Kerala Style Wedding Function in Karachi 
Kerala

കറാച്ചിയിലെ 'കൊച്ചു കേരളം': പാകിസ്ഥാനിൽ മലയാളത്തനിമ കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ട് പഴക്കമുള്ള സമൂഹം

കേരളവുമായി വേരുകളുള്ള ഏകദേശം 10,000 പേർ പാകിസ്ഥാനിലുണ്ടെന്നാണ് കണക്ക്

Author : ലക്ഷ്മി ആതിര

മുത്തശ്ശന്മാർ കേരളത്തിൽനിന്ന് കറാച്ചിയിലേക്ക് കുടിയേറി. അവരുടെ മക്കൾ വളർന്നത് രണ്ട് സംസ്കാരങ്ങൾക്കിടയിലൂടെയായിരുന്നു. എന്നാൽ, മൂന്നാം തലമുറയെത്തിയപ്പോൾ മലയാളത്തേക്കാൾ പ്രിയം ഉറുദുവായി. എന്നിട്ടും, പൂർവികർ നട്ടുവളർത്തിയ കേരളവേരുകൾ കൈവിടാൻ ആ സമൂഹം തയാറായിട്ടില്ല. ഭക്ഷണത്തിലൂടെയും കുടുംബാചാരങ്ങളിലൂടെയും സാംസ്കാരിക ബന്ധങ്ങളിലൂടെയും ഒരു കൊച്ചു കേരളം ഇന്നും പാകിസ്ഥാനിലെ കറാച്ചിയിൽ നിലനിൽക്കുന്നു. പൂർവികർ നാടുവിട്ടുപോയി ഒരു നൂറ്റാണ്ടിലേറെ പിന്നിടുമ്പോഴും ആ പൈതൃകം പുതിയ തലമുറയിലേക്കും പകർന്നുനൽകുകയാണ്.

കേരളവുമായി വേരുകളുള്ള ഏകദേശം 10,000 പേർ പാകിസ്ഥാനിലുണ്ടെന്നാണ് കണക്ക്. ഇവരിൽ വലിയൊരു വിഭാഗവും കറാച്ചിയിലാണ് താമസിക്കുന്നത്. എന്നാൽ, ഇവരുടെ കുടിയേറ്റ ചരിത്രം ഒരുപോലെയല്ല. ഉപജീവനം തേടി കറാച്ചിയിലെത്തിയവരുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സൈനികസേവനത്തിന്റെ ഭാഗമായെത്തിയവരുമുണ്ട്. 1921ൽ സ്ഥാപിതമായ മലബാർ മുസ്‌ലിം ജമാഅത്താണ് ഈ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിലും കേരളവുമായുള്ള ബന്ധം നിലനിർത്തുന്നതിലും നിർണായക പങ്കുവഹിക്കുന്നത്.

Malayali communiti‘s new year celebration in Karachi

കറാച്ചിയിലെത്തിയ ആദ്യകാല മലയാളികളിൽ പലരുടെയും അതിജീവനകഥ തുടങ്ങുന്നത് ചെറിയ ചായക്കടകളിൽനിന്നാണ്. കാലക്രമേണ ഇവയിൽ പലതും ഭക്ഷണശാലകളായി വളർന്നു. തലമുറകൾക്ക് ഉപജീവനമാർഗമായ ഈ സംരംഭങ്ങൾ പാകിസ്ഥാനിൽ മലബാർ രുചികൾക്കും ഇടംനൽകി. ഇന്ന് കറാച്ചിയിലെ ഭക്ഷ്യ വിതരണ മേഖലയിൽ മലയാളി സമൂഹത്തിന് ഗണ്യമായ സാന്നിധ്യമണ്ട്. നൂറുകണക്കിന് ഭക്ഷണശാലകളാണ് കേരളീയ വിഭവങ്ങൾ വിളമ്പുന്നത്.

"എന്റെ പൂർവികർ കറാച്ചിയിലെത്തിയപ്പോൾ ചെറിയൊരു ചായക്കടയാണ് തുടങ്ങിയത്. പാകിസ്ഥാനികളുടെ പിന്തുണയും സഹായവുംകൊണ്ട് പിന്നീട് അത് ഭക്ഷണശാലയായി വളർന്നു. പ്രധാനമായും ഇന്ത്യൻ, മലബാർ വിഭവങ്ങളാണ് ഞങ്ങൾ വിളമ്പുന്നത്. ദൈവാനുഗ്രഹത്താൽ എല്ലാം നന്നായി പോകുന്നു. മലയാളി വംശജർ നടത്തുന്ന നൂറുകണക്കിന് മലബാർ ഭക്ഷണശാലകൾ ഇവിടെയുണ്ട്," കറാച്ചിയിൽ ഭക്ഷണശാല നടത്തുന്ന അബ്ദുൽ റഷീദ് പറയുന്നു.

Malabar Muslim Jamaat office

മലബാർ മുസ്‌ലിം ജമാഅത്ത് പാകിസ്ഥാൻ പ്രസിഡന്റ് മെഹ്മൂദ് അലിയുടെ കുടുംബചരിത്രത്തിന് ജമാഅത്തിന്റെ രൂപീകരണത്തിനും മുമ്പുള്ള പഴക്കമുണ്ട്. തിരുവനന്തപുരം സ്വദേശികളായിരുന്ന അദ്ദേഹത്തിന്റെ പൂർവികർ ബ്രിട്ടീഷ് നാവികസേനയിൽ സേവനമനുഷ്ഠിക്കാനാണ് കറാച്ചിയിലെത്തിയത്.

"എന്റെ മുത്തശ്ശന്മാരും മറ്റ് ബന്ധുക്കളും കറാച്ചിയിൽ വിന്യസിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്നു. വിഭജനത്തിനുശേഷം പാകിസ്ഥാൻ നാവികസേനയിൽ തന്നെ തുടരാനാണ് കുടുംബം തീരുമാനിച്ചത്. എന്നാൽ, കേരളവുമായുള്ള ബന്ധം പതിറ്റാണ്ടുകളോളം ശക്തമായി തുടർന്നു," മെഹ്മൂദ് പറയുന്നു.

1980കൾവരെ മിക്ക കുടുംബങ്ങളും വർഷത്തിലൊരിക്കലെങ്കിലും കേരളത്തിലെ തറവാട്ടുവീടുകളിലും ഗ്രാമങ്ങളിലും എത്തുമായിരുന്നു. നാട്ടിലെ ബന്ധുക്കളുമായുള്ള അടുപ്പം നിലനിർത്താൻ ഈ യാത്രകൾ സഹായിച്ചു. എന്നാൽ, പിന്നീട് സർക്കാരുകളുടെ നയങ്ങളിലും സാഹചര്യങ്ങളിലുമുണ്ടായ മാറ്റങ്ങൾ യാത്രകൾ കുറച്ചു. എന്നിട്ടും കേരളവുമായുള്ള ബന്ധം പൂർണമായി മുറിഞ്ഞിട്ടില്ല.

A medical camp organised by Malabar Muslim Jammat

"ഫോൺവിളികളും കുടുംബബന്ധങ്ങളുമാണ് ഇപ്പോഴും ഞങ്ങളെ നാട്മായി ബന്ധിപ്പിക്കുന്നത്. കേരളത്തിലെ ബന്ധുക്കളെയും കുടുംബത്തിന്റെ വേരുകളെയും കുറിച്ച് ഞങ്ങൾക്ക് ഇന്നും വ്യക്തമായ അറിവുണ്ട്," മെഹ്മൂദ് പറയുന്നു.

ഇരു ദേശങ്ങളെയും ബന്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് മറ്റെന്തിനേക്കാളും വലുതാണ്. കറാച്ചിയിലെ ഒരു വിവാഹസദ്യ ഇറച്ചിപ്പത്തിരിയില്ലാതെ പൂർത്തിയാകില്ല. പ്രഭാതഭക്ഷണത്തിൽ പുട്ടിനും ഇഡ്ഡലിക്കും ഇന്നും സ്ഥാനമുണ്ട്. മലബാർ ബിരിയാണി, ഉപ്പുമാവ് തുടങ്ങി കേരളീയ പലഹാരങ്ങളും കുടുംബസംഗമങ്ങളിലെയും നിത്യജീവിതത്തിലെയും വിഭവങ്ങളാണ്. വിവാഹങ്ങൾക്കും വിശേഷാവസരങ്ങൾക്കും പരമ്പരാഗത കേരളീയ വസ്ത്രങ്ങൾക്കാണ് ഇപ്പോഴും മുൻഗണന.

ഭാഷയിലാകട്ടെ, തലമുറകൾക്കിടയിലെ മാറ്റം വ്യക്തമാണ്. മുതിർന്നവർ വീട്ടിൽ മലയാളം സംസാരിക്കുകയും മക്കൾക്ക് ഭാഷ പകർന്നുനൽകുകയും ചെയ്തിരുന്നു. എന്നാൽ, പാകിസ്ഥാനിൽ ജനിച്ചുവളർന്ന പുതിയ തലമുറയ്ക്ക് മലയാളത്തേക്കാൾ പ്രിയം ഉറുദുവിനോടാണ്. എങ്കിലും മലയാളം അവരുടെ ജീവിതത്തിൽനിന്ന് പൂർണമായി അപ്രത്യക്ഷമായിട്ടില്ല. കേരളവുമായി ബന്ധം നിലനിർത്തുന്നതിൽ മലയാള സിനിമയും പ്രധാന പങ്കുവഹിക്കുന്നുണ്ട്

A Kerala style wedding function in Karachi

"ആഴ്ചയിൽ നാലോ അഞ്ചോ മലയാള സിനിമകളെങ്കിലും ഞാൻ കാണാറുണ്ട്," മെഹ്മൂദ് പറയുന്നു. കുടുംബസംഗമങ്ങളും പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന സമുദായത്തിന്റെ ക്രിക്കറ്റ് ടീമുകളുമെല്ലാം ഈ കൂട്ടായ്മയുടെ ബന്ധം നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ ഏകദേശം 95 ശതമാനം വിവാഹങ്ങളും സ്വന്തം സമുദായത്തിനുള്ളിൽത്തന്നെയാണ് നടക്കുന്നതെന്നാണ് കണക്ക്. ഇത് കുടുംബബന്ധങ്ങളും സാംസ്കാരിക അടുപ്പവും കൂടുതൽ ശക്തമാക്കുന്നു. പാകിസ്ഥാനിൽ ഒരിക്കലും വിവേചനം നേരിടേണ്ടിവന്നിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് തുല്യപരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്നും മെഹ്മൂദ് പറയുന്നു.

A century-old diaspora of Malayalis settled in Karachi, Pakistan, continues to preserve their Kerala heritage through food, traditions, and family ties, maintaining a vibrant community despite generations having passed since their ancestors migrated.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

60 ശതമാനം ചിത്രീകരണം പൂർത്തിയായി; ആദ്യ ഭാഗത്തേക്കാൾ ഗംഭീര ദൃശ്യവിസ്മയം, ‘രാമായണ 2’ അപ്ഡേറ്റ് പങ്കുവെച്ച് ഛായാഗ്രാഹകൻ

'തെറ്റായിപ്പോയി, ആ സിനിമ ചെയ്യാന്‍ പാടില്ലായിരുന്നു'; ക്ലാസിക് സിനിമയുടെ രണ്ടാം ഭാഗത്തെപ്പറ്റി ഉദയകൃഷ്ണ

'കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജി'; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

മുളകുപൊടിയില്ലാതെ, മാങ്ങ വെള്ളയ്ക്ക് അച്ചാറിടാം, റെസിപ്പി

ചെറുമത്സ്യങ്ങളുമായി ബോട്ട് ഫിഷറീസ് പിടിയിൽ; 2.5 ലക്ഷം രൂപ പിഴ