യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ, രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിരസിച്ചതോടെ, പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വ. ടി ഗീനാകുമാരിയെ കുറിച്ച് തിരയുകയാണ് മലയാളികൾ. കേരളം ചർച്ച ചെയ്ത ഒട്ടേറെ കേസുകൾ വാദിച്ച അഭിഭാഷകയാണ് ഗീന. എസ്എഫ്ഐ യുടെ പഴയ പുലിക്കുട്ടി, കൂത്തുപറമ്പ് കേസിൽ അന്നത്തെ സർക്കാരിനെ വിറപ്പിച്ച വിപ്ലവനായിക, നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി പിഎച്ഡി നേടിയ വ്യക്തി വിശേഷണങ്ങൾ ഏറെയാണ് ഗീനയ്ക്ക്.
വിദ്യാർഥി കാലം മുതലേ രാഷ്ട്രീയയത്തിൽ സജീവ സാന്നിധ്യമായിരുന്നു ഗീനാകുമാരി. 1990കളുടെ ആദ്യകാലത്ത് നിലമേൽ എൻഎസ്എസ് കോളജിൽ ഗണിതത്തിൽ ബിരുദ വിദ്യാർഥിയായിരിക്കെ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു. തുടർന്ന് കേരള ലോ അക്കാദമിയിൽ നിന്ന് എൽഎൽബിയും കേരള സർവകലാശാലയിൽ നിന്നുതന്നെ എൽഎൽഎമ്മും നേടി.
1993ൽ യൂണിവേഴ്സിറ്റി യൂണിഫൈഡ് ആക്റ്റിനെതിരെയും, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റുന്നതിനെതിരെയും സമരം ചെയ്തവരിൽ പ്രധാനിയായിരുന്നു ഗീന. സമരത്തിൽ ഗീനയ്ക്ക് പരിക്ക് പറ്റുകയും വലതുകൈ ഒടിയുകയും ചെയ്തു.
1994ൽ കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത ഗീനയ്ക്കു പൊലീസ് മർദ്ദനമേറ്റിരുന്നു. 29 വർഷങ്ങൾക്കു ശേഷം, അന്ന് മർദ്ദിച്ച പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജോർജ് ജീനയെ കണ്ടതും ക്ഷമാപണം നടത്തിയതും വാർത്തകളിൽ ഇടം പിടിച്ചു.
2021 ൽ തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്ന 32കാരനെ 11 പേര് ചേർന്ന് കൊലപ്പെടുത്തിയ കേസിൽ, ഗീനാകുമാരി ആയിരുന്നു ജില്ലാ ഗവണ്മെന്റ് പ്ലീഡർ. നാല് വർഷത്തോളം നീണ്ടുനിന്ന വാദത്തിനിടയിൽ 84 ഓളം ദൃക്‌സാക്ഷികളെയാണ് വിചാരണ ചെയ്തത്. ഏറെ ചർച്ച ചെയ്യപ്പെട്ട ആ കേസിൽ പ്രതികളായ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി ഈ വർഷം മെയിൽ കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. 2020ലെ വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകവും വാദി ഭാഗത്തിനുവേണ്ടി വാദിച്ചത് ഗീനയാണ്.
ഏറ്റവുമൊടുവിൽ നവംബർ 29 നു വിധി വന്ന മനോരമ വധകേസിലും, അഭിഭാഷകയായി എത്തിയത് ഗീനാകുമാരി തന്നെ. പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം വഞ്ചിയൂർ അതിവേഗ കോടതി നൽകിയത്. അഡിഷണൽ ഗവണ്മെന്റ് പ്ളീഡർ, പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികകളിലും ഗീന നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates