തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. സ്വർണക്കടത്തുകേസിൽ ബിജെപി– സിപിഎം ഒത്തുകളിയാണെന്നും രാഹുൽ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോൺഗ്രസിൻറെ കൂറ്റൻ സമ്മേളനത്തിലായിരുന്നു രാഹുലിൻറെ രാഷ്ട്രീയ ആരോപണം.
ഇതാദ്യമായാണ് രാഹുൽ പിണറായി വിജയനെതിരെ ഇത്ര രൂക്ഷമായ വിമർശനം നടത്തുന്നത്. ഘടക കക്ഷി നേതാക്കൾ ഉൾപ്പെടെ അണിനിരന്ന പൊതുസമ്മേളനത്തോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായി.
എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് രാഹുൽ ചോദിച്ചു. 'സിപിഎം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണക്കടത്ത് നടത്താമെന്ന് രാഹുൽ തുറന്നടിച്ചു. എൽഡിഎഫിനൊപ്പമാണെങ്കിൽ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കിൽ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ല. സിപിഎം ചെയ്യുന്നതൊന്നും ജനങ്ങൾക്ക് വേണ്ടിയല്ല, എല്ലാം പാർട്ടിക്ക് മാത്രമാണ്'– അദ്ദേഹം പറഞ്ഞു.
ആഴക്കടൽ മൽസ്യബന്ധന കരാർ സംബന്ധിച്ചും രാഹുൽ ആരോപണമുന്നയിച്ചു. സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം തട്ടിയെടുക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആരോപണമുന്നയിച്ചായിരുന്നു രാഹുൽ പ്രസംഗം തുടങ്ങിയത്. മോദി ഇന്ത്യയുടെ ഘടനയെ ദുർബലമാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജിഎസ്ടിയും നോട്ട് നിരോധനവും കർഷക സമരവും മുതൽ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കേരള സർക്കാരിൻറെ നയം വരെ പ്രസംഗത്തിന് വിഷയമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates