തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിയെ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍. സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ലെന്ന് അയ്യപ്പന്‍ എസ്ഐടിക്ക് മൊഴി നല്‍കിയോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ വരുന്ന പ്രചാരണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്നും രാഹുല്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദൈവത്തിന്റെ അനുമതി ചോദിച്ചില്ലെന്ന കാരണത്താല്‍ ഒരു തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം, അയ്യപ്പന്റെ അനുമതി വാങ്ങാതെയും താന്ത്രിക നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിനു പിന്നാലെയാണ് അനുമതി കിട്ടിയില്ലെന്ന് എസ്ഐടിക്കാര്‍ക്ക് അയ്യപ്പന്‍ മൊഴികൊടുത്തോ എന്ന് രാഹുല്‍ ചോദിച്ചത്. ദൈവത്തിന്റെ അനുമതി കിട്ടിയോ ഇല്ലയോ എന്ന് പറയാനുള്ള ഏക അധികാരം തന്ത്രിക്കാണെന്നും ദൈവവുമായുള്ള ആശയവിനിമയം ധ്യാനത്തിലൂടെയുള്ളതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്ര ഭരണത്തില്‍ രണ്ട് തരത്തിലുള്ള അധികാരങ്ങളാണുള്ളത്. ഒന്ന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഭരണപരമായ കാര്യങ്ങള്‍, രണ്ട് തന്ത്രിയുടെ കീഴിലുള്ള ആത്മീയ/ആചാര കാര്യങ്ങള്‍. ഭരണപരമായ വീഴ്ചകള്‍ ഉണ്ടായെന്ന് പറഞ്ഞ് ആചാരപരമായ കാര്യങ്ങളില്‍ അധികാരമുള്ള തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണെന്നും രാഹുല്‍ പറയുന്നു. 2026-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും, സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെയുള്ള വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും തന്ത്രിയെ ബലിയാടാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. തന്ത്രിക്കെതിരെ തയ്യാറാക്കിയിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് തികച്ചും ദുര്‍ബലവും വൈരുധ്യങ്ങള്‍ നിറഞ്ഞതുമാണെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലവിലെ അന്വേഷണം നടക്കുന്നത്. ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നല്‍കിയ ഒമ്പതോളം ഇടക്കാല വിധിന്യായങ്ങളില്‍ ഒരിടത്തുപോലും തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ പരാമര്‍ശങ്ങളില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates