കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

പാര്‍ട്ടിയില്‍ ഐക്യമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയേ തീരു എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന് വഴങ്ങി ദീപാദാസ് മുന്‍ഷിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ നേതാക്കള്‍ ഒന്നായി മാധ്യമങ്ങളെ കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശന്‍ എന്നീ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ചരിത്ര വിജയം നേടിയിട്ടും അതിന്റെ ശോഭ കെടുത്തുന്ന രീതിയിലാണ് മൂവരും പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയിട്ടും നേതാക്കള്‍ അതില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാതെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയെന്നും രാഹുല്‍ പറഞ്ഞു. വിഡി സതീശനാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിയില്‍ ഐക്യമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയേ തീരു എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന് വഴങ്ങി ദീപാദാസ് മുന്‍ഷിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ നേതാക്കള്‍ ഒന്നായി മാധ്യമങ്ങളെ കണ്ടു. കേരളത്തിലെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് മൂന്നു നേതാക്കളും സംയുക്ത പ്രഖ്യാപനം നടത്തി.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗ്, ജമാ അത്തെ പ്രവര്‍ത്തകര്‍ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സജീവമായി രംഗത്തിറങ്ങിയതാണ് സതീശനെതിരെ രാഹുല്‍ ഗാന്ധിയുടെ അതിരൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സതീശനായി രംഗത്തെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായായിരുന്നു. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കൂടാതെ ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയ സതീശന് സ്വീകരണം ഒരുക്കിയതില്‍ എംഎസ്എഫ് പ്രവര്‍ത്തകരാണെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അത്തരമൊരു സാഹചര്യം സതീശന്‍ ബോധപൂര്‍വം ഉണ്ടാക്കിയെന്നുമാണ് രാഹുലിന്റെ വിമര്‍ശനം.

പ്രവര്‍ത്തകര്‍ തെരുവിലറങ്ങുന്ന സാഹചര്യം ഉണ്ടായിട്ടും അത് തടയാന്‍ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ കെസി വേണുഗോപാല്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് കെസി വേണുഗോപാലിനെതിരെ ഉയര്‍ന്നത്. പാര്‍ട്ടിയില്‍ അനൈക്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് ദോഷകരമാകുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം മതി മുഖ്യമന്ത്രിയെന്ന നിലപാട് കേരള നേതാക്കളെ ഹൈക്കമാന്‍ഡ് അറിയിച്ചു. രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവരില്‍ നിന്ന് അവര്‍ക്ക് പറയാനുള്ളതെല്ലാം നേതാക്കന്‍മാര്‍ കേട്ടു. ഇനി ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ടാവില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കള്‍ അറിയിച്ചു.

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ ഉറവിടം ഉള്‍പ്പടെ കെസി വേണുഗോപാല്‍ നേതൃത്വത്തെ അറിയിച്ചു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കാണോ, അയാളെ മുഖ്യമന്ത്രിയാക്കണമെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ ഉള്‍പ്പടെ ബാധിക്കുമെന്നും, ഇനി മറ്റിടങ്ങളില്‍ അധികാരത്തിലെത്തിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് കെസി നേതൃത്വത്തെ ധരിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ജനഹിതവും മാനിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണമെന്ന് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഘടകക്ഷികളെ കൂടി കേള്‍ക്കണം. മുന്നണി മര്യാദ പാലിക്കണമെന്നും സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.

നേരത്തെ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ഹൈക്കമാന്‍ഡിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിക്ക് കൊടുത്തതെന്ന് രമേശ് പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തനിക്ക് മറ്റൊരു അവസരം ഉണ്ടാകില്ലെന്നും കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് തന്നെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണമെന്ന് ചെന്നിത്തലയും നേതാക്കളെ അറിയിച്ചു.

ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ദീപാ ദാസ് മുന്‍ഷി, എഐസിസിയുടെ നിരീക്ഷകര്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഇവര്‍ മൂന്നു നേതാക്കളുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിഡി സതീശനും സണ്ണി ജോസഫും ഇന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും. രമേശ് ചെന്നിത്തല നാളെയാകും കേരളത്തിലേക്ക് തിരിക്കുക.

Rahul Gandhi lashes out at V.D. Satheesan in High Command meeting over CM selection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'സിപിഎം ക്രോസ് വോട്ടിങ് നടത്തി'; ആരോപണവുമായി ജോസ് കെ മാണി

1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ' ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴ; മുന്നറിയിപ്പ്

കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

SCROLL FOR NEXT