തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന വി.എം. സുധീരന്റെ പ്രസ്താവന വസ്തുതകൾക്കു നിരക്കാത്തതും ചരിത്രവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിക്കുന്നതിനിടയിലാണ് സുധീരനിൽ നിന്നും ഇങ്ങനെയൊരു പരാമർശം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ മേഖലയ്‌ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കുന്നു.
എന്നാൽ, 2006-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി.
പിന്നീട് 2011-ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് കോടതിയിൽ മനഃപൂർവ്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം പൂർണ്ണമായി നടപ്പിലാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് സാധിച്ചില്ല.
2016-ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023-ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. കേരളത്തിന്റെ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്.
എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ യു.ഡി.എഫ് സർക്കാരുകൾക്കെതിരെ മുൻപ് സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ബാലൻസ് ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ വി.എം. സുധീരനിൽ നിന്നുണ്ടാകുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates