കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തതിൽ പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധം. പാണക്കാട് കുടുംബത്തിലെ ഒരാൾക്കെതിരെ പൊലീസ് കേസെടുക്കുന്നത് അസാധാരണമായ നടപടിയാണെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനം.
റാലിക്ക് പൊലീസ് അനുമതി നൽകിയിരുന്നുവെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ നിർദേശപ്രകാരം റാലിയുടെ വഴി മാറ്റിയിരുന്നുവെന്നുമാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ആവശ്യമായ സഹകരണം നൽകുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും നേതാക്കൾ ആരോപിക്കുന്നു.
"പാണക്കാട് കുടുംബത്തിൽപ്പെട്ട ഒരാൾക്കെതിരെ പൊലീസ് കേസെടുത്ത മുൻ അനുഭവമില്ലെന്നത് ശരിയാണ്. ഈ വിഷയത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ട്. റാലി നടത്താൻ പൊലീസിന്റെ എല്ലാ അനുമതിയും ഞങ്ങൾ നേടിയിരുന്നു. പൊലീസിന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിർദേശപ്രകാരം കലൂർ സ്റ്റേഡിയത്തിൽനിന്ന് ബോൾഗാട്ടി പാലസിൽ നിന്നും റാലി ആരംഭിക്കാൻ വേണ്ടി റൂട്ട് മാറ്റുകയും ചെയ്തു. എന്നാൽ പൊലീസ് വേണ്ടത്ര സഹകരിച്ചില്ല. ഞങ്ങളുടെ വൈറ്റ് ഗാർഡുകളാണ് പൊലീസിനേക്കാൾ കൂടുതൽ പ്രവർത്തിച്ചത്. പൊലീസ് കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല,' മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു.
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാനും രംഗത്തെത്തി. റാലി വിജയിക്കരുതെന്ന് ആഗ്രഹിച്ച ചിലർ പൊലീസിനുള്ളിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായും ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിൽ സാഹചര്യം നിയന്ത്രിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'റാലി വിജയിക്കരുതെന്ന് പൊലീസിനുള്ളിൽ ചിലർ ആഗ്രഹിച്ചിരുന്നോ എന്ന് ഞങ്ങൾ ആത്മാർഥമായി സംശയിക്കുന്നു. അല്ലെങ്കിൽ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ച് അവർക്ക് സാഹചര്യം എളുപ്പത്തിൽ നിയന്ത്രിക്കാമായിരുന്നു. പൊലീസിന്റെ എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ അംഗീകരിച്ച സംഘടനയുടെ തലയിൽ കുറ്റം കെട്ടിവയ്ക്കാനുള്ള ആസൂത്രിത നീക്കം മാത്രമാണ് ഈ കേസ്. പൊലീസിന്റെ നിർദേശങ്ങൾ അംഗീകരിച്ചതിന്റെ പേരിൽ ഞങ്ങളുടെ പ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. റാലി വെട്ടിച്ചുരുക്കേണ്ടിയും വന്നു. എന്നിട്ടും മുഴുവൻ കുറ്റവും ഇപ്പോൾ ഞങ്ങളുടെ മേൽ ചുമത്തുകയാണ്,' ഷിബു മീരാൻ പറഞ്ഞു.
അതിനിടെ, യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യവും ലീഗിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കായികമന്ത്രി ഒജെ ജനീഷും ക്ഷണം സ്വീകരിച്ചിട്ടും സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴിമരുന്നിട്ടിരിക്കുന്നത്. ഹരിപ്പാട്ടെ ഔദ്യോഗിക പരിപാടികൾ നീണ്ടുപോയതാണ് ചെന്നിത്തലയുടെ അസാന്നിധാനത്തിന് കാരണമെന്ന് ഓഫീസ് വിശദീകരിച്ചെങ്കിലും, കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തർക്കത്തിൽ സതീശനെ പിന്തുണച്ചതിലുള്ള അതൃപ്തി പാർട്ടിയിലെ ഒരു വിഭാഗം ലീഗിനോട് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണോ ഈ അസാന്നിധ്യമെന്ന ചർച്ചയും സജീവമാണ്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കളുടെ സാന്നിധ്യം ലീഗ് പ്രതീക്ഷിച്ചിരുന്നു.
ഇതിന് പിന്നിൽ കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമാണെന്നാണ് സതീശൻ പക്ഷത്തെ ഒരു മുതിർന്ന നേതാവിന്റെ വിലയിരുത്തൽ. സതീശനെ പിന്തുണച്ച മുസ്‌ലിം ലീഗിനോട് കോൺഗ്രസിലെ അദ്ദേഹത്തിന്റെ എതിർപക്ഷം പകപോക്കുകയാണെന്ന് നേതാവ് ആരോപിച്ചു.
'1995ൽ കെ. കരുണാകരന് പകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായതുമുതൽ കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ മുസ്‌ലിം ലീഗിന് നിർണായക പങ്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സീറ്റുകൾ നിലനിർത്തണമെങ്കിൽ കോൺഗ്രസിന് ലീഗിന്റെ വോട്ടുകൾ ആവശ്യമാണ്. പ്രത്യേകിച്ച് മലബാറിൽ മുസ്‌ലിം ലീഗിനെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ല. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ച് ലീഗിനെ ചേർത്തുനിർത്താൻ കോൺഗ്രസ് നേതൃത്വം തയാറായില്ലെങ്കിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകും,' അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ ഘടകകക്ഷികളുമായി ഏറ്റവും മികച്ച ബന്ധം പുലർത്തുന്ന കോൺഗ്രസ് നേതാവ് സതീശനാണെന്നും ഇത്തരം നീക്കങ്ങൾ അദ്ദേഹത്തിന് രാഷ്ട്രീയമായി കൂടുതൽ കരുത്തുപകരുമെന്നും നേതാവ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates