പാണക്കാട് സാദിഖലി തങ്ങൾ, രാഹുൽ ​ഗാന്ധി  ഫയൽ
Kerala

ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ; വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും, മുസ്‌ലിം ലീഗ് മൗനത്തിൽ

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച മുസ്‌ലിം ലീഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: ഇസ്രയേലുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം കേരളത്തിൽ രാഷ്ട്രീയ വിവാദമാകുന്നു. രാഹുലിന്റെ നിലപാടിനെതിരെ ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും ശക്തമായ വിമർശനവുമായി രംഗത്തെത്തി. എന്നാൽ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച മുസ്‌ലിം ലീഗ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമാണ് രാഹുലിന്റെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിൽ നടന്ന സംവാദത്തിനിടെ ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തണമെന്ന രാഹുലിന്റെ പരാമർശമാണ് വിമർശനത്തിന് ഇടയാക്കിയത്.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാഹുലിന്റെ പരാമർശം അംഗീകരിക്കാനാകാത്തതാണെന്ന് മുജീബ് റഹ്മാൻ പറഞ്ഞു. ഗാസയിൽ വംശഹത്യ നടക്കുമ്പോൾ ഇസ്രയേലുമായുള്ള ആയുധവ്യാപാരത്തെ തന്ത്രപ്രധാന താൽപര്യമായി അവതരിപ്പിക്കുന്നത് അവിടത്തെ മനുഷ്യക്കുരുതിയെ നിസ്സാരവത്കരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചുപോന്ന നിലപാടുകളിൽനിന്നുള്ള പിന്മാറ്റം രാഷ്ട്രീയമായി ആത്മഹത്യാപരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിലെ വംശഹത്യക്കെതിരെ പ്രതിപക്ഷം വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇസ്രയേലുമായുള്ള സൈനിക, ആയുധ കരാറുകൾ റദ്ദാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എക്സിലെ കുറിപ്പിലൂടെയായിരുന്നു പിണറായി വിജയന്റെ വിമർശനം. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് രാഹുലിന്റെ പരാമർശത്തിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗാസയിലെ ഇസ്രയേൽ നടപടികളെ എതിർക്കുമ്പോഴും ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധ നിലപാടിലും പലസ്തീൻ ഐക്യദാർഢ്യത്തിലും ഉറച്ചുനിന്ന ജവഹർലാൽ നെഹ്റുവിന്റെ വിദേശനയ പാരമ്പര്യത്തെയും രാഹുലിന്റെ നിലപാട് ദുർബലപ്പെടുത്തുന്നതാണെന്ന് പിണറായി വിമർശിച്ചു.

അതേസമയം, വിഷയത്തിൽ മുസ്‌ലിം ലീഗിന്റെ മൗനം രാഷ്ട്രീയമായി ശ്രദ്ധേയമായിട്ടുണ്ട്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത പാർട്ടിയാണ് ലീഗ്. എന്നാൽ, രാഹുൽ ഗാന്ധിയുടെ പുതിയ പരാമർശത്തിൽ പാർട്ടി നേതൃത്വം ഇതുവരെ പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ചിക്കാഗോ സർവകലാശാലയിലെ സംവാദത്തിനിടെ ഇന്ത്യയുടെ വിദേശനയം മറ്റ് രാജ്യങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചല്ല, സ്വന്തം ദേശീയ താൽപര്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കണമെന്നായിരുന്നു രാഹുലിന്റെ നിലപാട്. ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശക്തിപ്പെടുത്തണമെന്നും അതേസമയം ഗാസയിലെ ഇസ്രയേൽ നടപടികളെ വിമർശിക്കുന്നതിൽ അതൊരു തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Rahul Gandhi's remark on strengthening ties with Israel sparks controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

വാട്സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യണമെന്ന് മുന്നറിയിപ്പ്, ജെന്‍സണ്‍ ഹുവാങ് വീണ്ടും എന്‍വിഡിഎ തലപ്പത്ത്; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

മണൽകാറ്റിൽ കണ്ണിൽ പൊടി കയറി, എന്നിട്ടും ഡിക്യു അടിപൊളിയാക്കി; 'എഒടി'യുടെ വിശേഷങ്ങളുമായി ഛായാഗ്രാഹകൻ സുജിത് സാരംഗ്

അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍; ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, നൂറോളം പേര്‍ ആശുപത്രിയില്‍

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിൽ നിരോധനാജ്ഞ; വിനോദസഞ്ചാരത്തിനും വിലക്ക്