തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കെഎസ്ആര്‍ടിസി യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശനും നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവും നന്ദുവും ഹരി പത്തനാപുരവും. ഗതാഗത മന്ത്രി ഗണേഷ് കുമാറിനൊപ്പ കെഎസ്ആര്‍ടിസിയുടെ 'ഓര്‍മ്മ എക്സ്പ്രസിന്റെ' ആദ്യ യാത്രയിലാണ് കോളേജ് കാലത്തെ അനുഭവങ്ങള്‍ താരങ്ങള്‍ പങ്കുവച്ചത്. കവടിയാര്‍ സ്‌ക്വയറില്‍ നിന്ന് പുറപ്പെട്ട 'ഓര്‍മ്മ എക്സ്പ്രസ്' രാജ്ഭവന്‍, അയ്യങ്കാളി പ്രതിമ, മാനവീയം വീഥി വഴി യാത്ര ചെയ്ത് നിയമസഭയ്ക്കു മുന്നില്‍ അവസാനിച്ചു.
കെഎസ്ആര്‍ടിസിയുടെ ഭാവി ഭദ്രമാക്കുന്ന റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായാണ് 'ഓര്‍മ്മ എക്സ്പ്രസ്' യാത്ര സംഘടിപ്പിച്ചത്. കനകക്കുന്നില്‍ വെള്ളി മുതല്‍ ഞായര്‍ വരെ നടക്കുന്ന കെഎസ്ആര്‍ടിസി ഓട്ടോ എക്‌സ്‌പോയ്ക്കു വിളംബരം കൂടിയായിരുന്നു യാത്ര. 'ചെങ്ങളൂര്‍ ജംങ്ഷനില്‍ നിന്നു താന്‍ കയറുന്ന അതേ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ഒണ്‍ലി ബസില്‍ ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ അന്ന് കയറുമായിരുന്നു. ഞങ്ങളെല്ലാം ഫുട്‌ബോര്‍ഡില്‍ നിന്നാകും യാത്ര ചെയ്യുന്നത്''- കോളേജിലേക്കുള്ള ബസ് യാത്ര ഓര്‍മ്മിച്ച് പ്രിയദര്‍ശന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ റൂട്ടുകളില്‍ കലാ- സാഹിത്യ- കായിക- ശാസ്ത്ര രംഗത്തെ പ്രശസ്തരായ മലയാളികള്‍ ഓര്‍മ്മ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ് കൂമാര്‍ പറഞ്ഞു.
''കെഎസ്ആര്‍ടിസി മലയാളിയുടെ നൊസ്റ്റാള്‍ജിയയും അഹങ്കാരവുമാണ്. മലയാളത്തിലെ കലാകരന്മാരും സാഹിത്യകാരന്മാരും പ്രതിഭകളുമായ പലരുടേയും ജീവിതം കെഎസ്ആര്‍ടിസിയുമായി തൊട്ടു നില്‍ക്കുന്നതാണ്. പഠനകാലത്ത് അവരെല്ലാം ഈ ബസുകളിലായിരുന്നു. അന്നത്തെ അനുഭവങ്ങള്‍ ഓര്‍മ്മ എക്‌സ്പ്രസിലൂടെ ഇനിയും വരും. അന്നത്തെ ബസിലെ പ്രണയങ്ങള്‍, ബസില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ അവരെല്ലാം വരും ദിവസങ്ങളില്‍ ഓര്‍മ്മ എക്‌സ്പ്രസില്‍ യാത്ര ചെയ്യും''- ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
''കേരളത്തിന്റെ ചക്രമാണ് കെഎസ്ആര്‍ടിസി. 'ഓര്‍മ്മ എക്‌സ്പ്രസില്‍' സഞ്ചരിക്കുന്ന കേരളത്തിന്റെ അഭിമാന താരങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സുപ്രധാനമാണ്. അവരുടെ യാത്രകള്‍ കെഎസ്ആര്‍ടിസിയിലാണ് ആരംഭിച്ചത്. പക്ഷെ അവര്‍ ലോകത്തേക്ക് യാത്ര ചെയ്തവരും മികച്ച കണ്ടവരുമാണ്. അവര്‍ക്കെല്ലാം കേരളത്തിന്റെ പൊതുഗതാഗതത്തിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ടാകും''- മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കറും ഓര്‍മ്മ എക്‌സ്പ്രസില്‍ യാത്ര ചെയ്തു.
1937ല്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ.ജി സാള്‍ട്ടറെ സൂപ്രണ്ടാക്കി ആരംഭിച്ച പ്രസ്ഥാനമാണ് പിന്നീട് കെഎസ്ആര്‍ടിസി ആയി മാറിയത്. തിരുവതാംകൂര്‍- കൊച്ചി- മലബാര്‍ എന്നിങ്ങനെ വ്യത്യസ്തമായിരുന്ന നാടിനെ ഐക്യ കേരളം എന്ന നിലയില്‍ രൂപപ്പെടുത്തിയതിലും കെഎസ്ആര്‍ടിസിയുടെ ചരിത്രപരമായ സംഭാവനകളുണ്ട്- ഓര്‍മ്മ എക്‌സ്പ്രസ് കെഎസ്ആര്‍ടിസിയുടെ ഇത്തരം ചരിത്രത്തേയും പുതുതലമുറയ്ക്കു മുന്നിലെത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates