കോട്ടയം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കര്‍ശനനടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍. പാര്‍ട്ടിയുടെ അന്തസ്സ് കാത്തൂസൂക്ഷിക്കാനും ജനങ്ങളുടെ മനസില്‍ കോണ്‍ഗ്രസിനുള്ള അംഗീകാരം വീണ്ടെടുക്കാനുമായി ആരോപിതനായ രാഹുലിനെ പുറത്താക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടി വേണമെന്നാണ് തിരുവഞ്ചൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും നിലപാട് എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും തിരവഞ്ചൂര്‍ പറഞ്ഞു.
രാഹുലിന്റെ കാര്യത്തിലെ നടപടിയില്‍ ഇന്നുതന്നെ കെപിസിസി തീരുമാനമുണ്ടാകും. രാഹുലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കും. എംഎല്‍എ സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം രാഹുലിന് എടുക്കാമെന്നും നേതാക്കള്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി വേഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷനിലാണ്. തെറ്റു തിരുത്താനുള്ള മാര്‍ഗമായാണ് സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സാധ്യതയില്ല. അതുകൊണ്ടു തന്നെ ശ്കതമായ നടപടിയുണ്ടാകും. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. കെ മുരളീധരന്‍ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ മുമ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നിലുണ്ട്. രാഹുല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തലത്തില്‍ കൂടി അന്വേഷണം നടത്തിയേനേ. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്പെന്‍ഷനിലായതിനാല്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ സ്ഥാനത്തു തുടരണോ എന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പൊക്കിള്‍ കൊടി ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു. അതിനാല്‍ ഇനി അതില്‍ ഒരു ഉത്തരവാദിത്തവുമില്ല. സാഹചര്യങ്ങള്‍ പരിശോധിച്ച് എംഎല്‍എ സ്ഥാനത്തു തുടരണോ വേണ്ടയോ എന്ന് സ്പീക്കര്‍ തീരുമാനിക്കട്ടെ. എംഎല്‍എ സ്ഥാനം പാര്‍ട്ടി നല്‍കിയ പദവിയാണെങ്കിലും, പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കാത്തയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്, അല്ലാതെ മതില്‍ ചാടാനല്ല എന്നും കെ മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി ഓരോ സ്ഥാനാര്‍ത്ഥികളെയും തീരുമാനിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി, ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന വ്യക്തി, ഇവര്‍ക്കൊന്നും ഇമ്മാതിരി പ്രവര്‍ത്തിക്കാനാകില്ല. കാരണം ഒരുപാട് ഔദ്യോഗിക ജോലികളും പാര്‍ട്ടി ജോലികളും അവര്‍ക്കുണ്ട്. ഇപ്പോള്‍ പറയപ്പെടുന്ന കാര്യങ്ങളൊക്കെ ചെയ്തുവെങ്കില്‍ പൊതു രംഗത്ത് എന്നല്ല ഒരു രംഗത്തും തുടരാന്‍ അര്‍ഹനല്ല. രാഹുലിനെ തിരിച്ചറിയാന്‍ പാര്‍ട്ടി വൈകിയോയെന്ന ചോദ്യത്തിന്, ആരുടെയും മനസ്സ് കാമറ വെച്ച് പരിശോധിക്കാനാകില്ലല്ലോ എന്നും കെ മുരളീധരന്‍ പറഞ്ഞു.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. കോടതിയില്‍നിന്ന് നടപടികളുണ്ടായാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates