N Prasanth, Jaya Tilak 
Kerala

മെസി വിവാദം: അന്വേഷണ റിപ്പോർട്ടിലും അടങ്ങാതെ ഐഎഎസ് പോര്; മുൻ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ എൻ പ്രശാന്തിന്റെ ഒളിയമ്പ്

സെക്രട്ടറിയേറ്റ് മാനുവൽ ലംഘിച്ചു; വിജിലൻസ് അന്വേഷണം വേണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തിൽ ദീർഘകാലമായി തുടരുന്ന ഏറ്റുമുട്ടലുകളുടെ തുടർച്ചയായി, മെസി വിവാദ റിപ്പോർട്ടിലും മുൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ പേരെടുത്തു പറയാതെ പരോക്ഷമായി ലക്ഷ്യം വെച്ച് എൻ പ്രശാന്ത് ഐഎഎസ്. ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടാണ് യുവജന കായിക വകുപ്പ് സെക്രട്ടറിയായ എൻ. പ്രശാന്ത് കായിക മന്ത്രിക്ക് കൈമാറിയത്. ബിസിനസ് ചട്ടങ്ങൾ പ്രകാരമുള്ള കൃത്യനിർവ്വഹണത്തിൽ ചീഫ് സെക്രട്ടറി പൂർണ്ണമായി പരാജയപ്പെട്ടതായി പ്രശാന്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനെ കേവലം ഒരു ഭരണപരമായ വീഴ്ചയായി കാണാനാകില്ലെന്നും മറിച്ച് സ്ഥാപനപരമായ മേൽനോട്ടത്തിന്റെ പരാജയമായി വേണം വിലയിരുത്താനെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

സെക്രട്ടറിയേറ്റിലെ യോഗങ്ങൾ വിളിച്ചുചേർക്കുന്ന ഒരു ഉദ്യോഗസ്ഥൻ മാത്രമല്ല ചീഫ് സെക്രട്ടറി. ബിസിനസ് ചട്ടങ്ങൾ നൽകുന്ന ചുമതലകൾക്ക് പുറമെ, മുഴുവൻ സെക്രട്ടറിയേറ്റിന്റെയും മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറിക്കാണെന്ന് കേരള സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിലെ പാരഗ്രാഫ് അഞ്ചിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട നടപടികളിൽ കായികം, ധനകാര്യം, നിയമം, ആഭ്യന്തരം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, നഗരാസൂത്രണം, ജി.സി.ഡി.എ, കെ.എസ്.ഇ.ബി, ജില്ലാ ഭരണകൂടം, കേന്ദ്ര സർക്കാർ, വിദേശ പണമിടപാട്, പൊതു സ്റ്റേഡിയം, അന്താരാഷ്ട്ര കരാറുകൾ ഉൾപ്പെടെയുള്ള നിരവധി പ്രധാന മേഖലകൾ ഉൾപ്പെട്ടിരുന്നു. ഇത്തരമൊരു വിഷയം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ വന്നപ്പോൾ ബിസിനസ് ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടായിരുന്നു. ധനകാര്യ, നിയമ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി നേടിയിട്ടുണ്ടെന്നും, ഫിഫ, എ.ഐ.എഫ്.എഫ് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ടെൻഡർ നടപടികൾ സുതാര്യമായി നടന്നിട്ടുണ്ടെന്നും, സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി താത്പര്യങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്നതിൽ വീഴ്ച സംഭവിച്ചു.

ഫയലിൽ വെളിപ്പെടുത്തിയിട്ടുള്ള തികച്ചും ഗൗരവതരമായ നടപടിക്രമ ലംഘനങ്ങളും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും പൊതുസ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ വരുത്തിയ വീഴ്ചകളും കണക്കിലെടുക്കുമ്പോൾ ഈ ഫയൽ പൂർണ്ണമായി അവസാനിപ്പിക്കാൻ കഴിയില്ല. നടന്ന ക്രമരഹിതമായ നടപടികൾക്ക് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകാനും ഭരണപരമായ ന്യായീകരണങ്ങളൊന്നുമില്ല. അതിനാൽ പദ്ധതിയുടെ തുടക്കം മുതൽ നിലവിലെ തർക്കം വരെയുള്ള ഓരോ ഘട്ടത്തിലും ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമക്കേടുകൾ കണക്കിലെടുത്ത് ഇതിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികൾക്കെതിരെ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

അന്നത്തെ കായിക മന്ത്രിയുടെയോ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെയോ നിർദ്ദിഷ്ട ലിഖിത കുറിപ്പുകളുടെയോ ഉത്തരവുകളുടെയോ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കായിക വകുപ്പിലെ ഉദ്യോഗസ്ഥർ നിർബന്ധിതരായതായാണ് മനസിലാകുന്നത്. ഭരണകൂടത്തിന് അയച്ച കത്തിലെ വിവരങ്ങൾ പോലും ഒരു കുറിപ്പ് വഴി പ്രൈവറ്റ് സെക്രട്ടറി നൽകിയതാണ്. പ്രധാന തീരുമാനങ്ങളൊന്നും വകുപ്പിന്റെ ഫയലിലൂടെയല്ല എടുത്തത്. ഈ നടപടികളോട് സെക്രട്ടറിയേറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥർ പൂർണ്ണമായി സഹകരിച്ചിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക മന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറി എന്നിവർ നേരിട്ട് നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതിയാണിതെന്ന് ഫയലുകളുടെ പരിശോധനയിൽ വ്യക്തമാകുന്നു.

മതിയായ രേഖാമൂലമുള്ള അടിത്തറയില്ലാതെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനം പ്രവർത്തിച്ചത്. ഈ വിഷയം വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമാക്കുകയും അതനുസരിച്ച് ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുകയും വേണം.കേരളം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് മെസിയുമായോ അർജന്റീന ടീമുമായോ നിയമസാധുതയുള്ള യാതൊരു വിധ കരാറിലും എത്തിയിരുന്നില്ലെന്ന് വ്യക്തമാണ്. പ്രകടമായ നിയമലംഘനങ്ങളുണ്ടായിട്ടും സർക്കാർ ആനുകൂല്യങ്ങൾ 'ആർ.ബി.സി' എന്ന സ്വകാര്യ കമ്പനിക്ക് ലഭ്യമായത് ചീഫ് സെക്രട്ടറി 2025 ഒക്ടോബർ 15-ന് ഇറക്കിയ വിശദമായ രണ്ടു പേജ് വരുന്ന ഉത്തരവിന്റെ ഫലമായാണ്.

ഇക്കാര്യങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെയോ പ്രത്യേക വിജിലൻസ് സംഘത്തിൻറെയോ നേതൃത്വത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണ്. ഗുരുതരമായ ഈ വീഴ്ചക്ക് കാരണക്കാരായവർ നിലവിൽ സർവീസിലില്ലെങ്കിലും സേവനകാലത്തെ വീഴ്ചകളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഇവരെ സംരക്ഷിക്കാൻ ഇത് പര്യാപ്തമല്ല. സർക്കാരിന് സാമ്പത്തികമായ നഷ്ടം വരുത്തുകയോ ഭരണതലത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയോ ചെയ്തതായി കണ്ടെത്തിയാൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാനോ പിൻവലിക്കാനോ 1958-ലെ അഖിലേന്ത്യാ സേവന വ്യവസ്ഥകളുടെ റൂൾ 6 പ്രകാരം വ്യവസ്ഥയുണ്ട്. കേരള സർവീസ് റൂൾസ് ഭാഗം മൂന്ന് അനുസരിച്ചും വീഴ്ച വരുത്തിയ സമയം കണക്കിലെടുത്ത് ഒരു ഉദ്യോഗസ്ഥനെതിരെ റിട്ടയർമെന്റിന് ശേഷവും നടപടികളുമായി മുന്നോട്ടുപോകാൻ വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അവസാനിക്കാതെ ഐഎഎസ് പോര്

കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. എ. ജയതിലകും എൻ. പ്രശാന്തും തമ്മിലുള്ള തർക്കം അടുത്ത കാലത്ത് ഉദ്യോഗസ്ഥതലത്തിലെ പരസ്യമായ ഏറ്റുമുട്ടലുകളിലേക്ക് വഴിമാറുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. തനിക്കെതിരെ മാധ്യമങ്ങൾക്ക് ഫയൽ ചോർത്തി നൽകിയെന്ന് ആരോപിച്ച് എൻ. പ്രശാന്ത് ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതോടെയാണ് ഈ തർക്കങ്ങൾക്ക് തുടക്കമാകുന്നത്. ജയതിലക് സർക്കാരിന് നൽകിയ റിപ്പോർട്ടുകൾക്കെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച എൻ. പ്രശാന്ത്, ഡോ. എ. ജയതിലകിനെ 'മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി' എന്ന് വിശേഷിപ്പിച്ചത് വിവാദത്തിന് പുതിയ മാനം നൽകി. സർവീസ് ചട്ടങ്ങൾ ലംഘിച്ച് മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരസ്യപ്രതികരണം നടത്തിയതിന് സംസ്ഥാന സർക്കാർ എൻ. പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെ ഡോ. എ. ജയതിലകിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും ചട്ടലംഘനവും ആരോപിച്ച് എൻ. പ്രശാന്ത് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകി. സസ്പെൻഷൻ കാലയളവിലും ജയതിലകിന്റെ പ്രവർത്തനരീതികളെയും അധികാരത്തോടുള്ള സമീപനത്തെയും ചോദ്യം ചെയ്ത് പ്രശാന്ത് നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അടുത്തിടെ ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ദിവസവും അദ്ദേഹത്തിനെതിരെ എൻ. പ്രശാന്ത് രൂക്ഷമായ വിമർശനക്കുറിപ്പ് എഴുതിയിരുന്നു. മെസി വിവാദത്തിൽ മുൻ ചീഫ് സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് ഇതിനോടു ചേർത്ത് വായിക്കാവുന്നതാണ്

A report submitted by Youth Affairs and Sports Department Secretary N. Prashant IAS regarding the controversy over bringing Lionel Messi and the Argentina football team to Kerala contains severe findings against former Chief Secretary A. Jayathilak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മനുഷ്യത്വത്തിനെതിരായ ക്രൂരതകൾ; സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ

വിനോദിനേയും ആയിഷയേയും ഒന്നിപ്പിച്ച കൊച്ചുമിടുക്കി; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഞെട്ടി നിവിന്‍ പോളി, വിഡിയോ

ബഹിരാകാശത്തിന്റെ ഇരുട്ടില്‍ ഭൂമിയും ചന്ദ്രനും; ടൈം-ലാപ്സ് വിഡിയോയുമായി അനില്‍ മേനോന്‍

ലക്ഷങ്ങളുടെ ലോണ്‍ ഉണ്ടോ?, എളുപ്പം അടച്ച് തീര്‍ത്ത് പണം ലാഭിക്കാം; ഇതാ സിംപിള്‍ ടെക്‌നിക്

കൊഴിയില്ല! ഇടതൂർന്ന നീണ്ട മുടിക്ക്; ആല്‍മരത്തിന്റെ വേരുകൊണ്ടുള്ള എണ്ണ എങ്ങനെ വീട്ടിലുണ്ടാക്കാം