VD-Satheesan-MIni 
Kerala

സതീശനില്‍ വിശ്വാസം; വാക്കുമാറിയാല്‍ വീണ്ടും സമരത്തിലേക്ക്: എസ് മിനി

ആശാ വര്‍ക്കര്‍മാര്‍ പ്രതീക്ഷയില്‍

Author : സനല്‍ ദേവ്. ബി

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാക്കു തന്നതായി ആശാ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനി. സതീശന്‍ മുഖ്യമന്ത്രിയായതിനു ശേഷം നാലഞ്ചു തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തീരുമാനമെടുക്കാനും ഓണറേറിയം വര്‍ധിപ്പിക്കാനും കൂടുതല്‍ സമയം വേണമെന്നാണ് സതീശന്‍ പറഞ്ഞത്. എന്നാല്‍ 4 മാസത്തില്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്നും ജനുവരിയോടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനിറങ്ങുമെന്നും മിനി പറഞ്ഞു. സിഐടിയുവിന്റെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍ 3 ദിവസം നടത്തിയ സമരം പരാജയമായിരുന്നു. ഇപ്പോള്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് മാസം 15,000 രൂപ കിട്ടുന്നുണ്ടെങ്കില്‍ അതിനു കാരണം 263 ദിവസം നീണ്ട സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന സമരമാണെന്നും മിനി സമകാലിക മലയാളത്തോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ സതീശന്‍ തന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇപ്പോഴും സതീശനെ വിശ്വസിക്കുന്നു എന്ന് പറയുമ്പോള്‍...?

അധികാരത്തില്‍ വന്നാല്‍ ആശമാരുടെ ഓണറേറിയം 21,000 ആയി ഉയര്‍ത്തും എന്നു പറഞ്ഞത് സതീശനാണ്. 3,000 രൂപ ആദ്യ ഘടു എന്ന നിലയില്‍ വര്‍ദ്ധിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. അധികം വൈകാതെ ഇത് 21,000 ആയി ഉയര്‍ത്തുമെന്ന്

സതീശന്‍ വാക്കു തന്നിട്ടുണ്ട്. അതില്‍ മാറ്റമുണ്ടായാല്‍ സമരം വീണ്ടും ആരംഭിക്കും. സമരം തുടങ്ങാനുള്ള സാഹചര്യം നിങ്ങളായി ഉണ്ടാക്കരുതെന്ന് വി ഡി സതീശനോട് വളരെ കൃത്യമായും സ്‌റ്റേണ്‍ ആയും പറഞ്ഞിട്ടുണ്ട്. അതില്‍ തര്‍ക്കവുമില്ല. ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമല്ല, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ പോളിസിയുമായ ബന്ധപ്പെട്ട കാര്യമാണത്. അതിന് സമയം ആവശ്യമാണ്. അതാണ് ഞങ്ങള്‍ നാലു മാസം സമയം സര്‍ക്കാരിന് നല്‍കിയത്. ജനുവരിയോടെ കാര്യങ്ങളില്‍ തീരുമാനമില്ലെങ്കില്‍ ഉറപ്പായും സമരം പ്രഖ്യാപിക്കും. അത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്‍പ്പിക്കും.

തെരഞ്ഞെടുപ്പ് സമയത്ത് ആശമാരുടെ സമരപന്തലില്‍ എത്തി സതീശന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു എന്നുള്ള ആക്ഷേപങ്ങളും ഉണ്ട്... യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് നിങ്ങളുടെ സമരവും ഒരു ഘടകമായിരുന്നില്ലേ..?

ആശമാരുടെ സമരം യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ, സതീശന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി എന്നതിനോട് യോജിപ്പില്ല. ശക്തമായ ഭരണവിരുദ്ധ വികാരം ഇവിടെ ഉണ്ടായിരുന്നു. അതില്‍ ഒരു വലിയ വിഷയം ആശമാരുടേതായിരുന്നു. രാഷ്ട്രീയ മുതലെടുപ്പ് നടത്തണമായിരുന്നെങ്കില്‍ ഞങ്ങളെ എല്‍ഡിഎഫിനും ഉപയോഗിക്കാമായിരുന്നു. മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ അങ്ങിനെയും ശ്രമം നടത്താമായിരുന്നു. അല്ലേ...? സതീശന്‍ ജന്യൂനായി ഇടപെട്ടെന്നാണ് ഞങ്ങള്‍ ഇപ്പോഴും വിലയിരുത്തുന്നത്. പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചാല്‍ മാത്രമേ അത്തരം നിഗമനങ്ങളില്‍ എത്താന്‍ സാധിക്കൂ... എല്‍ഡിഎഫ് ഭരണത്തില്‍ വിരമിക്കല്‍ ആനുകൂല്യങ്ങളേ ഇല്ലായിരുന്നു. അതാണിപ്പോള്‍ ഈ സര്‍ക്കാര്‍ പരിഗണിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സിഐടിയു, ഐന്‍ടിയുസി എസ്ഇയു എന്നീ യൂണിയനുകളുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധ സമരം നടന്നു. അവരും നിങ്ങളും ഉന്നയിക്കുന്നത് ഒരേ ആവശ്യങ്ങള്‍ തന്നെയല്ലേ...?

ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് അഭിപ്രായമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സിഐടിയു ആശ വര്‍ക്കര്‍മാരുടെ സമരം നടത്തിയത്. അവര്‍ക്ക് വ്യക്തതയുള്ള ഡിമാന്റുകളില്ല. അവരുടെ പ്രചാരണ ബോര്‍ഡുകളും ബ്രോഷറുകളും പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് വ്യക്തമാകും. സമരപന്തലിന് മുന്നില്‍ വി ഡി സതീശന്‍ പ്രഖ്യാപിച്ച 21,000 നല്‍കണമെന്നാണ് അവരുടെ സംസ്ഥാന സെക്രട്ടറി പ്രേമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 3 ദിവസം വിവിധ ജില്ലകളില്‍ പരിപാടി നടത്തി. എന്തുകൊണ്ട് തിരുവനന്തപുരത്ത് ഒരു പ്രതിഷേധ പരിപാടി നടത്തിയില്ല.... അതിനു കാരണം തിരുവനന്തപുരത്ത് ഒരു ആശാ വര്‍ക്കറെ പോലും അവര്‍ക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 30, നവംബര്‍ 1 തീയതികളില്‍ ഞങ്ങള്‍ സംസ്ഥാന സമ്മേളനം നടത്തി. അതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ വേണ്ടി അവര്‍ ഒക്ടോബര്‍ 28ന് വാര്‍ത്താ സമ്മേളനം വിളിച്ച് നവംബര്‍ 12നാണ് ആശാ വര്‍ക്കര്‍മാരുടെ പ്രധാന പരിപാടി എന്ന് പ്രഖ്യാപിച്ചു. ഇത് ഞങ്ങളുടെ അംഗങ്ങളിലും ആശയക്കുഴപ്പത്തിന് കാരണമാക്കി. മൊത്തത്തില്‍ അവരുടെ സമരം വന്‍ പരാജയമായിരുന്നു.

ഓണറേറിയം ഉയര്‍ത്തുമായിരിക്കാം. വിരമിക്കല്‍ ആനുകൂല്യം കിട്ടുമെന്നതില്‍ പ്രതീക്ഷയുണ്ടോ...?

62ാം വയസ്സില്‍ ആശ വര്‍ക്കര്‍മാരെ പിരിച്ചു വിടാനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍ പിന്തുടര്‍ന്നത്. വിരമിച്ചു കഴിഞ്ഞാല്‍ ആശമാര്‍ക്ക് ഒരു രൂപ സഹായമില്ല. എന്നാല്‍ ഞങ്ങള്‍ നടത്തിയ സമരത്തിന്റെ ഫലമായി ആ ഓര്‍ഡര്‍ സര്‍ക്കാരിന് പിന്‍വലിയ്‌ക്കേണ്ടി വന്നു. ഇനി റിട്ടയര്‍മെന്റ് ബെനഫിറ്റ് പ്രഖ്യാപിച്ചിട്ടേ എപ്പോള്‍ വിരമിക്കണമെന്ന പ്രായം തീരുമാനിക്കാന്‍ പറ്റു. അത് ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരോഗ്യ മന്ത്രിയുമായും ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വളരെ പോസിറ്റീവ് ആയ തീരുമാനത്തിനായി കാത്തിരിക്കുകയാണ്...

എല്‍ഡിഎഫ് കാലത്ത് 7,000 രൂപ കിട്ടിയിരുന്ന ഓണറേറിയം ഇപ്പോള്‍ 15,000 ആയെന്ന് പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ 3,000 രൂപ മാത്രമാണ് കൂട്ടിയത്. പിന്നെങ്ങനെ 15,000 ആകും...?

അതാണ് ഞങ്ങളുടെ സമരം പൂര്‍ണ്ണ വിജയമാണെന്ന് പറഞ്ഞത്. എല്‍ഡിഎഫ് ഭരണത്തില്‍ 7,000 രൂപ കിട്ടിക്കൊണ്ടിരുന്നത് പല മാനദണ്ഡങ്ങളും നിശ്ചയിച്ചുകൊണ്ടായിരുന്നു. പത്തോളം മാനദണ്ഡങ്ങളില്‍ പലതും പൂര്‍ത്തീകരിച്ചുകൊണ്ട് ജോലി ചെയ്യാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. മൂവായിരവും നാലായിരവുമൊക്കെയാണ് പലര്‍ക്കും കിട്ടിയിരുന്നത്. ഞങ്ങളീ മാനദണ്ഡങ്ങള്‍ ഈ സര്‍ക്കാരിനെകൊണ്ട് എടുത്തു മാറ്റിച്ചു. 7,000 കൃത്യമായി കിട്ടിത്തുടങ്ങി. അതിനൊപ്പം അന്നത്തെ സമരത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപയും ബജറ്റില്‍ പ്രഖ്യാപിച്ച ആയിരം രൂപയും കൂടൂം. ഇതൊന്നുമല്ലാതെ, എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരായിരം രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആശാ വര്‍ക്കര്‍മാര്‍ക്ക് കിട്ടേണ്ടത് പിടിച്ചു വെച്ചിരുന്നു. ഇതും ഞങ്ങള്‍ ഇടപെട്ട് റിലീസാക്കി എടുത്തു. ഇന്ന് 26,225 ആശ വര്‍ക്കര്‍മാര്‍ക്കും മാസം 15,000 കിട്ടുന്നുണ്ട്. അത് ഞങ്ങള്‍ 263 ദിവസം സമരം ചെയ്തതിന്റെ ഫലമാണ്. ഇത് നിസാരമായ അച്ചീവ്‌മെന്റല്ല.... 6,000 രൂപയുടെ വര്‍ദ്ധനവാണ് ഈ കഴിഞ്ഞ ഒരു വര്‍ഷത്തെ സമരത്തിലൂടെ ഞങ്ങള്‍ നേടിയെടുത്തത്.

എളമരം കരീമൊക്കെ വളരെ മോശമായ രീതിയിലാണ് ആശാ പ്രവര്‍ത്തകരെക്കുറിച്ച് പറഞ്ഞത്. അത്തരം അധിക്ഷേപങ്ങള്‍ അതിജീവിച്ചാണ് നിങ്ങള്‍ ഇവിടെ വരെ എത്തിയതല്ലേ..?

എളമരം കരീമാണ് ആശമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്ന് ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചത്. അതും ഇടതുപക്ഷ, തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഒരു തൊഴിലാളി യൂണിയന്‍ നേതാവിന്റെ ഭാഗത്തു നിന്ന്... എന്നാല്‍ ഇപ്പോള്‍ നോക്കൂ... അദ്ദേഹം അവതരിപ്പിച്ച സിഐടിയുവിന്റെ സംസ്ഥാന സമിതി റിപ്പോര്‍ട്ടില്‍ ആശ സമരം ഈ സര്‍ക്കാരിന്റെ പതനത്തിന് പ്രധാനപ്പെട്ട കാരണമായെന്ന് വായിച്ചില്ലേ...? കാലം നല്‍കിയ മറുപടിയാണിത്.

സമരത്തിനും സമ്മേളനങ്ങള്‍ക്കുമുള്ള ഫണ്ട് എവിടെ നിന്നാണ് നിങ്ങള്‍ കണ്ടെത്തുന്നത്...? വഴിവിട്ട് സമരത്തിനൊക്കെ ഫണ്ട് വന്നെന്നൊക്കെ മുന്‍പ് ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു...!!

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം അവസാനിച്ചപ്പോള്‍ ഏഴര ലക്ഷം രൂപയാണ് കട ബാധ്യത ഉണ്ടായിരുന്നത്. സമരത്തിലൂടെ 6,000 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് ആ കട ബാധ്യത നമ്മള്‍ ആശമാരില്‍ നിന്നുതന്നെ പിരിച്ചെടുക്കാന്‍ തീരുമാനിച്ചു. സംഭാവന ചോദിച്ചു. പലരും തന്നു. തന്നവര്‍ക്ക് റസീറ്റും നല്‍കി. സമരസമയത്ത് ചെലവിനായി ഒരാളില്‍ നിന്നും 50 രൂപയാണ് വാങ്ങിയത്. ആജീവനാന്ത അംഗത്വ ഫീസായി 100 രൂപയും മാസ വരിസംഖ്യ 10 രൂപയും. സമരമുള്ളപ്പോള്‍ പലരും അരിയും സാധനങ്ങളും ഭക്ഷണവും എത്തിച്ചു തന്നിരുന്നു. അല്ലാതെ മറ്റുള്ള ഫണ്ടൊന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. പക്ഷേ, തെളിയിക്കണം.

S Mini expressed hope that the government will approve the demands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!

'എല്ലാം ഭം​ഗിയായി നടന്നു, കരച്ചിൽ വരുന്നു'; വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് റിമി

'ഞങ്ങളുടെ വിക്ടറായി മാറിയതിന്'; ടൊവിനോയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

ഗായിക പുഷ്പതിയെ പറ്റി കേട്ടിട്ടില്ലെന്ന് മേയര്‍; അനുമതി നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി

റിമിയെ മിന്നുകെട്ടി ലിബിൻ; വെള്ള ​ഗൗണിൽ മാലാഖയെപ്പോലെ ​ഗായിക, ആശംസകൾ നേർന്ന് ആരാധകരും