കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനത്തിലേക്ക് കടന്നുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ രാത്രി പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള വികസന രേഖയിന്മേലുള്ള ചർച്ച ഇന്നു രാവിലെ 9.30ന് ആരംഭിക്കും. അഞ്ചുമണിക്കൂറാണ് ഇതിനുള്ളത്. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് വൈകീട്ട് കോടിയേരി മറുപടി നൽകും.
നയരേഖചർച്ചയ്‌ക്ക് നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി മറുപടി പറയും. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും പാർടി കോൺഗ്രസ് പ്രതിനിധികളുടെയും തെരഞ്ഞെടുപ്പും നാളെ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കും.
75 വയസ്സെന്ന മാനദണ്ഡം ബാധകമായവർക്കു പുറമേ ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയേക്കും. യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കെ ജെ തോമസ്, എം എം മണി എന്നിവർ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ ഒഴിവായേക്കും.
പി കെ ശ്രീമതി, ഇ പി ജയരാജൻ, എ കെ ബാലൻ, എം വി ഗോവിന്ദൻ ഇവരിൽ ചിലരും സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കപ്പെട്ടേക്കാം. ആനത്തലവട്ടം ഒഴിവാകുന്ന സാഹചര്യത്തിൽ, മുതിർന്ന നേതാവും കൺട്രോൾ കമ്മിഷൻ ചെയർമാനുമായ എം വിജയകുമാർ സെക്രട്ടേറിയറ്റിലെത്തിയേക്കും. പി ശ്രീരാമകൃഷ്ണൻ, സി എസ് സുജാത, ജെ മേഴ്സിക്കുട്ടിയമ്മ, മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ തുടങ്ങിയവരുടെ പേരും പരിഗണനയിലുള്ളതായി റിപ്പോർട്ടുണ്ട്. പി ജയരാജനെ ഇത്തവണയും പരിഗണിച്ചേക്കില്ല.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ വിജയരാഘവൻ, പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, തോമസ് ഐസക്, ആനത്തവട്ടം ആനന്ദൻ, ഇളമരം കരീം, ബേബി ജോൺ, കെ ജെ തോമസ്, എം എം മണി, ടി പി രാമകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, എ കെ ബാലൻ എന്നിവരാണ് നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates