വീണ ജോര്‍ജ് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു 
Kerala

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കും; മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ ശക്തമായ നടപടികള്‍; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസൊലേഷനില്‍; ആരോഗ്യമന്ത്രി

കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യത കൂടുതല്‍ ഉള്ളതിനാല്‍ ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ രോഗം മറ്റുള്ളവര്‍ക്ക് വരാത്ത രീതിയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. ഉറവിടം കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യത കൂടുതല്‍ ഉള്ളതിനാല്‍ ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. സമ്പര്‍ക്കം പുലര്‍ത്തിയവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടി സഞ്ചരിച്ച സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ച പന്ത്രണ്ട് വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളില്‍ ആദ്യം കാണിച്ചെങ്കിലും രോഗം ഗുരതരമായതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കല്‍ കോളജില്‍ കുറച്ച് ദിവസം അഡ്മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. അതിനിടെ വെന്റിലേറ്റര്‍ ലഭ്യതയുടെ പ്രശ്‌നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു.ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരതരമായി, ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.

നിപ മരണം സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്. കോഴിക്കോട് ചാത്തമംഗലത്ത് മരിച്ച 12വയസുകാരന് രോഗം വന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.

പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അര്‍ധ രാത്രിയോടെ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം പൊലീസെത്തി അടച്ചു.

ഈ വീടുള്‍പ്പെടുന്ന വാര്‍ഡിലേക്കുള്ള റോഡും അടച്ചു. 17 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കുടുംബത്തിലെ ഏക മകനാണ് മരിച്ച 12വയസുകാരന്‍. 

മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. വീടിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ റോഡുകള്‍ അടച്ചിട്ടുണ്ട്. സമീപത്തെ വാര്‍ഡുകളിലും ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍