തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസില്‍ പിണറായി വിജയനെതിരായ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം നടത്താനാണ് തീരുമാനമെന്നും ചെന്നിത്തല മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്ന് ഡിജിപി തീരുമാനിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹവാല പോലുള്ള ആരോപണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ ഇഡിക്ക് അവകാശമുണ്ട്. പിഎംഎല്‍എ വകുപ്പിലെ 66 (2) അനുസരിച്ച്, അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ലോ എന്‍ഫോഴ്‌സിങ് ഏജന്‍സിക്ക് കൈമാറുക ഇഡിയുടെ ചുമതലയാണ്. അതനുസരിച്ചാണ് ഇഡി ഡിജിപിക്ക് കത്തു നല്‍കിയതെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഡിജിപിക്ക് കത്തു നല്‍കാല്‍ അത് അവഗണിക്കാന്‍ കഴിയില്ലെന്ന് വിജയ് മണ്ഡല്‍ കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. അതനുസരിച്ച് ആ കത്ത് സര്‍ക്കാരിന് പരിഗണിക്കാതിരിക്കാനാവില്ല. ലളിതകുമാരി കേസുമായി ബന്ധപ്പെട്ട്, 5 കാര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകൂവെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. അഴിമതി കേസും അതില്‍ ഉള്‍പ്പെടും. പ്രാഥമികാന്വേഷണം നടത്തി കൊഗ്‌നിസിബിള്‍ ഒഫന്‍സ് റിവീല്‍ ചെയ്യാതെ എഫ്‌ഐആര്‍ ഇടാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഈ നിയമോപദേശത്തില്‍ അതെല്ലാം ഉള്‍പ്പെടുന്നുണ്ട്. പ്രാഥമികാന്വേഷണമാണോ എന്ന ചോദ്യത്തിന് 'അന്വേഷണം' ആണെന്ന് ചെന്നിത്തല പറഞ്ഞു.
നിർദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കടലാസ് ഒന്നും കിട്ടിയിട്ടില്ല. മറ്റു കാര്യങ്ങളാണ് ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കേസെടുത്ത് അന്വേ,ണം നടത്തണമെന്ന ഇഡി കത്തുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയായില്ലെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസെടുക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകളില്‍, സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും, തീരുമാനം എടുത്താല്‍ ഉടന്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ഡിജിപി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും തനിക്ക് ലഭിച്ചിട്ടില്ല. വിജിലന്‍സ് അന്വേഷണമാണോ, മറ്റേതെങ്കിലും തരം അന്വേഷണമാണോ എന്നതില്‍, സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചശേഷം തീരുമാനിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates