Kudumbashree to strengthen interventions to increase local employment opportunities File
Kerala

ഓണത്തിന് ഒരു ലക്ഷം തൊഴില്‍; പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ

പ്രാദേശിക സാമ്പത്തിക വികസന സമീപനത്തിന്റെ ഭാഗമായി തൊഴില്‍ കാംപയിനെ ഉള്‍പ്പെടുത്തും. ഇതിനായി, കുടുംബശ്രീ മുഖേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കര്‍മപരിപാടി രൂപപ്പെടുത്തും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കുടുംബശ്രീ. സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് വിജ്ഞാന കേരളവുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ കാംപയിന്‍ ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിയുടെ അധ്യക്ഷതയില്‍ വിജ്ഞാനകേരളം മുഖ്യ അഡൈ്വസര്‍ ഡോ. ടി എം തോമസ് ഐസക്ക്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗങ്ങളില്‍ തൊഴില്‍ കാംപയിന്‍ സംബന്ധിച്ച നടപടികള്‍ ആരംഭിക്കാന്‍ ധാരണയായി.

കേരളത്തിലെ തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 20 ശതമാനം പേര്‍ മാത്രമേ വീട്ടിനു പുറത്തുള്ള ജോലികളില്‍ ഏര്‍പ്പെടുന്നുള്ളൂ. ഇത് ഏതാനും വര്‍ഷംകൊണ്ട് 50 ശതമാനമായി ഉയര്‍ത്തുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണത്തിന് ഒരു ലക്ഷം തൊഴില്‍ എന്ന കാംപയിനിലൂടെ ഇതിന് തുടക്കമാകും. കാംപയിനിന്റെ മുന്നോടിയായി ഒരു ലക്ഷം സ്ത്രീകള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിജ്ഞാനകേരളം ക്യാമ്പയിന്‍ നിര്‍വഹണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിക്കും. പ്രാദേശിക സാമ്പത്തിക വികസന സമീപനത്തിന്റെ ഭാഗമായി തൊഴില്‍ കാംപയിനെ ഉള്‍പ്പെടുത്തും. ഇതിനായി, കുടുംബശ്രീ മുഖേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കര്‍മപരിപാടി രൂപപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ ഇതുമായി സംയോജിപ്പിക്കും. വിജ്ഞാന കേരളം തൊഴില്‍ ക്യാമ്പയിന്റെ നിര്‍വഹണ സംവിധാനം എന്ന നിലയില്‍ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളില്‍ ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും.

പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സംരംഭക സംഘടനകളുമായി ജില്ലാതല യോഗങ്ങള്‍ സംഘടിപ്പിക്കും. സംരംഭകരെ നേരിട്ട് ബന്ധപ്പെടുന്നതിന് മൂന്നു തലങ്ങളിലും പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ പ്രദേശത്തുമുള്ള തൊഴിലുകള്‍ക്ക് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി സ്ത്രീ തൊഴിലാളികളെ കണ്ടെത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എല്ലാ ബ്ലോക്കുകളിലും, മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. തൊഴില്‍ ലഭിക്കുന്നവര്‍ക്കുള്ള പരിശീലനം നല്‍കുന്നതിന് അസാപ്, കെ.എ.എസ്.ഇ. തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും അക്രഡിറ്റഡ് ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ വിജ്ഞാനകേരളം ഏകോപിപ്പിക്കും.

വിജ്ഞാനകേരളത്തിന്റെ പരിശീലനപരിപാടികളുടെ ഏകോപനം കിലയാണ് നിര്‍വഹിക്കുക. കെ-ഡിസ്‌കില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ജില്ലകളിലെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. കാംപയിന് ആവശ്യമായ സോഫ്റ്റ്വെയര്‍ കെ-ഡിസ്‌ക് ലഭ്യമാക്കും. നാഷണല്‍ സര്‍വീസ് സ്‌കീം സന്നദ്ധപ്രവര്‍ത്തകര്‍ കാംപയിനില്‍ സജീവ പങ്കാളികളായിരിക്കും.

വീട്ടമ്മമാര്‍ക്ക് ജോലി ചെയ്യുന്നതിലുള്ള സാമൂഹിക പിന്തുണ നല്‍കുക എന്നത് ക്യാമ്പയിനിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഓരോ തരം ജോലിക്കും പ്രത്യേകം നൈപുണ്യ പരിശീലന കോഴ്‌സുകള്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പ്രൊജക്ട് ആയിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള ചിലവിലേക്കായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജൂലൈയില്‍ പദ്ധതിയില്‍ പ്രൊജക്ടുകള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

വിജ്ഞാനകേരളത്തിന്റെ പ്രാദേശിക ജോബ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ഇനിമുതല്‍ തൊഴില്‍കേന്ദ്രം എന്ന പേരില്‍ സിഡിഎസ് ഓഫീസുകളിലായിരിക്കും പ്രവര്‍ത്തിക്കുക. ബ്ലോക്ക്-നഗരസഭാ തലത്തില്‍ ജോബ് സ്റ്റേഷനുകളായിരിക്കും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. ജില്ലാതലത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും വിജ്ഞാനകേരളം പിഎംയുവും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

എല്ലാ ജില്ലകളിലും മന്ത്രിമാര്‍ അധ്യക്ഷരായി വിജ്ഞാന കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ബ്ലോക്ക്-നഗരസഭാ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരും മുന്‍കൈ എടുക്കും. അതുപോലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിജ്ഞാനകൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കും.

സംസ്ഥാനത്തിന്റെ വികസനത്തെയും സ്ത്രീപദവിയെയും ഗാഢമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ദൗത്യമാണ് വിജ്ഞാനകേരളത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 25 വര്‍ഷം പിന്നിടുമ്പോള്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം വേതനാധിഷ്ഠിത തൊഴില്‍ ക്യാമ്പയിനിലൂടെ ലഭിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ വലിയ ചലനം ഉണ്ടാക്കാന്‍ ഈ ക്യാമ്പയിനിലൂടെ കഴിയും. സംസ്ഥാനത്തെ ജിഡിപിയിലും വലിയ മാറ്റം ഉണ്ടാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴിലന്വേഷകരുടെ പ്രായപരിധി നിശ്ചയിക്കുന്നത് സംരംഭകരായിരിക്കുമെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാലും 30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. ഓണക്കാലത്ത് ജോലി കിട്ടിയവരെയും തൊഴില്‍ ദാതാക്കളെയും തദ്ദേശസ്വയംഭരണസ്ഥാപനതലത്തില്‍ ആദരിക്കും. ഇതൊരു സാമൂഹിക ദൗത്യമായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ കിലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, കില ഡയറക്ടര്‍ ജനറല്‍ എ നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kudumbashree to strengthen interventions to increase local employment opportunities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT