കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സിപിഎം നേതാവ് എം വി ജയരാജന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്ന് സ്വീകരിച്ച നിലപാട് പിശകായിപ്പോയി. പയ്യന്നൂരില്‍ വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാമായിരുന്നുവെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ വിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ തുറന്നു പറച്ചില്‍.
പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെടാനിടയായതിന് വിവിധ ഘടകങ്ങള്‍ ഉണ്ടെങ്കിലും, അതിലൊരു ഘടകം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പോരായ്മയാണ്. തളിപ്പറമ്പ് പയ്യന്നൂരില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ്. തളിപ്പറമ്പില്‍ എസ്‌ഐആറിനും ശേഷം മണ്ഡലത്തിന്റെ ഘടനയില്‍ മാറ്റം സംഭവിച്ചുവെന്നും എം വി ജയരാജന്‍ പറഞ്ഞു.
പയ്യന്നൂര്‍ പോലെ തളിപ്പറമ്പ് ഉറച്ച് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലമായിരുന്നില്ല. അതേസമയം പയ്യന്നൂര്‍ ഉറച്ച മണ്ഡലം തന്നെയാണ്. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ജയിക്കാമായിരുന്നു. തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയോട് ഇടഞ്ഞ് മത്സരിച്ചു വിജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സിപിഎമ്മിലേക്ക് തിരിച്ചു വരാവുന്നതാണ്. ഏതു ഘട്ടത്തിലാണ് തെറ്റു തിരുത്തിയാല്‍ അത്തരം ആളുകളോട് പൊറുക്കാത്തതെന്നും എം വി ജയരാജന്‍ ചോദിച്ചു.
എംവി രാഘവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി മറുപുറത്തുപോയി മന്ത്രിയായി. എന്നാല്‍ അവസാന കാലത്ത് മരിക്കുന്നതിന് മുമ്പ് സിപിഎമ്മുമായി സഹകരിച്ചു കൊണ്ടല്ലേ വന്നത്. കെ ആര്‍ ഗൗരിയമ്മയും അത്തരത്തില്‍ വന്നു. ടി കെ ഗോവിന്ദന്‍ നാളെ നിലപാടു തിരുത്തി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറായി വരുമ്പോള്‍ അതു വേണ്ടെന്നു വെക്കുന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ജയരാജന്‍ പറഞ്ഞു.
ഒരാള്‍ വീട്ടില്‍ വന്നാല്‍ അയാളെ മാന്യമായി സ്വീകരിക്കണം. അതിനപ്പുറം പോകുന്നത് ഉചിതമായിട്ടുള്ള ഒന്നല്ല. പ്രത്യേകിച്ച് കോടിയേരിയുടെ ഭാര്യയാണ് എന്നതുകൊണ്ടു തന്നെ. ടികെ ഗോവിന്ദന്‍ മാഷിനെ മറക്കാന്‍ കഴിയില്ല. വര്‍ഗ വഞ്ചകനായി കാണാന്‍ കഴിയില്ല എന്നൊക്കെ കോടിയേരിയുടെ ഭാര്യ പറഞ്ഞിരുന്നു. അത് അവരുടെ വ്യക്തിപരമായ പ്രതികരണം ആയിട്ടു മാത്രമേ പാര്‍ട്ടി കാണുന്നുള്ളൂ എന്നും എംവി ജയരാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates