മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പം മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് മന്ത്രിമാരുടെയും നേതൃത്വത്തിന്റെയും യോഗത്തിൽ ധാരണ. പദ്ധതിയിൽ നിന്ന് കേരളത്തിന് നിയമപരമായി പിന്മാറാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, കേന്ദ്രത്തിന്റെ സാമ്പത്തിക-ഭരണപരമായ വ്യവസ്ഥകൾ അംഗീകരിച്ചും എന്നാൽ പാഠ്യപദ്ധതിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഉറപ്പിച്ചുമാണ് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്.
പി.എം. ശ്രീ വിഷയത്തിൽ എതിർപ്പ് തുടരുന്ന എം.എസ്.എഫിനെയും പൊതുസമൂഹത്തെയും സർക്കാരിന് കരാറിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യം വിശദമായി ബോധ്യപ്പെടുത്താനാണ് പാർട്ടിയുടെ അടുത്ത നീക്കം. പദ്ധതിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നേതാക്കൾ പറയുന്നത്.
"കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പി.എം. ശ്രീ കരാറിൽ ഒപ്പുവെച്ചതോടെയാണ് അത് പ്രാബല്യത്തിൽ വന്നത്. ആ കരാറിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.കെ. ഉൾപ്പെടെയുള്ള പദ്ധതികൾക്കുള്ള കേന്ദ്രഫണ്ടും കേരളം കൈപ്പറ്റിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിലവിലെ യു.ഡി.എഫ് സർക്കാരിന് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറുക നിയമപരമായി സാധ്യമല്ല," ഒരു മുതിർന്ന മുസ്ലിം ലീഗ് നേതാവ് പറഞ്ഞു.
"കേരളത്തിലെ സർക്കാർ സ്കൂളുകളിൽ എസ്.സി.ഇ.ആർ.ടി. പാഠ്യപദ്ധതി തന്നെ തുടരും. കേന്ദ്ര സിലബസ് നടപ്പാക്കാൻ സർക്കാർ സമ്മതിക്കില്ല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന കാര്യത്തിൽ വ്യക്തതയുണ്ട്. ഈ യാഥാർഥ്യം എം.എസ്.എഫിനെയും മറ്റ് വിദ്യാർഥി സംഘടനകളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് ഇനി ചെയ്യാനുള്ളത്," നേതാവ് കൂട്ടിച്ചേർത്തു.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ ചൊല്ലി അതൃപ്തി പ്രകടിപ്പിച്ച യൂത്ത് ലീഗിനെ അനുനയിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ അവസരം ലഭിക്കാതിരുന്ന യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കൾക്ക് മറ്റ് സംഘടനാ-ബോർഡ് തല ചുമതലകൾ നൽകുന്നത് പരിഗണിക്കും.
മന്ത്രിമാരുടെ പ്രവർത്തനങ്ങളും പാർട്ടി പ്രവർത്തനങ്ങളുമായുള്ള ഏകോപനവും യോഗം വിലയിരുത്തിയതായി യോഗശേഷം മാധ്യമങ്ങളോട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മന്ത്രിമാർക്കെതിരെ പാർട്ടിക്കകത്ത് അസംതൃപ്തിയുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞെങ്കിലും, സംഘടനാ സംവിധാനവുമായി കൂടുതൽ ഏകോപനം പുലർത്തണമെന്നും പാർട്ടി നിർദേശം നൽകിയതായി സമ്മതിച്ചു.
പാർട്ടി മന്ത്രിമാർക്കെതിരെ സംഘടനാ തലത്തിൽ ഉയർന്ന പരാതികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു പാണക്കാട്ട് മന്ത്രിമാരുടെ യോഗം. ശനിയാഴ്ച കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് നേതൃത്വത്തിന്റെ നിർണായക കൂടിക്കാഴ്ച നടന്നത്. ലീഗ് മന്ത്രിമാർക്ക് പുറമെ സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസ് അലി ശിഹാബ് തങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates