പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ file
Kerala

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി; മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

727 കോടിയുടെ അധിക ബാധ്യത; സ്വകാര്യ കമ്പനിയുമായി വഴിവിട്ട കരാർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്താനുള്ള സർക്കാരിന്റെ നീക്കം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുപണം കൊള്ളയടിക്കാനുള്ള ഈ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും സർക്കാർ പുറത്തുവിടണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൃത്യമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, യാതൊരു നീതീകരണവുമില്ലാത്ത കരാറുകളിൽ ഏർപ്പെട്ട് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനം വൈദ്യുതി നൽകാമെന്ന് സമ്മതിച്ചിട്ടും നിശ്ചിത സമയത്ത് മറുപടി നൽകാതെ ഒളിച്ചുകളിച്ച് സ്വകാര്യമേഖലയിലുള്ള കച്ചവടത്തിന് വഴിയൊരുക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കെഎസ്ഇബിയിലെ വഴിവിട്ട നീക്കങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റവും വൻ സാമ്പത്തിക അഴിമതിക്ക് വഴിയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ചുചാടിച്ചാണ് സർക്കാർ ഇത്തരം വിവാദ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാകാൻ സാധ്യത നിലനിൽക്കെ, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം നടക്കുന്നത്. ആവശ്യമില്ലാത്ത പകൽസമയത്ത് വൈദ്യുതി വാങ്ങിക്കൂട്ടുന്ന ഈ നടപടി സംസ്ഥാനത്തിന് 727 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബോർഡും വകുപ്പ് മന്ത്രിയും വിയോജിപ്പ് അറിയിച്ചിട്ടും, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി കരാറുമായി മുന്നോട്ടുപോകുകയാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ ശക്തമായി എതിർത്തതിനാണ് ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും വാർത്തകൾ വ്യക്തമാക്കുന്നു.

ഈ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ലെന്നും നേരത്തെ തന്നെ ഇതുസംബന്ധിച്ച് വൈദ്യുതി മന്ത്രി പ്രതികരിച്ചിരുന്നതാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. പൊതുമേഖലാ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുമെന്നായിരുന്നു അന്നത്തെ ഉറപ്പ്. എന്നാൽ, ആ ഉറപ്പ് കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കുന്ന രീതിയിൽ സ്വകാര്യ കമ്പനികളുമായി വഴിവിട്ട ഇടപാടുകൾ ആസൂത്രണം ചെയ്യുന്നത്. പൊതുപണം കൊള്ളയടിക്കാനുള്ള ഈ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും ബന്ധപ്പെട്ട മുഴുവൻ രേഖകളും സർക്കാർ ഉടൻ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവർത്തിച്ചു.

Opposition Leader Pinarayi Vijayan has launched a scathing attack on the state government, alleging a massive financial scam under the guise of addressing the ongoing power crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ

IHMCT: പ്ലസ് ടു മതി, LDC തസ്തികയിൽ ജോലി നേടാം, മികച്ച ശമ്പളം

നായകൻ സുരാജ്; ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിനു തുടക്കമായി

ഹോണ്ടയുടെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് എസ് യുവി; ഹോണ്ട ആല്‍ഫ ഡിസംബര്‍ രണ്ടിന് വിപണിയില്‍

പിടികൂടിയത് 438 കോടിയുടെ മെഫെഡ്രോണ്‍: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ സലിം ഇസ്മായില്‍ ഡോല അറസ്റ്റില്‍