പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ബലാല്‍സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കം ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാവുന്നത്. പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യന്‍സി ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പഴുതടച്ച നീക്കത്തിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഗര്‍ഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിള്‍ ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി. പക്ഷെ, ഡിഎന്‍എ പരിശോധനയോട് രാഹുല്‍ സഹകരിച്ചില്ല. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.
തന്നെ വിട്ട് പോകാതിരിക്കാന്‍ ഒരു കുഞ്ഞ് വേണം എന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ പറഞ്ഞു. നേരില്‍ കാണാന്‍ രാഹുല്‍ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റില്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ പൊതുപ്രവര്‍ത്തകന്‍ ആയതിനാല്‍ പൊതുവിടത്തില്‍ കാണാന്‍ ആകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞു. റൂമില്‍ എത്തിയപാടെ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.
തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഓവുലേഷന്‍ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിന് ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറയുകയാണുണ്ടായത്. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് അധിഷേപിച്ചു. അതില്‍ മനം നൊന്താണ് ഡിഎന്‍എ പരിശോധനക്കായി പോയത്. പിന്നാലെ രാഹുലിന്റെ ഭാഗത്ത് നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള കടുത്ത സമ്മര്‍ദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും തന്നെ കടുത്ത ശാരീരിക, മാനസിക സമര്‍ദത്തില്‍ ആക്കിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
തുടര്‍ന്ന് ഗര്‍ഭം അലസി. അബോര്‍ഷന്‍ വിവരം പറയാന്‍ വിളിച്ചപ്പോള്‍ രാഹുല്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇ-മെയിലിനും മറുപടിയില്ലായിരുന്നു. ഒടുവില്‍ രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു. കടുത്ത ശാരീരിക, മനസിക പ്രശ്‌നങ്ങള്‍ താന്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ രാഹുല്‍ വീണ്ടും ബന്ധപ്പെട്ടു. തകര്‍ന്നിരുന്ന തന്നോട് വീണ്ടും അടുപ്പത്തിന് ശ്രമിച്ചു. ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നല്‍കി. പാലക്കാട് ഒരു ഫ്‌ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു.
ഫ്‌ലാറ്റ് വാങ്ങല്‍ നടന്നില്ല. എങ്കിലും പലപ്പോഴായി രാഹുല്‍ തന്നില്‍ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയെന്നും യുവതി പറയുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വാങ്ങി നല്‍കി. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നപ്പോ അതില്‍ വസ്തുതയുണ്ടെന്ന് മനസ്സിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുല്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും രാഹുല്‍ ഭീഷണി മുഴക്കിയെന്നും പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates