ചേര്‍ത്തല (ആലപ്പുഴ): പടക്കം പൊട്ടുന്നതിന് സമാനമായ ശബ്ദമുണ്ടാക്കി നിരത്തുകളിലൂടെ പാഞ്ഞ ബിഎംഡബ്ല്യു കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. സൈലന്‍സറില്‍ അനധികൃത രൂപമാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കിയ കാറാണ് ചേര്‍ത്തല ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു.
നവംബര്‍ 18ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം. ഹെവി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ ജോയിന്റ് ആര്‍ടിഒയുടെ വാഹനത്തെ അപകടകരമായി മറികടന്ന് അമിത ശബ്ദത്തോടെ പാഞ്ഞുപോയ ബിഎംഡബ്ല്യു കാര്‍ തിരുനെല്ലൂര്‍ സ്‌കൂളിന് സമീപം ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തിരുനെല്ലൂര്‍ തീര്‍ത്ഥം വീട്ടില്‍ കാളിദാസനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടകരമായ ഡ്രൈവിങ്ങിന്റെ പേരിലാണ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. വാഹനത്തിന്റെ സൈലന്‍സറില്‍ അനധികൃത രൂപമാറ്റം വരുത്തിയതിനും അമിത ശബ്ദമുണ്ടാക്കിയതിനും മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തു.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ മതിയായ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാഹനത്തില്‍ വരുത്തിയ അനധികൃത രൂപമാറ്റങ്ങള്‍ പൂര്‍ണമായും നീക്കി യഥാര്‍ഥ രൂപത്തിലാക്കി പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അപകടകരമായ ഡ്രൈവിങ്ങിനെക്കുറിച്ചും അനധികൃത വാഹന രൂപമാറ്റങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോ അല്ലെങ്കില്‍ വിഡിയോ, സംഭവം നടന്ന സ്ഥലം, തീയതി, സമയം എന്നിവ സഹിതം ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒയുടെ വാട്‌സ്ആപ്പ് നമ്പറായ 8547639032ല്‍ പരാതി നല്‍കാം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള അനധികൃത വാഹന രൂപമാറ്റങ്ങള്‍ തടയുന്നതിനും പരിശോധനകളും തുടര്‍നടപടികളും ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates