Thousands of devotees gathered at Aluva Mahadeva Temple ഫയൽ
Kerala

ശിവരാത്രിക്കായി മണപ്പുറം ഒരുങ്ങി, നാളെ വൈകീട്ട് നാലു മുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ഒരു മാസം നീളുന്ന വ്യാപാര മേള, ക്രമീകരണങ്ങള്‍ ഇങ്ങനെ

മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. നാളെ ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔദ്യോഗികമായി ആരംഭിക്കുക. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനായി ലേലം ചെയ്ത് നല്‍കുന്നത്.

ഇക്കൊല്ലം മൂന്നു ദിവസം ബലിതര്‍പ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നു കരുതുന്നു. ഇന്ന് അര്‍ധരാത്രിയോടെ ശിവരാത്രി ആരംഭിക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്നു മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാല്‍ അന്നു വാവുബലി തര്‍പ്പണവും നടത്താം.

നാളെ അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔപചാരികമായി ബലിതര്‍പ്പണം തുടങ്ങുക. പുഴയോരത്തെ ബലിത്തറകളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ അതിനു മുന്‍പേ പിതൃകര്‍മങ്ങള്‍ ആരംഭിക്കും. ശിവരാത്രിയോട് അനുബന്ധിച്ച് നാളെ വൈകീട്ടു 4 മുതല്‍ തിങ്കളാഴ്ച പകല്‍ 2 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങള്‍ക്കു ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ശിവരാത്രി ആഘോഷം. രാത്രി ഉറക്കമൊഴിയുന്നവര്‍ക്ക് അന്നദാനം നല്‍കും. ബലിതര്‍പ്പണത്തിനു 100 രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ നിരക്ക്. മണപ്പുറത്തേക്കു കെഎസ്ആര്‍ടിസി 210 സ്‌പെഷല്‍ ബസ് സര്‍വീസ് നടത്തും. രാത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയില്‍വേയുടെയും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസും ഉണ്ടാകും.

ബോര്‍ഡിനോടൊപ്പം ആലുവ നഗരസഭയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ഒത്തുചേര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ശിവരാത്രിനാളില്‍ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. ആലുവ നഗരത്തില്‍നിന്ന് ശിവരാത്രി നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്ന ഭക്തരെ വലതുഭാഗത്ത് കൂടി പ്രവേശിപ്പിക്കും. മണപ്പുറത്ത് നിന്ന് ഇടതുഭാഗത്ത് കൂടി നടപ്പാലത്തിലേക്ക് തിരികെ വിടും.

സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് മണപ്പുറത്തും ആലുവയിലും വിന്യസിക്കുക. പ്രത്യേക പൊലീസ് സ്റ്റേഷനും പരിശോധനയ്ക്കായി വാച്ച് ടവറുകളും സ്‌ക്വാഡുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എയ്ഡ് പോസ്റ്റുകള്‍, സിസിടിവി, വാച്ച് ടവര്‍, മഫ്തി പൊലീസ്, സ്‌കൂബ ടീം, പട്രോളിങ്, ആംബുലന്‍സ് സേവനം, കുടിവെള്ളം എന്നിവയും ഉണ്ടാകും. അഗ്‌നിരക്ഷാ സേനയും സംവിധാനങ്ങളുമായി മണപ്പുറത്ത് ക്യാമ്പ് ചെയ്യും. ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ത്തു. പെരിയാറിന് അക്കരെ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം നടക്കും. ആലുവ നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഒരു മാസക്കാലം നീളുന്ന വ്യാപാരമേളക്കും ശിവരാത്രി നാളില്‍ തുടക്കമാകും.

Manappuram is all set for Shivaratri, traffic restrictions in Aluva from 4 pm tomorrow; arrangements

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം; സംസ്ഥാനത്ത്‌ ഏഴ് അതിവേഗ റെയില്‍ പാതകള്‍ക്ക് സര്‍വേ അനുമതി

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

ചെറുപ്പം നിലനിർത്തണോ? ഈ ഭക്ഷണങ്ങളോട് നോ പറയാം

'അതൊന്നും ബോഡി ഡബിൾ അല്ല, ആക്ഷൻ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്'; 'രാജാസാബി'ലെ ഫൈറ്റ് രം​ഗങ്ങളെക്കുറിച്ച് മാളവിക

ആ സ്‌കൂട്ടര്‍ യാത്രികന് കിട്ടി എട്ടിന്റെ പണി! 3,250 രൂപ പിഴ, 7 ദിവസത്തെ ക്ലാസ്; 'മിന്നല്‍ പ്രഭ'യ്ക്ക് ആദരം

SCROLL FOR NEXT