തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയർ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്‌മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. നിയുക്തി തൊഴിൽമേള-2021 ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ സംഘടിപ്പിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെയാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.
ഐടി, ടെക്‌സ്‌റ്റൈൽ, ജ്വല്ലറി, ഓട്ടോമൊബൈൽസ്, അഡ്മിനിസ്‌ട്രേഷൻ, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികൾ തൊഴിൽമേളകളിൽ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിൽദാതാക്കളേയും ഉദ്യോഗാർത്ഥികളേയും ഒരേ വേദിയിൽ കൊണ്ടുവന്ന് പരമാവധി തൊഴിൽ നേടിയെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മെഗാ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ സാമ്പ്രദായിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആക്കുക എന്ന ലക്ഷ്യത്തോടുകൂടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഓൺലൈൻ സോഫ്റ്റ് വെയർ വികസിപ്പിക്കുകയും വെബ്‌സൈറ്റ് വഴി തൊഴിലന്വേഷകർക്ക് വിവരങ്ങൾ ലഭ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ സേവനങ്ങൾ തൊഴിലന്വേഷകരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ എൻ ഐ സി യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി ശിവൻകുട്ടി നിർവഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates