരണം. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നില്‍ ചരിത്രപരമായ അടിത്തറയുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകതയെന്നും ചൂണ്ടിക്കാട്ടി.

14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ കേരളം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് ആശ്ചര്യകരമാണ്. ഇബ്നു ബത്തൂത്തയുടെ രേഖകളില്‍ കേരളത്തെ കുറിച്ച് പരാമര്‍ശമുണ്ട്. കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകത. ഇന്ത്യയിലേക്കുള്ള ഒരു കവാടമെന്ന നിലയില്‍ കേരളത്തിന്റെ പങ്ക് രാജ്യത്തിന് മൊത്തത്തില്‍ മൂല്യവത്തായി. തുറന്ന മനസ്സോടെയും പരീക്ഷണാത്മകമായും തുടരാന്‍ സംസ്ഥാനത്തിന് കഴിയുന്നതില്‍ ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭടന്‍ കേരളീയനാണെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകളുണ്ട്. പാടലീപുത്രത്തിലാണ് ആര്യഭടന്‍ താമസിച്ചതെങ്കിലും അദ്ദേഹം കേരളത്തില്‍നിന്നു വന്നതാണെന്നാണ് തെളിവുകള്‍.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയില്‍ കേരളം കൈവരിച്ച അതിശയിപ്പിക്കുന്ന നേട്ടം വികസന കാഴ്ചപ്പാടിന്റെ വിജയമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയായി കേരളം മാറി.

1957ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആവേശം ഓര്‍മകളിലുണ്ട്. യാഥാസ്ഥിതികമല്ലാതെ, 'വ്യത്യസ്ത പാതയിലൂടെ ജനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന് കഴിയുമോ' എന്ന് അന്ന് കോളേജ് സ്ട്രീറ്റിലെ കോഫി ഹൗസുകളില്‍ വലിയ സംവാദം നടക്കുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേരളത്തിന് വികസനത്തിന് പണം കണ്ടെത്താന്‍ കഴിയില്ലെന്ന് പലരും എന്നോട് വാദിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ ആ പഴയ സംശയവാദികള്‍ക്കെല്ലാം സൗജന്യമായി കോഫി വാങ്ങി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. കേരളത്തിന്റെ മാനവവിഭവശേഷി വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തെറ്റിയില്ല. കേരളത്തില്‍ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളികളില്ല. എന്നാല്‍, ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി മോശമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയുടെ ഭാവിയെ കുറിച്ച് തനിക്കിപ്പോള്‍ ആശങ്കയുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഇന്ത്യയിലെ മതേതരത്വം പരാജയപ്പെടില്ലെന്ന ആത്മവിശ്വാസം ദുര്‍ബലമാകുന്നുണ്ട്. രാജ്യത്തിന്മേല്‍ സംഘടിതമായി അടിച്ചേല്‍പ്പിക്കുന്ന ആശയത്തെ ചെറുക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മതേതരത്വത്തിന്റെ ഭാവി എന്നും അദ്ദേഹം പറഞ്ഞു.

Economist and Nobel laureate Amartya Sen has said that while Kerala has made remarkable advances in human development, it should also make a definitive contribution to strengthening secularism in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍; മാര്‍ച്ച് 14 നകം നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

കോളിഫ്ലവർ പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; അസം മുന്‍ അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; തിരിച്ചടി

ജീരകത്തിലും മായമോ? വ്യാജനെ കണ്ടുപിടിക്കാന്‍ വഴികളുണ്ട്

'ഇതൊന്നും കാണാൻ നമ്മളില്ലേ'; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി (വിഡിയോ)

SCROLL FOR NEXT