കോഴിക്കോട്: ഹോണടിച്ചതിന് കോഴിക്കോട് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂര മർദനം. ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിനാണ് ഡോക്ടറെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് ഡോക്ടർ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്ടർക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നൽ ജംക്‌ഷനിൽനിന്ന് ഇടത്തോട്ടാണു പോകേണ്ടിയിരുന്നത്. ഫ്രീ ടേണുള്ള ഇവിടെ ജിദാത്തിന്റെ കാർ തടസം സൃഷ്ടിച്ചു നിൽക്കുകയായിരുന്നു. ഹോണടിച്ചതോടെ പ്രകോപിതനായ ജിദാത്ത് വണ്ടിയിൽ നിന്ന് ഇറങ്ങി വഴക്കിട്ടു. എന്നാൽ ഡോക്ടർ ഇയാളുടെ വാഹനത്തെ ഓവർടേക്ക് ചെയ്ത് മുന്നോട്ടു പോയി.
ഇതോടെ ഡോക്ടറുടെ വാഹനത്തെ ജിദാത്ത് പിന്തുടരുകയായിരുന്നു. പി.ടി. ഉഷ റോഡ് ജംക്‌ഷനിലെത്തിയപ്പോൾ മുന്നിൽ കാർ കയറ്റി തടയുകയും ഇറങ്ങിച്ചെന്ന് മർദിക്കുകയുമായിരുന്നു. വിവരം അന്വേഷിക്കാൻ ഗ്ലാസ് താഴ്ത്തിയ ഡോക്ടറെ ഇടിച്ചുവീഴ്ത്തി. തുടർന്ന് കാറിന്റെ ഡോർ തുറന്ന് വലിച്ചുപുറത്തിട്ടും ആക്രമിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്ടറെ രക്ഷിച്ച് സമീപത്തെ ഫ്ലാറ്റിലേക്ക് മാറ്റിയത്. നാട്ടുകാർ തടഞ്ഞെങ്കിലും ബഹളത്തിനിടയിൽ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവർ നൽകിയ വാഹന നമ്പറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണു കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates