തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പൊലീസ് മര്‍ദനമെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അശ്വതി കാവുതീണ്ടല്‍ ദിവസം തിരക്കിനിടയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററി ദൃശ്യങ്ങളാണ് ഭക്തനെ പൊലീസ് മര്‍ദിക്കുന്നു എന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസ് അറിയിച്ചു. സംഭവത്തില്‍ എറണാകുളം പച്ചാളം സ്വദേശി സജിന്‍ ബാബുവിനെ പ്രതിയാക്കിയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതീവ പ്രാധാന്യമുള്ള ക്ഷേത്രാചാരങ്ങള്‍ നടക്കുമ്പോള്‍, ദേവസ്വത്തിന്റെ അനുമതിയില്ലാതെയും ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലും ഡോക്യുമെന്ററി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനാണ് ദേവസ്വം മാനേജര്‍ വിനോദ് കുമാറിന്റെ പരാതിയില്‍ ആദ്യത്തെ കേസെടുത്തത്. 2026-ലെ ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ചിത്രീകരണത്തിന് സജിന്‍ ബാബു അനുമതി തേടിയിരുന്നെങ്കിലും, കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് ചിത്രീകരണം നടത്തിയത്.
ഉറഞ്ഞുതുള്ളി വരുന്ന കോമരം പൊലീസുകാരനെ സമീപിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ ചവിട്ടിവീഴ്ത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇത് ഡോക്യുമെന്ററിക്കായി ബോധപൂര്‍വ്വം ചിത്രീകരിച്ച ഒരു സിനിമാറ്റിക് രംഗമാണ് എന്ന് അറിഞ്ഞിട്ടും അത് മറച്ച് വെച്ച് എസ്‌ഐ റാങ്കിലുള്ള പൊലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മില്‍ സംഘര്‍ഷം നടക്കുന്നു' എന്ന തരത്തില്‍ 'റീല്‍സ്' ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെയും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. രണ്ടു കേസുകളിലും കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഇത്തരം വ്യാജ വീഡിയോകള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, ജാതി-മത-രാഷ്ട്രീയ വിദ്വേഷം വളര്‍ത്തുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates