എസ് ജോസഫ് S JOSEPH FACEBOOK
Kerala

'വാര്‍ധക്യത്തില്‍ അപമാനിക്കപ്പെട്ട കവികളെ എനിക്കറിയാം; അതിനാല്‍ ഞാന്‍ കവിതയില്‍നിന്നു പിന്‍വാങ്ങുന്നു'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താന്‍ പതുക്കെപ്പതുക്കെ കവിതയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് കവി എസ് ജോസഫ്. ഇനി സാഹിത്യ പരിപാടികള്‍ക്ക് പഴയതുപോലെ പോകാന്‍ കഴിഞ്ഞെന്നിരിക്കില്ലെന്ന് ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ''സന്തോഷങ്ങള്‍ അസ്തമിച്ചു. കൂടെപ്പാടാന്‍ ഞാന്‍ ഉണ്ടാവില്ല. ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ഞാന്‍ ശിക്ഷ അനുഭവിച്ചു. ഇനി ഒരു നല്ല ജീവിതം ഞാന്‍ ജീവിക്കും. ബുദ്ധനും ക്രിസ്തുവും ജീവിച്ച പോലെ ഒരു നന്മനിറഞ്ഞെ ജീവിതം എനിക്കിനി ജീവിക്കണം.''- കുറിപ്പില്‍ പറയുന്നു.

എസ് ജോസഫ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:

ശാന്തമായ ജീവിതമാണ് ഇപ്പോള്‍ എന്റേത്. മദ്യപാനം ഇല്ല. യാത്രകള്‍ കുറവാണ്. ഇപ്പോള്‍ ലോകത്ത് എനിക്ക് മിത്രങ്ങളോ അമിത്രങ്ങളോ ഇല്ല. ആസക്തികള്‍ ഇല്ല. എല്ലാവരേയും ഒരുപോലെ കാണാനും സ്‌നേഹിക്കാനും ഞാന്‍ പഠിച്ചു. ആശാന്‍ നളിനിയില്‍ പാടിയ പോലെ ' സ്‌നേഹമാണഖിലസാരമൂഴിയില്‍ ' എന്ന അവസ്ഥയിലെത്തി. നളിനി ദിവാകരന്റെ മാറില്‍ കിടന്ന് മരിക്കട്ടെ. ലീല മദനനെ തിരഞ്ഞ് പോകട്ടെ.

ഞാന്‍ ഏതാണ്ട് 16 വയസുമുതല്‍ കവിത എഴുതുന്നു. ഇപ്പോള്‍ 60 ആയി. 45 വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. ഒരു തല്ലിപ്പൊളി ജീവിതമായിരുന്നു എന്റേത്. തിന്മകള്‍ നിറഞ്ഞ, തോന്നിയ പോലുള്ള ജീവിതം കൊണ്ടാണ് ഞാന്‍ 400 ല്‍ അധികം കവിതകള്‍ എഴുതിയത്. എന്റെ കവിതകള്‍ കേരളത്തില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്നില്ല. കുറച്ചു പേരുടെ കവിമാത്രമാണ് ഞാന്‍. ഞാന്‍ ഒരു പോപ്പുലര്‍ കവിയല്ല. (പുതിയ തലമുറയുടെ ഇന്‍സ്റ്റഗ്രാം കവിയല്ല ഞാന്‍.) എന്റെ നിയോഗം അതല്ല. ചിത്രകല, ശില്പകല, ചരിത്രം, സംഗീതം, മതങ്ങള്‍, ഫിലോസഫി, നാടകം, ഫോക് ലോര്‍, ഭാഷാ വ്യാകരണം, സിനിമയുടെ വ്യാകരണം, സൗന്ദര്യശാസ്ത്രം ഇതൊക്കെ എനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ആണ്. എന്റെ കവിതകളില്‍ ഇവയുടെ സ്വാധീനം ഉണ്ടാകാം. എനിക്ക് സ്വന്തമായി ഒരു ഭാഷാസങ്കല്പം ഉണ്ട്. ഒരു പ്രത്യേക സ്‌റ്റൈലൈസേഷന്‍ അതില്‍ ഉണ്ട്. എല്ലാ കവികളേയും ഇഷ്ടമാണെങ്കിലും എല്ലാ കവികളെയും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചു. എനിക്ക് മുകളില്‍ ഒരു കവിയില്ല. ആകാശം മാത്രം. എനിക്ക് താഴെ ഒരു കവിയില്ല. ഭൂമിമാത്രം. കൊട്ട, മേസ്തിരി, കുടപ്പന, ഇടം, പെങ്ങളുടെ ബൈബിള്‍ എന്നിങ്ങനെ ചില കവിതകള്‍ നിങ്ങള്‍ വായിച്ചേക്കാം.

നരകങ്ങളിലൂടെയാണ് ഒരു കവിയുടെ യാത്ര. തിന്മകള്‍, നന്മകള്‍, സാഹസിക പ്രണയം, പ്രണയനഷ്ടങ്ങള്‍, സ്വപ്നങ്ങള്‍, ഭൂതപ്രേതപിശാചുക്കളുമായുള്ള ചങ്ങാത്തം, കല്ലുകളുടെ ഇഷ്ടതോഴന്‍ ഇതെല്ലാം എന്നെ കവിയാക്കി. ചെറുപ്പത്തില്‍ പല തവണ കല്ലു കൊണ്ട് മുറിഞ്ഞ് ചോര ഒഴുകിയ ഒരു ശരീരമാണ് എന്റേത്. To be or not to be ജീവിതത്തിലുടനീളം ഒരു പ്രശ്‌നമായിരുന്നു.

ഞാനിങ്ങനെ പറയാന്‍ കാരണം ഞാന്‍ പതുക്കെപ്പതുക്കെ കവിതയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് സൂചിപ്പിക്കാനാണ്. ഇനി സാഹിത്യ പരിപാടികള്‍ക്ക് പഴയതുപോലെ പോകാന്‍ കഴിഞ്ഞെന്നിരിക്കില്ല. സന്തോഷങ്ങള്‍ അസ്തമിച്ചു. കൂടെപ്പാടാന്‍ ഞാന്‍ ഉണ്ടാവില്ല. ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ഞാന്‍ ശിക്ഷ അനുഭവിച്ചു. ഇനി ഒരു നല്ല ജീവിതം ഞാന്‍ ജീവിക്കും. ബുദ്ധനും ക്രിസ്തുവും ജീവിച്ച പോലെ ഒരു നന്മനിറഞ്ഞെ ജീവിതം എനിക്കിനി ജീവിക്കണം.

ഇന്നത്തെ കവിത ശരിയായ വഴിക്കല്ല പോകുന്നത്. കവിതയില്‍ പൊളിറ്റിക്‌സ് ഇല്ല. കവിത പുതിയൊരു കലാപമാകണം. കവികള്‍ അധികാരത്തിന്റെ ഭാഗമാകരുത്. സ്ഥാനമാനങ്ങള്‍ ത്യജിക്കണം. സ്വാഭാവികതയുള്ള, വൈകാരികതയുള്ള കവിതകള്‍ എഴുതണം. ബുദ്ധിക്കസര്‍ത്ത് നിര്‍ത്തണം. ഗദ്യത്തിലും പദ്യത്തിലും എഴുതണം. നീതി എന്നത് പരസ്പരമുള്ള ഉത്തരവാദിത്വമാണ്. മറ്റുള്ളവര്‍ക്കു അവസരങ്ങള്‍ കൊടുത്ത് നമ്മള്‍ പിന്മാറണം. മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിങ്ങനെ സിനിമയിലെ ആധിപത്യം കവിതയില്‍ വേണ്ട. അവരുടെ ആധിപത്യം മൂലം അവരേക്കാളും കാലത്തിന് ഇണങ്ങുന്ന പുതിയ അഭിനയ രീതികള്‍ ഉള്ളവര്‍ അവഗണിക്കപ്പെട്ടു എന്നത് വലിയ ഒരു നഷ്ടമായിരുന്നു. എന്നിട്ടും സത്യനെ മറികടക്കാന്‍ ആരുമുണ്ടായില്ല? നന്മയില്‍ നസീറിനെയും. ആറ്റൂര്‍ രവിവര്‍മ്മയും അത്തോളി രാഘവനും തുല്യരാണ്. സംശയമുണ്ടെങ്കില്‍ കണ്ടത്തിയോ മധുബനിയോ വായിക്കുക. ജി.ശശി മധുരവേലിയും എ.അയ്യപ്പനും തുല്യരാണ്. അയ്യപ്പപ്പണിക്കരും സുഗതകുമാരിയും തുല്യരാണ്. കൂടുതല്‍ കവിത്വം സുഗതകുമാരിക്കാണ്. വിദ്യ പൂവഞ്ചേരി, നിഷാ നാരായണന്‍, നസീര്‍ കടിക്കാട് എന്നിവരെ ഇനിയും അവഗണിക്കരുത്. ജാതിയും മതവും നോക്കി കവികളെ ബഹുമാനിക്കരുത്. ഞാനാകട്ടെ ബ്രാഹ്മണനും ചണ്ഡാളനുമാണ്. താത്വികമായി ബുദ്ധിസ്റ്റും ക്രിസ്ത്യനും ഹിന്ദുവും മുസ്ലീമുമാണ്. നിരീശ്വരവാദിയും ജൈനനുമാണ്. ചിലനേരം ലൂസിഫറായി ഞാന്‍ മാറും. വായനക്കാര്‍ കവികള്‍ക്ക് തുല്യരാണ്. എന്റെ അറിവിന്‍ ഏറ്റവും വലിയ കവിതാ വായനക്കാരി പ്രെഫ. വി.കെ സുബെദ ടീച്ചര്‍ ആണ്. കവിതയില്‍ നിന്ന് പതുക്കെ പതുക്കെ പിന്‍വാങ്ങിയാല്‍ ആട്ടും തുപ്പും ഏല്‍ക്കാതെ പോകാന്‍ കഴിയും. വാര്‍ധക്യത്തില്‍ അപമാനിക്കപ്പെട്ട കവികളെ എനിക്കറിയാം. അതിനാല്‍ കൈ വീശി വീശി മായുകയാണ്.

Malayalam poet S Joseph says he is withdrawing from writing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT