തൃശൂർ: ചെണ്ടപ്പുറത്ത് കോലു വീഴുമ്പോള്‍ കൈകളുയര്‍ത്തി ആരവത്തോടെ താളം പിടിക്കുന്ന മേളപ്രേമികളുടെ നാട്ടില്‍, തൃശൂരിൽ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ആദ്യ താള വാദ്യോത്സവത്തിന് കേളികൊട്ടുയരുന്നു. കേരളത്തിലേതുള്‍പ്പെടെയുള്ള വ്യത്യസ്ത താള പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് താള പ്രണയികളുടെ അകം നിറയ്ക്കാന്‍ അവസരം ഒരുക്കുന്ന വാദ്യോത്സവം അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യ സംരംഭമാണ്. ഈ മാസം 11 മുതല്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് 'തത്തിന്തകത്തോം' എന്ന് പേരിട്ടിരിക്കുന്ന ദേശീയ താളവാദ്യോത്സവം നടത്തുന്നത്. കൈവിരലുകളില്‍ താളപ്രപഞ്ചത്തെ പകര്‍ത്തിയ ഉസ്താദ് സാക്കിര്‍ ഹുസൈനുള്ള സ്മരണാഞ്ജലി എന്ന നിലയിലാണ് പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്.
കേരളീയ വാദ്യകലയ്ക്ക് പകരം വയ്ക്കാവുന്ന മറ്റൊരു വാദ്യസങ്കേതം ലോകത്ത് എവിടെയുമില്ല എന്നതുതന്നെയാണ് ഈ വാദ്യോത്സവത്തെ വേറിട്ടതാക്കുന്നത്. കേരളീയ താളങ്ങളുടെയും ദേശീയതലത്തിലുള്ള താള സംസ്‌കൃതിയുടെയും വിസ്മയാവഹമായ പകര്‍ന്നാട്ടമായ ഈ വാദ്യോത്സവത്തിന് ജൂലൈ 11 ന് കാലത്ത് ഒന്‍പത് മണിക്ക് നടക്കുന്ന പെരിങ്ങോട് സുബ്രഹ്‌മണ്യന്‍ നയിക്കുന്ന ഇടയ്ക്ക വിസ്മയത്തോടെയാണ് തുടക്കം കുറിക്കുന്നത്.
മേളപ്പദം, മിഴാവിൽ തായമ്പക, ശിങ്കാരിമേളം, പഞ്ചാരിമേളം, പാണ്ടിമേളം, തായമ്പക, പഞ്ചവാദ്യം, ദേശതാളങ്ങളായ അര്‍ജ്ജുന നൃത്തത്തിന്റെയും ഗരുഡന്‍തൂക്കത്തിന്റെയും താളവിന്യാസങ്ങള്‍, മരുഭൂമിയുടെ താളമായ കര്‍താള്‍, തദ്ദേശീയമായ താളങ്ങള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, വിവിധതരം കലാവതരണങ്ങള്‍, ഹ്രസ്വചിത്ര പ്രദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് വാദ്യോത്സവം വിഭാവനം ചെയ്തിട്ടുള്ളത്. വാദ്യകലാ രംഗത്തേക്ക് സ്വപ്രയത്‌നത്തിലൂടെ വഴി വെട്ടിത്തെളിച്ച് നടന്നുവന്ന, കലയുടെ വിവിധ മേഖലകളില്‍ സജ്ജരായിത്തീര്‍ന്ന സ്ത്രീ കലാകാരികളുടെ പങ്കാളിത്തമാണ് ഈ വാദ്യോത്സവത്തിന്റെ ഏറ്റവും വലിയ കരുത്ത്. ജൂലൈ 13 രാത്രി 7.35 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചെയര്‍മാന്‍സ് സിംഫണിയോടെ വാദ്യോത്സവത്തിന് തിരശ്ശീല വീഴും.
ഉദ്ഘാടനം ജൂലൈ 11 വൈകീട്ട് 5.30ന് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കെടി മുഹമ്മദ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അനുസ്മരണം നടത്തും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍ താളവാദ്യോത്സവത്തിന്റെ പരിപ്രേക്ഷ്യം അവതരിപ്പിക്കും. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് അശോകന്‍ ചരുവില്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പുഷ്പവതി പിആര്‍, അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, നിര്‍വാഹക സമിതി അംഗം ടിആര്‍ അജയന്‍ സംസാരിക്കും.
വാദ്യോത്സവത്തിന്റെ മുഖ്യാകര്‍ഷണം സ്ത്രീ വാദ്യ കലാകാരികളുടെ പങ്കാളിത്തമാണ്. മൂന്ന് വേദികളിലായാണ് പരിപാടികൾ. കേരള സംഗീത നാടക അക്കാദമി കോമ്പൗണ്ടിലെ ബ്ലാക്ക് ബോക്സ്, ആക്ടര്‍ മുരളി തിയേറ്റര്‍, കെ.ടി മുഹമ്മദ് തിയേറ്റര്‍ എന്നിവയാണ് വേദികൾ.
100 രൂപ നല്കി ഡെലിഗേറ്റവാം
ജൂലൈ 11,12,13 തീയതികളില്‍ നടക്കുന്ന താളവാദ്യോത്സവത്തില്‍ 100 രൂപ അടച്ച് ഡെലിഗേറ്റവാം. അക്കാദമിയുടെ വെബ്സൈറ്റായ https://keralasangeethanatakaakademi.in കയറി ഗൂഗിള്‍ ഫോം പൂരിപ്പിച്ച് 100 രൂപ അടച്ച് ഡെലിഗേറ്റ് ആവാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമേ ഡെലിഗേറ്റ് ആവാന്‍ സാധിക്കൂ. ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ കിറ്റും ഭക്ഷണ കൂപ്പണും സൗജന്യമായി ലഭിക്കും.
അക്കാദമിയുടെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് താളവാദ്യോത്സവം സംഘടിപ്പിക്കുന്നത്. താന്‍ ചെയര്‍മാന്‍ ആയി ചുമതലയേല്‍ക്കുമ്പോള്‍ വാദ്യകലാകാരൻമാര്‍ക്ക് നല്കിയ വാഗ്ദാനമാണ് ഇതിലൂടെ നിറവേറ്റാന്‍ പോകുന്നതെന്ന് ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി പറഞ്ഞു.
അക്കാദമിയുടെ സ്വപ്നപദ്ധതിയാണ് താളവാദ്യോത്സവം. തികച്ചും രാഷ്ട്രീയമായ സന്ദേശം ഉള്‍ക്കൊള്ളുന്ന താളവാദ്യോത്സവം സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട വാദ്യകലാകാരരെ ഉള്‍പ്പെടുത്തിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകള്‍, ട്രാന്‍സ്ജെഡര്‍ എന്നിവരെ ഫെസ്റ്റിവലിന്റെ മുഖ്യഭാഗമാക്കിയതും ഫെസ്റ്റിവലിന്റെ സന്ദേശമാണെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി.
ഏതൊരു കലയും ഒരു രാഷ്ട്രീയ സംവാദം ആണ്. അതുകൊണ്ടുതന്നെ ഓരോ കലാ ചരിത്രവും പൊതുസമൂഹ ചരിത്രത്തിന്റെ ഭാഗമാകുന്നു. നാടോടിവഴക്കങ്ങള്‍ മുതല്‍ പോപ്പുലര്‍ കള്‍ച്ചര്‍ വരെ നീളുന്ന ഈ താളവാദ്യോത്സവം ലാവണ്യത്തേക്കാള്‍ പോരാട്ടത്തിന്റെ കഥകളാണ് ആവിഷ്‌കരിക്കുന്നത്. കലയും കാലത്തോടൊപ്പം പുതുക്കിക്കൊണ്ടേയിരിക്കുന്നു. ഈയൊരു ബോധ്യത്തിലാണ് ഈ ദേശീയ താളവാദ്യോത്സവം ക്യുറേറ്റ് ചെയ്തിട്ടുള്ളതെന്ന് ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ്ചെയര്‍മാന്‍ പുഷ്പവതി പിആര്‍, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശുഭ എംബി, പ്രോഗ്രാം ഓഫീസര്‍ വികെ അനില്‍കുമാര്‍ പങ്കെടുത്തു.
The Vadyotsavam is the first initiative in the history of the Kerala Sangeetha Nataka Akademi. The national percussion festival, titled 'Tanthikathom', will be held for three days from the 11th of this month.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates